ഈ ഗതിവേഗം നഗരങ്ങളിൽ ഒതുങ്ങരുത്
വലിയ പദ്ധതികളുടെ നടത്തിപ്പും അതിന്റെ കരാറുകളും ഉദ്ഘാടന മാമാങ്കങ്ങളും നടത്തുന്പോൾതന്നെ നിലവിലുള്ളതും പാവങ്ങളെയും ഇടത്തരക്കാരെയും ബാധിക്കുന്നതുമായ സംവിധാനങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കുകയും വേണം.
വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും കേരളത്തിനു സന്തോഷത്തിനു വക നൽകുന്നവയാണ്. രണ്ടിന്റെയും ഉദ്ഘാടനവും വർണശബളിമയുമൊക്കെ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായിക്കൂടി ബന്ധപ്പെട്ട പ്രകടനങ്ങളാണെങ്കിലും ഈ ട്രെയിനും ബോട്ടും നാടിന്റെ പുരോഗതിയുടെ അടയാളങ്ങൾകൂടിയാണ്. ജനങ്ങൾക്കു പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്തശേഷം അതിനെ രാഷ്ട്രീയ നേട്ടമാക്കുന്നതിൽ ആർക്കുമില്ല പരാതി. ആ അർഥത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അഭിമാനിക്കാം. അതോടൊപ്പം, ഇത്രയും പ്രകടനപരമല്ലെങ്കിലും കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്രദമാകുന്ന പദ്ധതികളും നടപ്പാക്കണം.
ഇന്ത്യയിൽതന്നെ നിർമിച്ച വന്ദേഭാരത്, വേഗത്തിലും സുരക്ഷയിലും സൗകര്യങ്ങളിലുമൊക്കെ മികച്ചതാണ്. ലോകം 500 കിലോമീറ്ററിനടുത്തുവരെയുള്ള വേഗതയിൽ ട്രെയിൻ യാത്ര ചെയ്യുന്പോൾ നമുക്കിതെങ്കിലും ഉണ്ടായേ തീരൂ. 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത വന്ദേഭാരത് നാലു വർഷത്തിനുശേഷമാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയുമാണ് നിരക്ക്. 14 ഇക്കണോമി കോച്ചുകളും രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. മണിക്കൂറിൽ പരമാവധി വേഗം 200 കിലോമീറ്റർവരെ ആകാമെങ്കിലും ട്രാക്കുകളുടെ പരിമിതി അതിനനുവദിക്കുന്നില്ല.
ഉത്തരേന്ത്യയിൽ പലയിടത്തും 130 കിലോമീറ്റർ വേഗത്തിൽ ഓടുന്നുണ്ടെങ്കിലും കേരളത്തിൽ 110 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. രണ്ടു ഘട്ടങ്ങളിലായി ട്രാക്ക് നവീകരിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇപ്പോൾ ചിലയിടങ്ങളിൽ 70-80 കിലോമീറ്റർ വേഗതയിലേ ഓടിക്കാനാകൂ. അത്തരം ട്രാക്കുകളുടെ ശേഷി 110 കിലോമീറ്ററിനു തക്കവിധം ഉയർത്തുന്ന ആദ്യഘട്ടം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കും. വളവുകൾ നിവർത്തുന്നത് ഉൾപ്പെടെയുള്ള രണ്ടാം ഘട്ടം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ വന്ദേഭാരത് മണിക്കൂറിൽ 130 കിലോമീറ്റർ എന്ന ലക്ഷ്യത്തിലെത്തും. ഏതു ദിശയിലേക്കും തിരിക്കാനാവുന്ന സീറ്റുകളും വശങ്ങളിലെ ചില്ലുജാലകങ്ങളും യാത്രക്കാർക്ക് നിയന്ത്രിക്കാവുന്ന എയർ കണ്ടീഷണറുമൊക്കെ പ്രത്യേകതകളാണ്.
അതേസമയം, ഇന്നലെ വന്ദേഭാരത് ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ജയ് വിളിക്കുകയും ചെയ്തവരിൽ ഭൂരിപക്ഷത്തിനും വൻതുക ചെലവാക്കി അതിലൊന്നു കയറാനുള്ള ഭാഗ്യംപോലും ഉണ്ടാകില്ലെന്നത് ഭരിക്കുന്നവർ മറക്കരുത്. അത്തരക്കാർ സഞ്ചരിക്കാറുള്ള പാസഞ്ചർ ട്രെയിനുകളിലെ സൗകര്യങ്ങളും ശുചിത്വവും സുരക്ഷിതത്വമില്ലായ്മയുമൊക്കെ പഴയ രീതിയിൽ തുടർന്നുകൊണ്ട് നമുക്ക് പുരോഗതിയുടെ പ്രസംഗങ്ങൾ ഒത്തിരിയൊന്നും നടത്താനാവില്ല. ഇത്തരം ഷോ പീസുകളിൽ ഒതുങ്ങുന്നതല്ല യഥാർഥ വികസനം. കോടിക്കണക്കിനു യാത്രക്കാരുമായി കിതച്ചുപായുന്ന പാസഞ്ചർ ട്രെയിനുകളിലെ ശുചിത്വമില്ലായ്മയും സുരക്ഷിതത്വമില്ലായ്മയും സമയനിഷ്ഠയില്ലായ്മയുമൊക്കെ കാലങ്ങളായി പരിഹരിക്കപ്പെടാത്ത പരാതികളാണ്. വന്ദേഭാരത് പോലെ ഓരോ പുതിയ ആഡംബര ട്രെയിനും വരുന്പോൾ പാളങ്ങളിൽ പിടിച്ചിടുന്ന പാസഞ്ചറുകളുടെ സമയം വീണ്ടും വൈകും. സവർണർക്കുവേണ്ടി വഴിമാറുന്ന പഴയകാലത്തെ അവർണരെയാണ് മണിക്കൂറുകളോളം വഴിയിൽ കിടക്കുന്ന ഇത്തരം ട്രെയിനുകൾ ഓർമിപ്പിക്കുന്നത്. പക്ഷേ, അവയിലാണ് യഥാർഥ ഇന്ത്യ യാത്ര ചെയ്യുന്നത്.
മുഖ്യമന്ത്രി പറഞ്ഞതുപോലെ, കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമായ കൊച്ചി വാട്ടർ മെട്രോ. ടൂറിസത്തിനും കൊച്ചിയിലെ ദ്വീപ് നിവാസികളുടെ ഗതാഗതത്തിനും ഒരുപോലെ ഗതിവേഗം നൽകുന്നതാണിത്. പരിസരമലിനീകരണവും കുറവാണ്. ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കുമെന്നതിനാൽ മറ്റിടങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിക്കാവുന്നതാണ്. ജർമൻ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുത്തിയാണ് ഇത് യാഥാർഥ്യമാക്കിയത്. ആദ്യഘട്ടത്തിൽതന്നെ പ്രതിദിനം 34,000 പേർക്കു യാത്ര ചെയ്യാനാകുമെന്നാണ് സർക്കാർ അറിയിച്ചത്. വാട്ടർ മെട്രോയുടെ കാര്യത്തിലുള്ള ഈ കരുതൽ അതിന്റെ നൂറു മടങ്ങു യാത്രക്കാരെ ബാധിക്കുന്ന ഉൾനാടൻ ജലഗതാഗതത്തിലും ഉണ്ടാകണമെന്നാണ് സർക്കാരിനെ ഓർമിപ്പിക്കാനുള്ളത്. കാലഹരണപ്പെട്ട ബോട്ടുകളും, മലിനവും ആഴമില്ലാത്തതും പോള നിറഞ്ഞതുമായ ജലാശയങ്ങളുമൊക്കെ യാത്രക്കാരെ ഓരോ ദിവസവും പിന്തിരിപ്പിക്കുകയാണ്. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള ബോട്ടുകളിൽ കുടുങ്ങുന്ന പായൽ നീക്കം ചെയ്യാൻ മണിക്കൂറുകളാണ് ജീവനക്കാർ പണിപ്പെടുന്നത്. അതുകൊണ്ടുമാത്രം രാത്രിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പിൻവലിയുകയാണ്. മിക്കയിടത്തുമുണ്ട് ഇത്തരം പ്രതിസന്ധികൾ.
വലിയ പദ്ധതികളുടെ നടത്തിപ്പും അതിന്റെ കരാറുകളും ഉദ്ഘാടന മാമാങ്കങ്ങളും നടത്തുന്പോൾതന്നെ നിലവിലുള്ളതും പാവങ്ങളെയും ഇടത്തരക്കാരെയും ബാധിക്കുന്നതുമായ സംവിധാനങ്ങളുടെ അപര്യാപ്തതകൾ പരിഹരിക്കുകയും വേണം. അല്ലെങ്കിൽ വിരലിലെണ്ണാവുന്ന വികസന പദ്ധതികളുടെ ഇരകളാകും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾ.