പീഡനത്തിനിരയായ താരങ്ങളോട് അധികാര ഗുസ്തി വേണ്ട
പാർട്ടിനേതാക്കൾ ഉൾപ്പെടെ കായികരംഗത്തെ വിവിധ ചുമതലകളിൽ കയറിപ്പറ്റുന്നവർ നമ്മുടെ സ്ത്രീകളോടു കാണിക്കുന്ന ക്രൂരതകൾ ചില്ലറയല്ല. അവരെ സർക്കാർ സംരക്ഷിക്കുന്നെന്ന സ്ഥിതികൂടി വന്നാൽ ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്ന മിടുക്കികളായ പെൺകുട്ടികൾ ഭയന്നുവിറയ്ക്കില്ലേ?
ആഗോളപ്രശസ്തരായ ഇന്ത്യൻ ഗുസ്തി താരങ്ങൾ തലസ്ഥാന നഗരിയിൽ നടത്തുന്ന സമരത്തോട് അധികാരികൾ കാണിക്കുന്ന അവഗണന അപമാനകരമായിരിക്കുന്നു. അവർ ഉന്നയിച്ചിരിക്കുന്ന ആരോപണം, ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് കായികതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതാണ്.
പോലീസിൽനിന്നും സർക്കാരിൽനിന്നും നീതി ലഭിക്കില്ലെന്നു തോന്നിയതോടെയാണ് താരങ്ങൾ സമരത്തിനിറങ്ങുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തത്. ആരോപണം ഗൗരവമുള്ളതാണെന്നു കോടതി പറയുകയും ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടീസ് അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഭരണകക്ഷിക്ക് അനഭിമതരായവർക്കെതിരേ രാജ്യത്തെവിടെയും കേസെടുക്കുന്നതിൽ ഒരു നിമിഷം വൈകാത്തവർ, ബിജെപി നേതാവിനെതിരേയുള്ള പീഡനക്കേസ് കണ്ടില്ലെന്നു നടിക്കുകയാണോ? ലജ്ജാകരമായ ഈ പക്ഷപാതിത്വം രാജ്യത്തെ സ്ത്രീകളോടുള്ള അവഹേളനംകൂടിയാണ്.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ഫെഡറേഷനുമായി അടുപ്പമുള്ള ചില പരിശീലകരും നിരവധി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വനിതാ ഗുസ്തി താരവും കോമൺവെൽത്തിലെയും ഏഷ്യൻ ഗെയിംസിലെയും ഗോൾഡ് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് കഴിഞ്ഞ ജനുവരിയിൽ ആരോപിച്ചത്. ആദ്യം കായികമന്ത്രാലയത്തിൽ പരാതി നൽകി. രണ്ടു മാസമായിട്ടും ഒന്നും സംഭവിക്കാതെ വന്നതോടെ ഡൽഹി കോണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പക്ഷേ, കേസെടുത്തില്ല. ഇതോടെ, ഒളിന്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ രാപ്പകൽ സമരം നടക്കുകയാണ്. എന്നിട്ടും സർക്കാർ കനിഞ്ഞില്ല. ഇനിയാശ്രയം കോടതി മാത്രമാണ്.
2012 മുതൽ 2022 വരെ നേരിട്ട പീഡനങ്ങളാണ് പരാതിക്ക് ആധാരം. എന്തുകൊണ്ടാണ് ഇത്രയും വൈകി പരാതി നൽകിയത് എന്ന ആരോപണം ഉയർന്നിരുന്നു. ദേശീയ തലത്തിലുള്ള ക്യാന്പുകളിൽനിന്നും സെലക്ഷനുകളിൽനിന്നും തങ്ങളെ ഒഴിവാക്കുമെന്ന ഭയമാണ് യഥാസമയം പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിച്ചതെന്നാണ് അവരുടെ മറുപടി.
വനിതാ കായികതാരങ്ങൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നെന്ന ആരോപണം പുതിയതല്ല. നിരന്തരം മാനസിക പീഡനങ്ങൾക്കിരയായെന്ന് മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട കുറ്റാരോപിതരുടെ പേരു പറയാതെ ആരോപണമുന്നയിച്ചിരുന്നു. ഹരിയാന മുൻ കായികമന്ത്രി സന്ദീപ് സിംഗ് ലൈംഗികമായി പീഡിപ്പിച്ചെന്ന വനിത കോച്ചിന്റെ ആരോപണം വിവാദമായത് കഴിഞ്ഞ ജനുവരിയിലാണ്. സന്ദീപിനു പിന്നീടു രാജിവയ്ക്കേണ്ടിവന്നു. രണ്ടു വർഷം മുന്പ്, ചെന്നൈയിൽ അത്ലറ്റിക് കോച്ച് പി. നാഗരാജനെതിരേ ലൈംഗിക പീഡന ആരോപണവുമായി ഏഴു പെൺകുട്ടികളാണു രംഗത്തെത്തിയത്. സ്ലോവേനിയയിൽവച്ച് മോശമായി പെരുമാറിയതിന് സൈക്കിൾ പരിശീലകൻ ആർ.കെ. ശർമയ്ക്കെതിരേ പെൺകുട്ടി പരാതി നൽകിയിരുന്നു.
ഇന്ത്യയുടെ അഭിമാനമായ ഒളിന്പിക് താരം മേരി കോമിനുപോലും താൻ നേരിടേണ്ടിവന്ന ലൈംഗിക അപമാനങ്ങളെക്കുറിച്ചു പറയേണ്ടിവന്നു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അവർ സ്വന്തം മക്കൾക്കെഴുതി. “സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന മാനഭംഗങ്ങളെക്കുറിച്ചു നമുക്കു സംസാരിക്കാം. ആദ്യം മണിപ്പൂരിലും പിന്നീട് ഡൽഹിയിലും ഹരിയാനയിലുംവച്ച് നിങ്ങളുടെ അമ്മയ്ക്ക് പീഡനമേൽക്കേണ്ടിവന്നിട്ടുണ്ട്. ഗുസ്തിയിൽ ജീവിതമത്രയും കെട്ടിപ്പടുത്ത തനിക്കുപോലും ഇത്തരത്തിലൊരു അപമാനം സഹിക്കേണ്ടി വന്നല്ലോ. നിങ്ങൾ ഒന്പതും മൂന്നും വയസുള്ള ആൺകുട്ടികളാണ്. സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെക്കുറിച്ച് നിങ്ങൾ ഇപ്പോൾ മുതൽ മനസിലാക്കേണ്ടിയിരിക്കുന്നു.’’
പാർട്ടിനേതാക്കൾ ഉൾപ്പെടെ കായികരംഗത്തെ വിവിധ ചുമതലകളിൽ കയറിപ്പറ്റുന്നവർ നമ്മുടെ സ്ത്രീകളോടു കാണിക്കുന്ന ക്രൂരതകൾ ചില്ലറയല്ല. അവരെ സർക്കാർ സംരക്ഷിക്കുന്നെന്ന സ്ഥിതികൂടി വന്നാൽ ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്ന മിടുക്കികളായ പെൺകുട്ടികൾ ഭയന്നുവിറയ്ക്കില്ലേ? മിക്കവാറും ക്യാന്പുകളുടെയും പരിശീലനത്തിന്റെയും മത്സരങ്ങളുടെയും പേരിൽ മാസങ്ങൾവരെ വനിതകൾക്കു വീട്ടിൽനിന്നു മാറി നിൽക്കേണ്ടിവരും. പരാതിപ്പെട്ടവരിലേറെപ്പേർ നിശ്ശബ്ദത പാലിക്കുന്നുണ്ടാകും. ഇതിനു പരിഹാരമുണ്ടാകണം. വനിതാകായികതാരങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും സുതാര്യമായ സംവിധാനം രാജ്യത്തൊട്ടാകെ ഉണ്ടാകണം. അത്തരമൊരു നൈയാമിക സംവിധാനത്തിൽ വനിതകൾ തന്നെയായിരിക്കണം ചുമതലയിലുള്ളത്. ഇത് എല്ലാ കായിക വകുപ്പുകളിലും ഫെഡറേഷനുകളിലും സർക്കാർ തലത്തിലുള്ള എല്ലാ കായിക സംഘടനകളിലും നിർബന്ധമായും ഉണ്ടാകേണ്ടതാണ്. വേട്ടക്കാരെയല്ല, ഇരകളായ വനിതകളെയാണ് സംരക്ഷിക്കേണ്ടതെന്നു ഭരണാധികാരികളും തിരിച്ചറിയണം.
തങ്ങളുടെ മൻ കീ ബാത്ത് കേൾക്കണമെന്ന പ്രധാനമന്ത്രിയോടുള്ള ഗുസ്തി താരങ്ങളുടെ അപേക്ഷ ഹൃദയഭേദകമാണ്. “ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ എന്നു പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഞങ്ങളെ കേൾക്കാത്തത്. രാജ്യത്തെ പെൺകുട്ടികൾ തെരുവിലാണെന്നും പ്രമുഖനായ കുറ്റവാളിക്കെതിരേ നിലകൊണ്ടതിനാൽ ഗുസ്തി അവസാനിപ്പിക്കാൻ നിർബന്ധിതരാകുകയാണെന്നും താങ്കൾ അറിഞ്ഞിട്ടുണ്ടോ?”
ഈ മൻ കി ബാത്തിനുള്ള ഉത്തരം, ഇന്ത്യയിലെ വനിതാകായികരംഗത്തിന്റെ ഭാവി നിർണയിക്കുന്നതാണ്.