ഫയലിലെ ജീവിതങ്ങളെ ഞെരിച്ചു കൊല്ലുന്നവർ!
ഫയലുകളുടെ വേഗം കൂട്ടാനും അവയുടെ നീക്കം നിരീക്ഷിക്കാനും സർക്കാർ ഡിജിറ്റൈസേഷനും സോഫ്റ്റ്വേർ സംവിധാനവുമൊക്കെ നടപ്പാക്കിയിട്ടും ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നതിൽനിന്ന് നമ്മുടെ ഉദ്യോഗസ്ഥരിൽ പലരും അതിലും പഴുതു കണ്ടുപിടിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണ്, അതു മറക്കരുത്... എന്നത് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നു കേട്ട ഏറ്റവും പ്രതീക്ഷാനിർഭരമായ ഒരു വാചകമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യനാളുകളിലായിരുന്നു സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷത്തിലധികം വരുന്ന സർക്കാർ ഉദ്യോഗസ്ഥരെ അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. അലസമായി മേശപ്പുറങ്ങളിലും കംപ്യൂട്ടറുകളിലും കാലങ്ങളോളം അവഗണിക്കപ്പെട്ടു കിടക്കാനുള്ളതല്ല മുന്നിലെത്തുന്ന ഫയലുകൾ എന്ന മുന്നറിയിപ്പും ഓർമപ്പെടുത്തലുമായിരുന്നു അത്.
യാഥാർഥ്യ ബോധത്തോടെയുള്ള ഒരു നിരീക്ഷണവും നിർദേശവുമാണ് അന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടായി നടത്തിയത്. കാരണം, ഓരോ ഫയലും ജീവനുള്ളതാണ്. പലവിധ ആവശ്യങ്ങൾക്കായി നെട്ടോട്ടമോടുന്ന ജനത്തിന്റെ ജീവിത പ്രശ്നങ്ങളാണ് ആ ഫയലുകളിൽ തുടിക്കുന്നത്. ഇക്കാര്യം ഏഴു വർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിക്ക് വീണ്ടും ഉദ്യോഗസ്ഥരെ ഓർമിപ്പിക്കേണ്ടി വന്നിരിക്കുന്നു. സർക്കാർ പ്രതീക്ഷിച്ചതുപോലെയുള്ള യാതൊരു ചലനവും ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്ന് അടിവരയിട്ടു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും.
സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ ബുധനാഴ്ചയാണ് ഫയലുകളുടെ ഒച്ചിഴയും വേഗത്തെ അദ്ദേഹം വീണ്ടും നിശിതമായി വിമർശിച്ചത്. സർക്കാർ ഓഫീസുകളിൽ ഫയലുകൾ ധാരാളം കെട്ടിക്കിടക്കുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ കഴിഞ്ഞത് അൻപതു ശതമാനം മാത്രമാണ്.
കോടതി നിർദേശമുള്ള ഫയലുകളിൽ പോലും ഉദ്യോഗസ്ഥർ അലസത കാണിക്കുകയാണ്. ഇതുമൂലം ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പലപ്പോഴും കോടതിക്കു മുന്നിൽ പോയി നിൽക്കേണ്ടി വരുന്നു... എന്നിങ്ങനെ നീണ്ടു മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ ഏഴു വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താനിതു പറയുന്നതെന്നും മുഖ്യമന്ത്രി രോഷത്തോടെ കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഫയലുകൾ കെട്ടിക്കിടക്കാൻ കാരണമെന്നാണ് അദ്ദേഹം വിമർശിക്കുന്നത്.
കാലവും ലോകവും മാറിയിട്ടും നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇനിയും അതിനൊപ്പം മാറിയിട്ടില്ല എന്നതാണ് ഇതു തെളിയിക്കുന്നത്. പതിറ്റാണ്ടുകളായി നമ്മുടെ ഭരണസംവിധാനത്തെ ചൂഴ്ന്നുനിൽക്കുന്ന പേരുദോഷമാണ് ‘ചുവപ്പുനാട’എന്ന സാമൂഹിക ദുരന്തം. സർക്കാർ ഫയലുകളെ ചുറ്റുന്ന ചുവപ്പുനാട അനാസ്ഥയുടെയും അലസതയുടെയും നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവിന്റെയും പ്രതീകമായി തരംതാഴ്ത്തപ്പെടുകയാണ്. ‘സർക്കാർ കാര്യം മുറപോലെ’ എന്ന പ്രയോഗവും ഇത്തരം അനുഭവങ്ങളിൽനിന്നു തന്നെ ഉരുത്തിരിഞ്ഞുവന്നതാണെന്ന കാര്യത്തിൽ സംശയമില്ല. പല ഫയലുകളും കാണാതാകുന്നതും പൗരന്മാർ സമർപ്പിക്കുന്ന രേഖകൾ നഷ്ടമാകുന്നതുമൊക്കെ പലപ്പോഴും സർക്കാർ ഓഫീസുകളിൽ കേൾക്കുന്ന പരിദേവനങ്ങളാണ്.
ഫയലുകളുടെ വേഗം കൂട്ടാനും അവയുടെ നീക്കം നിരീക്ഷിക്കാനും സർക്കാർ ഡിജിറ്റൈസേഷനും സോഫ്റ്റ്വേർ സംവിധാനവുമൊക്കെ നടപ്പാക്കിയിട്ടും ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നതിൽനിന്ന് നമ്മുടെ ഉദ്യോഗസ്ഥരിൽ പലരും അതിലും പഴുതു കണ്ടുപിടിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കൃത്യസമയത്തും ആത്മാർഥതയോടെയും ഉത്തരവാദിത്വത്തോടെയും ജോലി ചെയ്യുന്ന അനവധി സർക്കാർ ജീവനക്കാർ നമുക്കുണ്ട്. അവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാലും ഇടയ്ക്ക് ഒരാളുടെ അലസതയും ഉത്തവാദിത്വമില്ലായ്മയും കാര്യക്ഷമതക്കുറവും മതി ഫയലുകൾ പാതിവഴികളിൽ കുടുങ്ങിക്കിടക്കാൻ. ഇത്തരക്കാർ നമ്മുടെ പല ഡിപ്പാർട്ട്മെന്റുകളിലും സുഖമായി വാഴുന്നുണ്ടെന്നതാണ് നമ്മുടെ സർക്കാർ സംവിധാനത്തെ പിന്നോട്ടടിക്കുന്നത്.
സെക്രട്ടേറിയറ്റിൽ ശന്പളവുമായി ബന്ധപ്പെടുത്തി പഞ്ചിംഗ് കർശനമാക്കിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് സർക്കാർ ജീവനക്കാരുടെ സംഘടനകൾ. പഞ്ചിംഗ് കർശനമാക്കാൻ ഇറങ്ങിത്തിരിച്ച സർക്കാർ, ജീവനക്കാർ കണ്ണുരുട്ടിയപ്പോൾ പിന്നോട്ടുപോയി. ഇത്തരം കാര്യങ്ങളിൽ അവകാശങ്ങളുടെ പേരു പറഞ്ഞു മീശപിരിച്ചിറങ്ങുന്ന സംഘടനകളും നേതാക്കളും അവരുടെ അണികളിൽ എല്ലാവരും കൃത്യമായി ജോലി ചെയ്യണമെന്ന നിർദേശംകൂടി കൊടുക്കാൻ കടപ്പെട്ടവരാണെന്ന കാര്യം മറന്നുപോകരുത്.
ജനത്തിന് ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്ന കർശന നിലപാടിലേക്കു സംഘടനകൾ മാറിയാൽത്തന്നെ ഇത്തരക്കാരെ തളയ്ക്കാൻ കഴിയും. അതുപോലെ കൃത്യമായി ശന്പളം വാങ്ങുന്ന ജീവനക്കാരെക്കൊണ്ട് ചെയ്യേണ്ട പണിയെടുപ്പിക്കാൻ സർക്കാരിനു കഴിയുന്നില്ല എന്ന കുറ്റസമ്മത മൊഴിയാണ് മുഖ്യമന്ത്രിയുടെ വിമർശനം എന്നും പറയേണ്ടി വരും. പ്രഫഷണൽ ശൈലിയിലേക്കു നമ്മുടെ ഉദ്യോഗസ്ഥ സംവിധാനത്തെ ഉടച്ചുവാർക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ പ്രസക്തമാകുന്നത്. അതിനുള്ള ആർജവം സർക്കാർ പ്രകടിപ്പിക്കണം. ഫയലിലെ ജീവിതങ്ങളെ ഇനിയെങ്കിലും ഞെരിച്ചുകൊല്ലരുത്.