ഇത് കൊലപാതകത്തിന്റെയല്ല ജനാധിപത്യത്തിന്റെ കാലം
മുഖ്യമന്ത്രിയെന്നല്ല, ഇന്ത്യയിൽ ഒരാൾക്കും നിയമം കൈയിലെടുക്കാനും ശിക്ഷ നടപ്പാക്കാനുമൊന്നും അധികാരമില്ല. കുറ്റവാളികൾ നിയമം കൈയിലെടുക്കുന്നതിലും ഭയാനകമാണ് ഭരണാധികാരികൾ അതു ചെയ്താൽ.
ഉത്തർപ്രദേശിൽ അറസ്റ്റിലായ ഗുണ്ടാത്തലവനും മുൻ എംപിയുമായ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതിന്റെ ദുരൂഹത എന്നെങ്കിലും പുറത്തുവരുമോയെന്നറിയില്ല. കൊല്ലപ്പെട്ട രണ്ടു പേരുടെയും കുറ്റകൃത്യങ്ങളെക്കുറിച്ച് ആർക്കുംതന്നെ വിരുദ്ധാഭിപ്രായമില്ലെങ്കിലും യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് പോലീസ് കസ്റ്റഡിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരൂഹ കൊലപാതകങ്ങളിലും ഏറ്റുമുട്ടൽ കൊലപാതകങ്ങളിലും രണ്ടഭിപ്രായമുണ്ട്; നിജസ്ഥിതിയിൽ സംശയവുമുണ്ട്. ഇരകളായിട്ടുള്ളവരുടെ കുടുംബാംഗങ്ങൾ ഇത്തരം കൊലപാതകങ്ങളെ അനുകൂലിച്ചേക്കാം. സർക്കാർ അനുകൂലികളും കൈയടിക്കും. പക്ഷേ, എത്ര വലിയ കുറ്റവാളികളെ ആയാലും ഭരണാധികാരിയുടെയോ ഉദ്യോഗസ്ഥരുടെയോ താത്പര്യപ്രകാരം വിചാരണയില്ലാതെ കൊന്നൊടുക്കാമോയെന്ന ചോദ്യമാണ് വിയോജിക്കുന്നവർ ഉന്നയിക്കുന്നത്. അത് ജനാധിപത്യവുമായി അഭേദ്യമായി ബന്ധപ്പെട്ട ചോദ്യമാണ്. യുപിയിൽ നടക്കുന്നതാണു ശരിയെങ്കിൽ നിയമവാഴ്ചയും ജനാധിപത്യവും തെറ്റാകും. ഏതാണു ശരി?
ആതിഖിനെയും അഷ്റഫിനെയും പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ അക്രമികൾ തൊട്ടടുത്തുനിന്നു വെടിവച്ചു കൊന്നത്. ദിവസങ്ങൾക്കുമുന്പ് അതിഖിന്റെ മകൻ ആസാദ് അഹമ്മദിനെയും സുഹൃത്തിനെയും യുപിയിലെ ഝാൻസിക്കടുത്തുവച്ച് പ്രത്യേക ദൗത്യസേന ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നിരുന്നു. അതെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ആതിഖിനെയും അഷ്റഫിനെയും വധിച്ചത്. ബിഎസ്പി എംഎൽഎ രാജുപാൽ വധക്കേസിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ ഫെബ്രുവരിയിൽ കൊന്ന കേസിലാണ് ആതിഖും മകൻ ആസാദും അഷ്റഫും ഉൾപ്പെടെ അറസ്റ്റിലായത്. രണ്ടു മാസം പോലും തികയുന്നതിനുമുന്പ് കേസിലെ ആറു പ്രതികളും നാലു സംഭവങ്ങളിലായി കൊല്ലപ്പെട്ടു.
യോഗി സർക്കാരിന്റെ ഭരണത്തിൽ ആറു വർഷത്തിനിടെ 183 പേർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. 10,900-ലധികം ഏറ്റുമുട്ടലുകൾ നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലുകളിൽ 23,300 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 5,046 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മുഖ്യമന്ത്രിമാർ സാധാരണ പറയാറുള്ളത് കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും എന്നാണെങ്കിലും ഉമേഷ് പാൽ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഈ മാഫിയയെ തവിടുപൊടിയാക്കും എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഏതായാലും ആ കേസിലെ മിക്ക പ്രതികളും തവിടുപൊടിയായി. മുഖ്യമന്ത്രിയെന്നല്ല, ഇന്ത്യയിൽ ഒരാൾക്കും നിയമം കൈയിലെടുക്കാനും ശിക്ഷ നടപ്പാക്കാനുമൊന്നും അധികാരമില്ല. കുറ്റവാളികൾ നിയമം കൈയിലെടുക്കുന്നതിലും ഭയാനകമാണ് ഭരണാധികാരികൾ അതു ചെയ്താൽ.
കുറ്റവാളികളുടെ ക്രൂരകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ന്യായീകരിക്കുന്നവർ, സ്വന്തം പാർട്ടിയിലെ ക്രിമിനലുകളെക്കുറിച്ച് ഒരക്ഷരം ഉരിയാടില്ല. യുപിയിൽ 2022 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച 403 സ്ഥാനാർത്ഥികളിൽ 51 ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ കേസുകളുള്ളവരാണെന്നും അവരിൽ 39 ശതമാനം പേർ കൊലപാതകം, കലാപം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളുണ്ടായിട്ടും വിജയിച്ച 205 സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ ബിജെപിക്കാരാണെന്നും (54 ശതമാനം) റിപ്പോർട്ടുകൾ പറയുന്നു. അതായത്, സ്വന്തം പാർട്ടിക്കാരല്ലാത്ത ഗുണ്ടകളുടെയും കുറ്റവാളികളുടെയും കാര്യത്തിൽ മാത്രമേ യോഗിക്ക് ധാർമികരോഷമുള്ളു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനു വിധേയരാകുന്നത് 95 ശതമാനവും പ്രതിപക്ഷ പാർട്ടികളിലെ മാത്രം അംഗങ്ങളാവുകയും ബിജെപിയിൽ ചേർന്നാൽ അന്വേഷണം നിലയ്ക്കുകയുമൊക്കെ ചെയ്യുന്നതുപോലെയുള്ള ഒരു ധർമസംസ്ഥാപനം.
ഇപ്പോഴത്തെ നീതിന്യായ സംവിധാനങ്ങൾ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകുന്നില്ലെന്ന വിധത്തിൽ പൊതുബോധ പ്രക്ഷാളനം നടത്താനും അതിലൂടെ യോഗിയെപ്പോലുള്ളവർക്ക് വീരപരിവേഷം നൽകാനും ജനാധിപത്യ വിരുദ്ധ രാഷ്ട്രീയക്കാർക്കും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള അവരുടെ ഭക്തർക്കും കുറെയൊക്കെ കഴിയുന്നുണ്ട്. "ഏറ്റുമുട്ടൽ കൊലയാളി വീരന്മാരെ' അവതരിപ്പിച്ച് മലയാളത്തിലുൾപ്പെടെയുള്ള ചില സിനിമകളും ഈ പൊതുബോധസൃഷ്ടിയിലും തൃപ്തിപ്പെടുത്തലുകളിലും പങ്കെടുക്കുന്നുണ്ട്. ഏറ്റുമുട്ടലുകളും കൊള്ളയും കൊലപാതകവുമൊക്കെ ശൂരത്വമായി കൊണ്ടുനടന്നിരുന്ന കാട്ടുനീതിയുടെ നിരവധി നൂറ്റാണ്ടുകൾ കടന്നാണ് പരിഷ്കൃത മനുഷ്യൻ ജനാധിപത്യത്തിന്റെ ലോകം കെട്ടിപ്പടുത്തത്. അതിനെ പിന്നിലേക്കു കൊണ്ടുപോകുന്ന രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും നിലയ്ക്കു നിർത്തേണ്ടത് ജനാധിപത്യം നിലനിർത്താൻ ആവശ്യമാണ്. ഇതു യുദ്ധത്തിന്റെ യുഗമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളെ യോഗിയും മറക്കരുത്.