കേശവാനന്ദ ഭാരതി കേസ്: വിധിയും ജാഗ്രതയും
ഇന്ത്യയിലെ മതേതര ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന സ്വതന്ത്ര മനുഷ്യർ ഭരണഘടനയെന്ന നിലപാടുതറയിൽ നിന്നാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോരാട്ടങ്ങൾ നടത്തുന്നതും.
ഭരണഘടനയുടെ അടിസ്ഥാനഘടന തകർക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ട് അന്പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കേശവാനന്ദ ഭാരതിയും കേരള സർക്കാരും തമ്മിലുള്ള കേസിലാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സുപ്രധാന ഭരണഘടനാ വിധിയുണ്ടായത്. പാർലമെന്റിനു ഭരണഘടനാ ഭേദഗതിയാവാം പക്ഷേ, ഭരണഘടനയുടെ അടിത്തറയെ തൊട്ടുകൂടാ എന്നാണ് വിധിയുടെ കാതൽ.
അതേസമയം, ഭരണഘടനയുടെ ഈ അടിസ്ഥാനഘടനയെക്കുറിച്ച് വിധിയിൽ കൃത്യമായ നിർവചനം ഇല്ലാത്തത്, ഏതുവിധേനയും വ്യാഖ്യാനിക്കാനുള്ള പഴുതു നൽകുന്നെന്നു നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. അധികാരത്തിന്റെ ഭൂരിപക്ഷബലം ഉപയോഗിച്ച് കോടതിക്കുമേൽ പാർലമെന്റിന്റെ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർക്കാരിന്റെ, അധീശത്വം സ്ഥാപിക്കാനുള്ള തീവ്രമായ ആഗ്രഹം കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവർ ആവർത്തിച്ച് പ്രകടിപ്പിക്കുന്ന കാലത്ത്, കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ ഭാവിയിൽ ആശങ്കയുണ്ടാകുന്നതു സ്വാഭാവികം.
1969ൽ കേരളസർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരേ കാസർഗോട്ടെ എടനീർ മഠാധിപതിയായിരുന്ന സ്വാമി കേശവാനന്ദ ഭാരതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കമായിരുന്നു അടിസ്ഥാനമെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തക്കുറിച്ചുള്ള പരിശോധനയിലേക്കും കേസ് മുന്നേറി. പാർലമെന്റാണോ ഭരണഘടനയാണോ പ്രധാനം എന്ന വിധത്തിലുള്ള കേസ് ആദ്യത്തേതായിരുന്നില്ല. 1967ൽ ഗോലക് നാഥും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിലും ഇതേ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. കേശവാനന്ദ ഭാരതി കേസിലെന്നപോലെ ഗോലക്നാഥ് കേസും ഭൂമിയുടെ ഉടമസ്ഥാവകാശം മൗലികമാണോയെന്നത് അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് 30 ഏക്കറായി നിജപ്പെടുത്തുന്നതാണ് ഗോലക്നാഥ് ചാറ്റർജി ചോദ്യം ചെയ്തത്.
ആ കേസ് ഭരണഘടനയുടെ മൗലികാവകാശങ്ങളെക്കുറിച്ചുള്ള വിധിയായി മാറി. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഭേദഗതിക്കു വിധേയമല്ലെന്നു വിധിക്കുകയും ചെയ്തു. ഇതിന്റെ പുനഃപരിശോധനകൂടി നടത്തിയ കേശവാനന്ദ ഭാരതി കേസിൽ 1973 ഏപ്രിൽ 24ന് പതിമൂന്നംഗ ഭരണഘടനാ ബെഞ്ച് ആറിനെതിരേ ഏഴ് ഭൂരിപക്ഷത്തിനാണ് വിധി പറഞ്ഞത്. പാർലമെന്റിനു ഭരണഘടനാ ഭേദഗതിയാവാമെങ്കിലും അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിച്ചുകൊണ്ടാവരുത് എന്നായിരുന്നു വിധി. പക്ഷേ, മതനിരപേക്ഷതയും ഫെഡറലിസവും അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നു പറയുന്നുണ്ടെങ്കിലും ഈ അടിസ്ഥാന ഘടനയ്ക്ക് കൃത്യമായ നിർവചനം നൽകാതിരുന്നത് അപൂർണതയായി നിലനിൽക്കുകയാണ്.
ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന് അധികാരം നൽകുന്നത് ഭരണഘടനയുടെ 368-ാം അനുഛേദമാണ്. ഇതിൽ പക്ഷേ, പാർലമെന്റിന്റെ അധികാരത്തിനു പരിധി പറയുന്നില്ല. അതിന്റെ നിയമ വിശകലനമാണ് ഗോലക്നാഥ് കേസിലും കേശവാനന്ദ ഭാരതി കേസിലും വേണ്ടിവന്നതെന്നു പറയാം. കേശവാനന്ദ ഭാരതി കേസിൽ കോട്ടയം അതിരന്പുഴ സ്വദേശി ജസ്റ്റിസ് കെ.കെ. മാത്യു ഉൾപ്പെടെയുള്ള 13 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എസ്.എം. സിക്രിയായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരും സുപ്രീംകോടതിയും തങ്ങളുടെ അപ്രമാദിത്വത്തെക്കുറിച്ച് വ്യാഖ്യാനങ്ങൾ നൽകിയിരുന്ന കാലത്താണ് കേശവാനന്ദ ഭാരതി കേസിൽ വിധിയുണ്ടായത്. ആ കേസിലെ വിധി മാറ്റണമെങ്കിൽ 15 അംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധന നടത്തണം. ഇനിയൊരു കേന്ദ്രസർക്കാരിന് അത് അസാധ്യമാകണമെന്നില്ല.
34 ജഡ്ജിമാരുള്ള ഇപ്പോഴത്തെ സുപ്രീംകോടതിയിൽ അത്തരമൊരു ബെഞ്ചിലേക്കു പുനഃപരിശോധനയെത്തുന്നതും അതിന്റെ ഭൂരിപക്ഷത്തെ സർക്കാരിനു നിയന്ത്രിക്കാനാവുന്നതുമൊന്നും തള്ളിക്കളയാനാവില്ല. കേശവാനന്ദ ഭാരതി കേസിൽ പുനഃപരിശോധന നടത്താനുള്ള ശ്രമം ഇന്ദിരാഗാന്ധി നടത്തിയെങ്കിലും വിജയിച്ചില്ല. പക്ഷേ, അതൊന്നുമില്ലാതെയും ഭരണഘടനാനുസൃതമുള്ള പൗരന്റെ മൗലികാവകാശങ്ങളെ അട്ടിമറിക്കാമെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ തെളിയിച്ചു. അതേ അപകടസാധ്യത പൂർവാധികം കരുത്താർജിച്ചിട്ടുണ്ടെന്നുതന്നെ കരുതേണ്ടിവരും ചില മന്ത്രിമാരുൾപ്പെടെ സർക്കാരിന്റെ ഭാഗമായിട്ടുള്ളവരുടെ പ്രതികരണങ്ങൾ കേട്ടാൽ.
ഇന്ത്യയിലെ മതേതര ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന സ്വതന്ത്ര മനുഷ്യർ ഭരണഘടനയെന്ന നിലപാടുതറയിൽ നിന്നാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോരാട്ടങ്ങൾ നടത്തുന്നതും. ഭരണഘടനയുടെ അടിത്തറയ്ക്ക് കാലാനുസൃതമായി നടത്തിയ ബലപ്പെടുത്തലാണ് കേശവാനന്ദ ഭാരതി വിധിയിലൂടെ 13 അംഗ ഭരണഘടനാ ബഞ്ച് നടത്തിയത്. 50 വർഷമായിട്ടും അതിനെ പൂർണമായി അട്ടിമറിക്കാൻ ഭരണാധികാരികൾക്കു സാധിച്ചിട്ടില്ല. അതിനർഥം ഒരിക്കലും സാധിക്കില്ലെന്നല്ല. ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികൾക്കെതിരേ ഇന്ത്യൻ ജനത ഇതുവരെ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ തുടരുന്ന കാലത്തോളം അതു സാധിക്കില്ലെന്നാണ്.