പ്രണയമറയിലെ ക്രിമിനലുകളെ തിരിച്ചറിയുക
പ്രണയം നിരസിച്ചാലുടനെ കത്തിയെടുക്കുന്നവരും അവരുടെ പുത്തൻ പതിപ്പായ സോഷ്യൽ മീഡിയ ആക്രമണകാരികളുമൊക്കെ വർധിക്കുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2021ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ 29,193 കൊലപാതകങ്ങളിൽ 3,031 എണ്ണവും പ്രണയവുമായി ബന്ധപ്പെട്ടാണെന്നാണ്. മറ്റു കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞപ്പോഴാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്.
പ്രണയത്തിനും സൗഹൃദത്തിനും കുറ്റകൃത്യങ്ങളുമായി പുലബന്ധം പോലുമില്ല. ഉണ്ടാകാൻ പാടില്ല. പക്ഷേ, പുറത്തുവരുന്ന പല വാർത്തകളും വിരൽ ചൂണ്ടുന്നത് പ്രണയമെന്ന നാട്യത്തിൽ ആരംഭിച്ച് കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിക്കുന്ന കുറ്റകൃത്യങ്ങളിലാണ്. ആൺ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ആതിരയെന്ന പെൺകുട്ടിയും ഇത്തരം കപടനാട്യങ്ങളുടെ ഇരയാവാം. ഇത്തരം കെണികളിൽ കുടുങ്ങിയിരിക്കുന്നതും കുടുങ്ങാനിരിക്കുന്നതുമായ കൗമാരക്കാർക്കും യുവാക്കൾക്കുമുള്ള മുന്നറിയിപ്പുമാണ്. ജീവൻപോലും പണയം വച്ചുള്ള ഈ കളി സൗഹൃദമോ പ്രണയമോ അല്ല, കുറ്റവാളികളൊരുക്കുന്ന കുരുക്കാണ്. ഇനിയൊരാളും ഇത്തരം കുരുക്കിൽ വീഴാതിരിക്കണമെങ്കിൽ കുട്ടികളും മാതാപിതാക്കളും സമൂഹവും സർക്കാരും ജാഗ്രത പുലർത്തണം.
കോട്ടയം കോതനല്ലൂരിലെ അരുൺ വിദ്യാധരനെന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ സൈബർ ആക്രമണങ്ങളാണ് അതേ നാട്ടുകാരിയും സുഹൃത്തുമായ ആതിരയുടെ ജീവനെടുത്തതെന്നാണ് സൂചനകൾ. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് രണ്ടു വർഷം മുന്പ് ആതിര അയാളിൽനിന്ന് അകലാൻ തുടങ്ങിയത്. പെട്ടെന്ന് അയാൾ തനിനിറം പുറത്തെടുത്തു. സോഷ്യൽ മീഡിയകളിലൂടെ അപമാനിക്കാനായിരുന്നു ശ്രമം. ആതിരയ്ക്കു വിവാഹാലോചന വന്നതോടെ വ്യക്തിപരമായ ഫോട്ടോകളും സമൂഹമാധ്യമങ്ങളിലെ സംഭാഷണങ്ങളുമൊക്കെ പുറത്തുവിട്ടു. ആതിരയും വീട്ടുകാരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെതുടർന്നു പോലീസ് അരുണിനെ വിളിക്കുകയും അടുത്ത ദിവസം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷവും അയാൾ സൈബർ ആക്രമണം തുടർന്നു. മാനസികമായി തകർന്ന ആതിരയെ പിന്നീടു കണ്ടത് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ്.
അരുണിനെപ്പോലെയുള്ളവർ ശരിക്കും സുഹൃത്താണോ? ഒരിക്കലുമല്ല. അയാൾ ക്രിമിനലാണ്. കുറ്റവാളിയുടെ മനസ് ഇത്തരക്കാർ തന്ത്രപൂർവം ഒളിപ്പിച്ചുവയ്ക്കും. സുഹൃദ് ബന്ധങ്ങളും പ്രണയവുമൊന്നും കുറ്റകൃത്യങ്ങളല്ല. പക്ഷേ, വിവേകശൂന്യമായ പ്രണയം ജീവനെടുക്കുന്ന കാഴ്ച വർധിക്കുകയാണ്. പ്രണയം നിരസിച്ചാലുടനെ കത്തിയെടുക്കുന്നവരും അവരുടെ പുത്തൻ പതിപ്പായ സോഷ്യൽ മീഡിയ ആക്രമണകാരികളുമൊക്കെ വർധിക്കുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2021ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ 29,193 കൊലപാതകങ്ങളിൽ 3,031 എണ്ണവും പ്രണയവുമായി ബന്ധപ്പെട്ടാണെന്നാണ്. ആകെ കൊലപാതകങ്ങളിൽ 10 ശതമാനത്തിലേറെയും പ്രണയത്തിന്റെയും അവിഹിത ബന്ധങ്ങളുടെയും പേരിലാണ്. 2010 മുതൽ 2014 വരെയുള്ള കാലയളവിൽ ഇത്തരം കൊലപാതകങ്ങൾ ആകെയുള്ളതിന്റെ ഏഴ് മുതൽ എട്ടു ശതമാനം വരെയായിരുന്നെങ്കിൽ 2016-20 കാലഘട്ടത്തിൽ ഇത് 10 മുതൽ 11 വരെ ശതമാനമായി വർധിച്ചു. മറ്റു കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞപ്പോഴാണ് പ്രണയ കൊലപാതകങ്ങൾ വർധിച്ചത്.
പെൺകുട്ടികൾ ഇത്തരം പ്രണയങ്ങളെക്കുറിച്ച് സ്വന്തം മാതാപിതാക്കളോടോ മുതിർന്ന സഹോദരങ്ങളോടോ പറഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്ന നിരവധി കേസുകളുമുണ്ട്. അപകടകരമായ സ്ഥിതിയിലെത്തുന്പോൾ മാത്രമാണ് പലരും വീട്ടിലറിയിക്കുന്നത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകും. പ്രണയമെന്നു നടിച്ച് അടുത്തുകൂടുന്ന പലരും സ്വഭാവവൈകല്യമുള്ളവരും മയക്കുമരുന്നിനടിമകളും കുറ്റവാളികളുമൊക്കെയാകാം. അവരുടെ സൗന്ദര്യവും വേഷവിധാനവും പെരുമാറ്റ രീതികളും ഉൾപ്പെടെയുള്ള കെട്ടുകാഴ്ചകളൊന്നും യഥാർഥ സ്വഭാവത്തെ പ്രദർശിപ്പിക്കണമെന്നില്ല. ലൈംഗിക ചുഷണത്തിലും ആക്രമണത്തിലും കൊലപാതകത്തിലും ആത്മഹത്യയിലുമൊക്കെ ഇത്തരം ബന്ധങ്ങൾ അവസാനിക്കുന്പോൾ മാതാപിതാക്കളും ഉറ്റ ബന്ധുക്കളുമല്ലാതെ, ഇതിനെയൊക്കെ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളെയും സ്വാതന്ത്ര്യവാദികളെയുമൊന്നും പൊടിയിട്ടാൽ കാണില്ല. പ്രണയം നിരസിച്ചതിന്റെ പേരിൽ പട്ടാപ്പകൽ കാമുകിയെ കുത്തിക്കൊന്ന കേസുകൾ കേരളത്തിലെ കോളജുകളിലും അരങ്ങേറിയിട്ടുണ്ട്. പ്രണയം നിരസിക്കാനുള്ള സ്വാതന്ത്ര്യം പോലും കാമുകിക്കു കൊടുക്കാത്ത മനോരോഗികളും മതഭ്രാന്തരും മയക്കുമരുന്നടിമകളുമൊക്കെ കാമുകരെന്ന പട്ടം ചൂടി വിലസുന്നത് അറിയാതെപോകരുത്.
ഇത്തരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം കുടുംബങ്ങളും സമൂഹവും സർക്കാരും ഏറ്റെടുക്കേണ്ടതുണ്ട്. സുഹൃദ്ബന്ധങ്ങളും പ്രണയവുമൊക്കെ വീട്ടിൽ തുറന്നുപറയാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും മക്കൾക്കു കൊടുക്കാൻ മാതാപിതാക്കൾ തയാറാകണം. യഥാർഥ സൗഹൃദങ്ങൾ എന്താണെന്നും സ്ത്രീകളോടു പെരുമാറേണ്ടതെങ്ങനെയെന്നുമൊക്കെ ആൺകുട്ടികളെ സ്കൂൾ തലത്തിൽ തന്നെ പഠിപ്പിക്കണം. മതപഠനക്ലാസുകളിലും ഇതുണ്ടാകണം. കൗമാരപ്രായക്കാർക്കും യുവാക്കൾക്കും കാര്യങ്ങൾ തുറന്നു പറയാനുള്ള സൗകര്യം സ്കൂൾ-കോളജ് തലത്തിൽ ഒരുക്കാം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായവർ പോലീസിലും ഉണ്ടാകണം.
അമേരിക്കൻ എഴുത്തുകാരനും എയ്റോനോട്ടിക്കൽ എൻജിനീയറുമായ റോബർ എ. ഹൈൻലൈൻ പറയുന്നത്, മറ്റൊരാളുടെ സന്തോഷം നമുക്കു പ്രധാനപ്പെട്ടതാകുന്ന അവസ്ഥയാണ് സ്നേഹം എന്നാണ്. പക്ഷേ, പ്രണയത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സ്വന്തം സന്തോഷമല്ലാതെ മറ്റൊന്നിനും വില കൊടുക്കാത്തവരാണ്. അത്തരം ക്രിമിനലുകളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ആതിരമാർ ഇനിയുമുണ്ടാകും. പാടില്ല, പെൺകുട്ടികളെ കുരുതികൊടുക്കരുത്.