ജനസംഖ്യാധിഷ്ഠിത പ്രവചനങ്ങൾ നിർമിതബുദ്ധി തെറ്റിക്കും
നിർമിത ബുദ്ധി വരും, എല്ലാം ശരിയാകും എന്നു പറയാനാവില്ലെങ്കിലും അത് കൃഷിയിലും യുദ്ധത്തിലുമുൾപ്പെടെ പുതിയൊരു ലോകക്രമം സൃഷ്ടിക്കും. അതിനുമുന്നിൽ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ കളിപ്പാവ മാത്രമായിരിക്കും. ജനസംഖ്യയുടെ കണക്കുവച്ചു മാത്രമുള്ള നമ്മുടെ ഭാവി പ്രവചനങ്ങൾ ഇനിമേൽ ലക്ഷ്യം കാണില്ല.
ലോകജനസംഖ്യാവർധനയുടെ നന്മ-തിന്മകളെയും അതിന്റെ വരുംവരായ്കകളെയും കുറിച്ചുള്ള ചർച്ചകൾ പുതിയ വഴി കണ്ടെത്തിയില്ലെങ്കിൽ ഇനി വഴിതെറ്റാനിടയുണ്ട്. അതായത്, ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി അനുമാനങ്ങളിലെത്താൻ ഇനി പഴയ സിദ്ധാന്തങ്ങളൊന്നും പോരാതെ വരും. കാരണം, ഇന്നലെവരെ ഇല്ലാതിരുന്ന ഒരു സംഘം ‘ആളുകൾ’ ഈ ജനസംഖ്യയ്ക്കു സമാന്തരമായി നിരന്നിരിക്കുന്നു. മനുഷ്യശരീരത്താലല്ല, ‘മനുഷ്യബുദ്ധിയാൽ പിറവിയെടുത്ത മക്കൾ’ അഥവാ നിർമിത ബുദ്ധി അതിന്റെ സ്വാധീനം ലോകത്ത് ഉറപ്പിച്ചുകഴിഞ്ഞു. ഭാവി മനുഷ്യനെയെന്നല്ല, ഈ തലമുറയെത്തന്നെ ജനസംഖ്യാവർധന അല്ലെങ്കിൽ ശോഷണം എങ്ങനെ ബാധിക്കുമെന്ന പഠനങ്ങളിൽ ഇതുവരെ നിർമിതബുദ്ധിയെ ഉൾപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും ഒട്ടും വൈകാതെ നമുക്കത് ഉൾപ്പെടുത്തേണ്ടിവരും.
യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) കണക്കു പ്രകാരം, ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായി എന്നതിന്റെ മറുവശം മാനവവിഭവശേഷിയിൽ നാം ലോകത്ത് ഒന്നാമതായിരിക്കുന്നു എന്നുകൂടിയാണ്. കാരണം, നമ്മുടെ മൊത്തം ജനസംഖ്യയുടെ 66 ശതമാനം തൊഴിലെടുക്കാൻ കഴിവുള്ളവരാണ്. മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി അതല്ല. അവിടെയൊക്കെ യുവാക്കൾ കുറവും മുതിർന്ന പൗരന്മാർ കൂടുതലുമാണ്. നമുക്കാകട്ടെ യുവാക്കളാണ് അധികമുള്ളത്. പക്ഷേ, ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ സൂചിപ്പിക്കുന്നത് പാഴായിപ്പോകുന്ന ഈ മാനവവിഭവശേഷിയെതന്നെയാണ്. ഭരണകൂടത്തിന്റെ അവകാശ വാദങ്ങളെ മാറ്റിനിർത്തി കണക്കുകളെ അവലംബമാക്കിയാൽ തൊഴിലില്ലായ്മയും പട്ടിണിയും വർധിക്കുകയാണെന്നും സന്തോഷം കുറയുകയാണെന്നും കണക്കുകൾ പറയുന്നു. അതവിടെ നിൽക്കട്ടെ, വരും കാലത്ത് യുവാക്കളും മുതിർന്ന പൗരന്മാരും തമ്മിലുള്ള ഈ അനുപാതം മാറും. ഇന്ത്യയിലും തൊഴിലെടുക്കാൻ കഴിവുള്ളവരുടെ എണ്ണം കുറയും. പക്ഷേ, അപ്പോൾ നാം എന്തു ചെയ്യുമെന്ന ചോദ്യം കേട്ട് ‘മറ്റൊരാൾ’ ചിരിക്കുന്നുണ്ടാകും. ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി.
നമ്മുടെ യുവജനത ചെയ്യുന്ന ജോലി ചെയ്യാൻ നിർമിത ബുദ്ധിയുള്ളവർ ഉണ്ടാകുമെന്നു മാത്രമല്ല, മനുഷ്യസഹജ ബുദ്ധിയുള്ള നമ്മുടെ നൂറു കണക്കിനു യുവജനങ്ങൾ ചെയ്യുന്നതോ അതിലുമേറെയോ നിർമിത ബുദ്ധി എന്ന ‘ഒരാൾ’ നിസാരമായി ചെയ്യും. ജനസംഖ്യയുമായി ബന്ധപ്പെട്ട സകലമാന കണക്കുകൂട്ടലുകളെയും ആശങ്കകളെയും ഇനി നിർമിതബുദ്ധിസംഖ്യയുമായി ചേർത്തു വായിക്കേണ്ടിവരും. അത്തരം നിരീക്ഷണങ്ങളും പഠനങ്ങളും മനുഷ്യർക്കിടയിൽ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ് ജിപിടിക്ക് ആ വിഷയം കൊടുത്താൽ ലഭ്യമായ സകല വിവരങ്ങളും വച്ച് നിമിഷങ്ങൾക്കകം അതൊരു മറുപടി തന്നേക്കാം.
ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തിയത്. ലോകത്തെ 804.5 കോടി ജനങ്ങളിൽ 142.86 കോടി ഇന്ത്യയിലാണ്. 10 വർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് 2021ൽ കോവിഡ് മൂലം നടന്നില്ല. അതിനാൽ ജനന രജിസ്ട്രേഷൻ വച്ചുള്ള കണക്കുകൾ അത്ര കൃത്യമാകണമെന്നുമില്ല. ഇന്ത്യയിൽ 15 വയസിനും 64 വയസിനും ഇടയിലുള്ളവർ 66 ശതമാനമാണ്. അവർക്കു തൊഴിൽ കൊടുക്കാൻ നമുക്കു കഴിയുന്നില്ലെന്നു മാത്രമല്ല, യുവശക്തി കുറവുള്ള മറ്റു പല രാജ്യങ്ങളും വികസനത്തിലും സാന്പത്തിക ശേഷിയിലും നമുക്കു മുന്നിലാണ്. അതിനാൽ ഉപയോഗിക്കപ്പെടാത്ത ഈ ശേഷിയെക്കുറിച്ച് വീന്പു പറയുന്നതിൽ അർഥവുമില്ല. മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അവസരങ്ങളില്ലാതിരുന്നെങ്കിൽ നമ്മുടെ തൊഴിലില്ലായ്മ എവിടെച്ചെന്നു നിൽക്കുമായിരുന്നുവെന്നും ചിന്തിക്കണം. അവർക്കും ഇന്ത്യയിലെ ഈ സാഹചര്യം ഗുണകരമായിട്ടുണ്ടെന്നു പറയാതെ വയ്യ. എന്നാൽ, ഭാവി അങ്ങനെയാകണമെന്നില്ല. വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ ഇന്ത്യക്ക് അക്ഷയഖനിയായി തുടരില്ലെന്നും കരുതണം.
അമേരിക്കയിലെ പകുതിയോളം കന്പനികൾ ചാറ്റ് ജിപിടി ഉപയോഗിച്ചു തുടങ്ങിയെന്നതു മാത്രമല്ല, അതിൽ പകുതിയെങ്കിലും ജീവനക്കാർക്കു പകരമായാണ് ചാറ്റ് ജിപിടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മാധ്യമരംഗത്തുൾപ്പെടെ കേരളത്തിലും പരീക്ഷണങ്ങൾ നടന്നു. ഭാവിയിൽ അത് തൊഴിൽ പ്രാപ്തിയുള്ള യുവജനങ്ങൾക്കു പകരമാകും. അഞ്ചു മാസംപോലും പ്രായമില്ലാത്ത സംവിധാനമാണ് ചാറ്റ് ജിപിടി. അമേരിക്കയും യൂറോപ്പും ചൈനയുമൊക്കെ നിർമിത ബുദ്ധി വികസിപ്പിക്കുന്നതിൽ മത്സരിച്ചുള്ള പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇന്ത്യയും ഗവേഷണത്തിലാണ്. കലിഫോർണിയയിലെ സാൻ കാർലോസിൽ അയൺ ഓക്സ് എന്ന കന്പനി റോബോട്ടുകളെ ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്തി വിജയിപ്പിച്ചു.
വിത്ത് നട്ടതല്ലാതെ മറ്റൊന്നും മനുഷ്യർ ചെയ്തില്ല. ആവശ്യമായ കാലാവസ്ഥ പരീക്ഷണശാലയിൽ ക്രമീകരിച്ച് ആവശ്യമായത്ര അളവിൽ മാത്രം വളം ചേർത്ത് നിർമിതബുദ്ധി വിളവെടുത്തുകൊടുത്തു. അമേരിക്കയിൽ മാത്രം വളരുന്ന ഏതൊരു പച്ചക്കറിയും അതേ കാലാവസ്ഥ ലാബിൽ സൃഷ്ടിച്ച് നിർമിത ബുദ്ധി ലോകത്തെവിടെയും നടത്തും. നിർമിത ബുദ്ധി വരും, എല്ലാം ശരിയാകും എന്നു പറയാനാവില്ലെങ്കിലും അത് കൃഷിയിലും യുദ്ധത്തിലുമുൾപ്പെടെ പുതിയൊരു ലോകക്രമം സൃഷ്ടിക്കും. അതിനുമുന്നിൽ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’കളിപ്പാവ മാത്രമായിരിക്കും. ജനസംഖ്യയുടെ കണക്കുവച്ചു മാത്രമുള്ള നമ്മുടെ ഭാവി പ്രവചനങ്ങൾ ഇനിമേൽ ലക്ഷ്യം കാണില്ല.