ചിരിയൊതുക്കി മാമുക്കോയയും പോയി
അനിവാര്യമാണെങ്കിലും കുടുംബബന്ധങ്ങൾക്കും സിനിമയിലെയും പൊതുജീവിതത്തിലെയും മൂല്യങ്ങൾക്കുമൊക്കെ വില കൊടുക്കുന്ന അഭിനേതാക്കളുടെ വിയോഗം തീരാത്ത നഷ്ടം തന്നെയാണ്; മലയാള സിനിമയ്ക്കു മാത്രമല്ല, മലയാളിക്കും.
ചിരിയുടെയും ചിന്തയുടെയും റീലുകൾ ബാക്കിയാക്കി മാമുക്കോയയും മരണത്തിന്റെ ഉരുവിലേറി യാത്രയായിരിക്കുന്നു. ഇരിങ്ങാലക്കുടയുടെ തനതുശൈലിയിൽ സിനിമാ പ്രേമികളെ കീഴടക്കിയ ഇന്നസെന്റിനു തൊട്ടുപിന്നാലെയാണ് കോഴിക്കോടൻ-മുസ്ലിം സംഭാഷണശൈലിയിലൂടെ മലയാള സിനിമയിൽ ഇടംപിടിച്ച മാമു തൊണ്ടിക്കോട് എന്ന മാമുക്കോയ വിട പറയുന്നത്. കരയിപ്പിക്കുന്നതാണ് മികച്ച അഭിനയമെന്ന പ്രേക്ഷകബോധത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തവരാണ് നമ്മുടെ മികച്ച ഹാസ്യതാരങ്ങൾ.
യാദൃച്ഛികമായി അവർക്കു കിട്ടുന്ന വേറിട്ട വേഷങ്ങളിലൂടെ അവർ കാണികളെ അന്പരപ്പിക്കുന്നു. കേരളത്തെയാകെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഗഫൂർ കാ ദോസ്താക്കി മാറ്റിയ നാടോടിക്കാറ്റിലെ ഗഫൂറിൽനിന്ന് പെരുമഴക്കാലത്തിലെ അബ്ദുവിലെത്തിയപ്പോൾതന്നെ മാമുക്കോയ അതു തെളിയിച്ചു. കുരുതിയിലെ മൂസാ ഖാലിദിനെ കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിക്കുവോളവും അതിനപ്പുറവും മാമുക്കോയ വളർന്നു. ഓരോ മലയാളിക്കും നഷ്ടബോധമുളവാക്കുന്ന വിടവാങ്ങലാണ് മാമുക്കോയയുടേത്.
1946ൽ കോഴിക്കോട്ടെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇന്പിച്ചി ആയിശയുടെയും മകനായി പിറന്ന മാമുക്കോയ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തു തുടങ്ങിയെങ്കിലും തലയ്ക്കു പിടിച്ചിരുന്ന നാടകത്തിനായി ധാരാളം സമയം മാറ്റിവച്ചു. മരത്തിനു നന്പരിടുകയും അളക്കുകയും കാതൽ നോക്കുകയുമൊക്കെ ചെയ്യുന്നതിനിടെ നാടക-സിനിമാക്കാരുമായുള്ള ബന്ധങ്ങളും വളർത്തിക്കൊണ്ടുവന്നു. ഒരു നാടകം സിനിമയാക്കി നിലന്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ ആദ്യ ചിത്രമായിരുന്നെങ്കിലും ആർട് സിനിമയുടെ നിലവാരത്തിലായിരുന്നതിനാൽ ജനകീയമായില്ല. കെ.ടി. മുഹമ്മദിന്റേത് ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചു.
1982ൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാർശയിൽ അവസരം കിട്ടി. 1987ലെ ‘നാടോടിക്കാറ്റ്’ വഴിത്തിരിവായി. പല്ല് തെറിപ്പിച്ചുനിർത്തിയുള്ള ചിരിയിൽ ഒളിപ്പിച്ചുവയ്ക്കാനാവാത്ത തട്ടിപ്പും കള്ളത്തരവും കാണികളെ അനുഭവിപ്പിക്കുന്നതിൽ ഗഫൂറിലൂടെ മാമുക്കോയ വിജയിച്ചു. കോഴിക്കോടൻ ശൈലിയിലൂടെ മലയാള സിനിമാപ്രേമികളെ കൈയിലെടുത്ത മാമുക്കോയ തന്നെ കാണുന്പോൾത്തന്നെ പ്രേക്ഷകർ ചിരിക്കുന്നതിലേക്കു കാര്യങ്ങൾ മാറ്റിയെടുത്തു. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.
വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റെക്കാട്, എം.എസ്. ബാബുരാജ്. കെ.ടി. മുഹമ്മദ് തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിരവധി സിനിമകളിലൂടെ അറിയപ്പെടുന്ന നടനായപ്പോഴും അഭിനയമില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന സാമൂഹികബോധമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. മതേതര, ജനാധിപത്യ ചിന്താഗതിയും മൂല്യാധിഷ്ഠിതചിന്തകളും മാമുക്കോയ എന്ന നടന്റെ മഹത്വമായിരുന്നു. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കുരുതി എന്ന സിനിമയ്ക്കുശേഷം അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്, വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നതെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിൽ വരുന്നതെന്നുമാണ്.
“ജാതിമത-രാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാൻ പുറപ്പെട്ടാൽ ഒരു രക്ഷയുമില്ല. കൊല്ലാൻ നടക്കുന്നവരോടും മരിക്കാൻ നടക്കുന്നവരോടും നിങ്ങൾ ചെയ്യുന്നതു ശരിയല്ല എന്നു പറഞ്ഞാൽ ഏൽക്കില്ല. ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.’’ ജാതി-മത രാഷ്ട്രീയത്തെയും സോഷ്യൽ മീഡിയ അടിമകളാകുന്ന കുട്ടികളെയും കുടുംബ ബന്ധങ്ങൾക്കു വില കൽപ്പിക്കാത്ത ലോകത്തെയുമൊക്കെ അദ്ദേഹം ഓർമിപ്പിച്ചു. വളർന്നുവരുന്ന തലമുറ മതരാഷ്ട്രീയത്തിനു പോകുമെന്നു കരുതുന്നില്ലെന്നു പറഞ്ഞ് പ്രതീക്ഷ ബാക്കിവയ്ക്കുകയും ചെയ്തു. സിനിമയിലെ ഹാസ്യമൊന്നും ജീവിതത്തിൽ അദ്ദേഹം അത്രയ്ക്കങ്ങു പ്രകടിപ്പിച്ചിരുന്നില്ല.
പെരുമഴക്കാലം എന്ന ചിത്രത്തിലെ അബ്ദുവിലൂടെ 2004ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ അദ്ദേഹം 2008ൽ ‘ഇന്നത്തെ ചിന്താവിഷയം’എന്ന സിനിമയിൽ മികച്ച ഹാസ്യനടനായി.
പ്രതിസന്ധികളെ അതിജീവിക്കണമെന്നും ആരോഗ്യമുള്ള മാനസികാവസ്ഥയാണ് പ്രധാനമെന്നും മറ്റുള്ളവരോടു പറഞ്ഞിരുന്ന മാമുക്കോയ ഹൃദ്രോഗവും അർബുദവും ഒന്നിച്ചെത്തിയപ്പോൾ സ്വന്തം ജീവിതത്തിലും അതൊക്കെ പ്രാവർത്തികമാക്കി. ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയാറുംമുന്പാണ് മാമുക്കോയയും പോയത്. അനിവാര്യമാണെങ്കിലും കുടുംബബന്ധങ്ങൾക്കും സിനിമയിലെയും പൊതുജീവിതത്തിലെയും മൂല്യങ്ങൾക്കുമൊക്കെ വില കൊടുക്കുന്ന അഭിനേതാക്കളുടെ വിയോഗം തീരാത്ത നഷ്ടം തന്നെയാണ്; മലയാള സിനിമയ്ക്കു മാത്രമല്ല, മലയാളിക്കും.