ബഫർ സോൺ: വിശ്രമിക്കാൻ സമയമില്ല
2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി വന്നു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അതിന്റെ ഭയാനകാവസ്ഥ സർക്കാരിനുപോലും പിടികിട്ടിയത്. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്തതിന്റെ പേരിലുണ്ടായ വലിയ പിഴകൾ ആവർത്തിക്കരുതെന്ന് ആവർത്തിച്ചു പറയട്ടെ. ഇനിയും പിഴച്ചാൽ ഈ സർക്കാരിനു മാപ്പില്ലെന്നു മാത്രമല്ല, കേരളത്തിന്റെ മാപ്പിൽ കർഷകന്റെ ഭൂമിയുണ്ടാകില്ലെന്നുമോർക്കണം.
വന്യമൃഗങ്ങളും വനപാലകരും കപടപരിസ്ഥിതിവാദികളും സർക്കാരിന്റെ കെടുകാര്യസ്ഥതയും ചവിട്ടിമെതിച്ച കർഷകന്റെ അതിജീവനവഴിയിലെ ഏറ്റവും പുതിയ വാരിക്കുഴിയാണ് കരുതൽ മേഖല അഥവാ ബഫർ സോൺ. അതിന്റെ പേരിൽ വനാതിർത്തിയിലെ കർഷകന്റെ നെഞ്ചിലാളിയ തീയണയ്ക്കാൻ ഒരവസരംകൂടി തന്നിട്ടുണ്ട് സുപ്രീംകോടതി. വന്യജീവികളുടെ പാതിവിലയെങ്കിലും മനുഷ്യർക്കു കൊടുക്കുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ ഈയവസരം കളഞ്ഞുകുളിക്കരുത്.
രാജ്യത്തെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ചുരുങ്ങിയത് ഒരു കിലോമീറ്റർ വായുദൂരത്തിലുള്ള പ്രദേശം ബഫർ സോൺ ആയി സംരക്ഷിക്കണമെന്ന 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി ഇടിത്തീപോലെയാണ് വനാതിർത്തികൾക്കടുത്തുള്ള കർഷകർക്കുമേൽ വീണത്. ബഫർ സോൺ ആകാനിടയുള്ള മിക്ക സ്ഥലങ്ങളിലും കർഷകർ തിങ്ങിപ്പാർക്കുകയാണ്. വീടുകളും കടകളും സ്കൂളുകളും ആശുപത്രികളുമെല്ലാം വനത്തിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷയ്ക്കായി വിട്ടുകൊടുക്കേണ്ടിവരുമെന്നും തങ്ങൾ അഭയാർഥികളാകേണ്ടിവരുമെന്നുമുള്ള ആശങ്ക ലക്ഷക്കണക്കിനു കർഷകരെ തളർത്തിക്കളഞ്ഞു. അത്തരം ആശങ്കകൾക്ക് താത്കാലികമായെങ്കിലും ആശ്വാസമായ വിധിയാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ 26ന് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്. ബഫർ സോണ് രൂപീകരിക്കുന്നതിൽ എല്ലായിടത്തും ഏകീകൃത മാനദണ്ഡം നിശ്ചയിക്കാനാകില്ലെന്നാണ് ആ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. ഒരു കിലോമീറ്റർ കരുതൽമേഖല നിർബന്ധം എന്ന ഉത്തരവു തിരുത്തുകയും ചെയ്തു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രം നാഥ്, സഞ്ജയ് കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച്.
കോടതി വിധിയനുസരിച്ച്, കരുതൽമേഖലയുടെ ഏറ്റവും ചുരുങ്ങിയ വിസ്തൃതിയിൽ പൊതുതാത്പര്യം മുൻനിർത്തി തീരുമാനമെടുക്കാം. പക്ഷേ, ഇക്കാര്യം നിർണയിക്കുന്പോൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും കേന്ദ്ര ഉന്നതാധികാര സമിതിയുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി തേടണം. സമിതിയും മന്ത്രാലയവും തങ്ങളുടെ ശിപാർശകൾ കോടതിയിൽ സമർപ്പിക്കണം.
കോടതി അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അതിനർഥം ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെങ്കിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നാണ്. അവസാന നിമിഷം എന്തെങ്കിലും രേഖകളും റിപ്പോർട്ടുകളുമൊക്കെ തട്ടിക്കൂട്ടി കേന്ദ്രത്തിലേക്കും കോടതിയിലേക്കും വിയർത്തൊലിച്ചു പോകുന്ന സർക്കാർ ശൈലി ഇനിയുണ്ടാകരുത്. നിർണായക സമയങ്ങളിലൊന്നും കർഷകരുടെ പക്ഷത്തു നിന്നിട്ടില്ലാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള തീരുമാനങ്ങളാണ് ഇത്തവണയും ഉണ്ടാകുന്നതെങ്കിൽ തിരിച്ചടി ഉറപ്പാണ്. കാരണം, കർഷകന് തന്റെ വീടും കുടിയും സംരക്ഷിക്കാൻ ഇനിയൊരവസരം ഉണ്ടാകില്ല.
1991ൽ ബഫർ സോണായി പ്രഖ്യാപിച്ച, തമിഴ്നാട് ഗൂഡല്ലൂരിലെ വനാതിർത്തി പ്രദേശങ്ങളിൽ സംഭവിച്ചത് എന്താണെന്ന് നാം കണ്ടതാണ്. കർഷകരുടെ മണ്ണ് വന്യമൃഗങ്ങൾക്കു തീറെഴുതിക്കൊടുത്ത് ജന്തുസ്ഥാനാക്കിയ ആ നാട്ടിലെ മനുഷ്യർ ഈ രാജ്യത്തെ ഏറ്റവും നിർഭാഗ്യവാന്മാരായ മനുഷ്യക്കോലങ്ങളായി മാറി.
പരിസ്ഥിതി റിപ്പോർട്ടുകളുടെ പേരിലുള്ള ഏതൊരു നാശവും വനാതിർത്തിയിലും മലയോരങ്ങളിലുമുള്ള കർഷകർക്കു മാത്രമാണ്. ഒരു മന്ത്രിയുടെയോ ജനപ്രതിനിധിയുടെയോ ന്യായാധിപന്റെയോ വനംവകുപ്പ് ഉദ്യോഗസ്ഥന്റെയോ പരിസ്ഥിതിക്കാരുടെയോ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടിട്ടില്ല. അവരിൽ ഒരാളും ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടിട്ടില്ല, അവരുടെ മക്കളെയൊന്നും കടുവ കടിച്ചു കീറിയിട്ടില്ല, വീടുകൾ തവിടുപൊടിയായിട്ടില്ല, ചോര നീരാക്കിയ വിളകൾ ചവിട്ടിമെതിക്കപ്പെട്ടിട്ടില്ല... ഒരു പുൽക്കൊടിയും നഷ്ടപ്പെട്ടിട്ടില്ല. കാരണം, സുരക്ഷിത മേഖലകളിലിരുന്നാണ് അവർ കർഷകരുടെ വിധി നിർണയിച്ചത്. ബഫർ സോൺ വിഷയത്തിലെങ്കിലും സമയബന്ധിതമായ സർക്കാർ നടപടികളുണ്ടാകണം.
2002 മുതൽ 2023 വരെയുള്ള ബഫർ സോണ് നിർദേശങ്ങളും കോടതിവിധികളും പഠിച്ച് പ്രവർത്തിക്കാൻ ഒരു നിമിഷം വൈകരുത്. 2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 24 പേജുള്ള ബഫർ സോൺ മാർഗനിർദേശങ്ങൾ ഈ വിഷയത്തിലെ ഏറ്റവും നിർണായക രേഖയാണ്. ഇതനുസരിച്ചു രൂപീകരിക്കുന്ന സമിതി ബഫർ സോണാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സ്ഥലങ്ങളിലും വീടുവീടാന്തരം കയറി താമസക്കാരുടെയും കൃഷിക്കാരുടെയും ബിസിനസുകാരുടെയും വ്യവസായങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും അടക്കം വിശദാംശങ്ങൾ തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏതൊക്കെ പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളാക്കണമെന്ന് നിർദേശിക്കേണ്ടതെന്നും 2022 ജൂണ് മൂന്നിലെ സുപ്രീംകോടതി വിധിയിലുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ പത്തിരട്ടി ജനസാന്ദ്രതയാണ് കേരളത്തിൽ. അതിനാൽ ഒരിഞ്ചു കൃഷിഭൂമിപോലും നഷ്ടപ്പെടുത്താതിരിക്കാനുള്ള ഒടുവിലത്തെ അവസരം സർക്കാർ പാഴാക്കരുത്. ഉള്ളതു പറഞ്ഞാൽ, കേരളത്തിലെ കർഷകരുടെ ആശങ്ക, സുപ്രീംകോടതിയുടെ തീരുമാനം പോലും വനം മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും അട്ടിമറിക്കുമോയെന്നാണ്. കോർപറേഷനും മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ട 106 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ ലക്ഷക്കണക്കിനു ജനങ്ങളാണ് ബഫർ സോൺ പരിധിയിലുള്ളത്. അവരുടെയും മക്കളുടെയും ഭാവി നിർണയിക്കുന്ന വിൽപ്പത്രമാണ് തയാറാക്കുന്നതെന്ന ബോധ്യം സർക്കാരിനുണ്ടാകണം. അതനുസരിച്ച് ഗൃഹപാഠം ചെയ്ത് അടിയന്തരമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണം.
അതിനുമുന്പായി, കേരളത്തിലെ എല്ലാ കരുതൽ മേഖലകളുടെയും വിശദാംശങ്ങൾ 106 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലും അടിയന്തരമായി പ്രസിദ്ധീകരിക്കണം. വനാതിർത്തിയും കരുതൽമേഖലാതിർത്തിയും വിഭജിച്ചുകൊണ്ടുള്ള മാപ്പിൽ കരുതൽ മേഖലയിലെ മുഴുവൻ ഭൂമിയുടെയും വിശദമായ മാപ്പും സർവേ നന്പരും ഡിവിഷൻ, സബ്ഡിവിഷൻ നന്പരും ഉൾപ്പെടുത്തണം. അങ്ങനെ, അതാതു പഞ്ചായത്തുകൾക്ക് കരുതൽ മേഖലയിലെ ഓരോ നിർമിതിയുടെയും കണക്കെടുക്കാനും അവ ചൂണ്ടിക്കാണിക്കാനും കഴിയും. അതിനാണ് രാഷ്ട്രീയ നയരൂപീകരണ സമിതിയും സർക്കാർ സെക്രട്ടറിതല സമിതിയും അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.
2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി വന്നു രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അതിന്റെ ഭയാനകാവസ്ഥ സർക്കാരിനുപോലും പിടികിട്ടിയത്. ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്തതിന്റെ പേരിലുണ്ടായ വലിയ പിഴകൾ ആവർത്തിക്കരുതെന്ന് ആവർത്തിച്ചു പറയട്ടെ. ഇനിയും പിഴച്ചാൽ ഈ സർക്കാരിനു മാപ്പില്ലെന്നു മാത്രമല്ല, കേരളത്തിന്റെ മാപ്പിൽ കർഷകന്റെ ഭൂമിയുണ്ടാകില്ലെന്നുമോർക്കണം. കർഷകരും അവരുടെ സംഘടനകളും കർഷക പക്ഷത്തുള്ള മാധ്യമങ്ങളും ജനപ്രതിനിധികളുമൊക്കെ കൈ കോർക്കേണ്ട സമയമാണിത്. കാൽച്ചുവട്ടിലെ മണ്ണ് ഉറപ്പാക്കിയിട്ടു മതി വിശ്രമം.