മൃഗസംരക്ഷണത്തിന് ജനങ്ങളെ കുരുതി കൊടുക്കരുത്
വനാതിർത്തികളിലെ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാക്കുംവിധം ഇടപെടുന്ന നഗരങ്ങളിലെ മൃഗസ്നേഹികളുടെ വാദങ്ങൾ, മനുഷ്യജീവനും മനുഷ്യാവകാശങ്ങൾക്കും
പുല്ലുവിലപോലും കൊടുക്കുന്നില്ല.
ഏഴുപേരെ കൊന്ന ഒരാനയുടെ മൃഗാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻവേണ്ടി നൂറുകണക്കിനാളുകളുടെ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ അരങ്ങേറുന്നത്. അരിക്കൊന്പനെന്ന ആനയുടെ ക്രൂരതകൾക്കിരയായ ഒരുപറ്റം മനുഷ്യർ രാത്രിയും പകലും തങ്ങൾക്കും മക്കൾക്കും സംഭവിച്ചേക്കാവുന്ന ദുരന്തമോർത്തു ഭയചകിതരായി കഴിയുന്നു. പ്രാണഭയത്താൽ പലർക്കും രാത്രിയിൽ ഉറങ്ങാനാവുന്നില്ല. ഇത്ര ഭയാനകമായ സാഹചര്യത്തിലും സർക്കാരിനും നിയമത്തിനും മുന്നിൽ കൈകൂപ്പി നിൽക്കേണ്ടിവരുന്ന ജനങ്ങളുടെ ഗതികേട് ഏതു കാരണത്താലാണെങ്കിലും നിസാരമായി തള്ളിക്കളയരുത്.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ വർഷങ്ങളായി നാശം വിതയ്ക്കുന്ന കാട്ടുകൊന്പന്മാരിൽ ഏറ്റവും വിനാശകാരിയാണ് അരിക്കൊന്പൻ. പാവപ്പെട്ടവരും നിസഹായരുമായ ഏഴു മനുഷ്യരെ ചവിട്ടിക്കൊന്നെന്ന് വനം വകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നു. തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും പരിക്കേറ്റവരുമൊക്കെയുണ്ട്. നിരവധി വീടുകളും കടകളും നാമാവശേഷമാക്കി. ആനയെ എന്തു ചെയ്യണമെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്പോഴും ശബ്ദകോലാഹലങ്ങളിലും ഭയന്നു പിന്മാറാത്ത ആന മിക്കവാറും ദിവസങ്ങളിൽ നാശം വിതയ്ക്കുകയാണ്. ഇന്നലെയും ഒരു വീടു തകർത്തു. വയനാടിനെ വിറപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചതുപോലെ അരിക്കൊന്പനെയും മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനപ്പന്തിയിലെത്തിക്കാനായിരുന്നു വനം വകുപ്പിന്റെ നീക്കം.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതോടെയാണ് രണ്ടു വന്യമൃഗസ്നേഹികളുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ, തൃശൂരിലെ വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അഡ്വക്കസി എന്നീ മൃഗസ്നേഹി സംഘടനകളാണ് ഇതിനായി ഇറങ്ങിത്തിരിച്ചത്. ‘ഓപ്പറേഷൻ അരിക്കൊന്പൻ’ നടത്താൻ രണ്ടു ദിവസം മാത്രം ശേഷിക്കെ മയക്കുവെടി വയ്ക്കുന്നത് കോടതി തടയുകയും ചെയ്തു. അരിക്കൊന്പന്റെ വർഷങ്ങളായുള്ള ശല്യത്തിനു പരിഹാരമാകുമെന്നു കരുതിയ ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, ചെന്പകത്തൊഴുകുടി, തോണ്ടിമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ ജീവനു യാതൊരു വിലയുമില്ലേയെന്നാണു ചോദിക്കുന്നത്.
വനാതിർത്തികളിലെ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാക്കുംവിധം ഇടപെടുന്ന നഗരങ്ങളിലെ മൃഗസ്നേഹികളുടെ വാദങ്ങൾ, മനുഷ്യജീവനും മനുഷ്യാവകാശങ്ങൾക്കും പുല്ലുവിലപോലും കൊടുക്കുന്നില്ല. പാവപ്പെട്ട മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത ഇക്കൂട്ടരെ കർഷകരും വനാതിർത്തികളിൽ ജീവിക്കുന്നവരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരു വന്യജീവിയെയും ഭയക്കാനില്ലാത്ത സുരക്ഷിത സ്ഥാനങ്ങളിലാണ് ഇത്തരം മൃഗസ്നേഹികൾ കുടുംബാംഗങ്ങളുമൊത്തു കഴിയുന്നത്. ഇവർ കോടതിയിൽനിന്നു സ്റ്റേ വാങ്ങിക്കഴിഞ്ഞും ആന ചിന്നക്കനാൽ പരിസരത്ത് ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം, ചിന്നക്കനാൽ സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് തകർത്തത്. വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും സാഹസികമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്പോഴായിരുന്നു ആനയുടെ ആക്രമണമെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുക? അവരുടെ ജീവന് ആര് ഉത്തരം പറയും?
തീരാ തലവേദനയാണ് അരിക്കൊമ്പന് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ആനയെ പറന്പിക്കുളത്തേക്കു മാറ്റാനുള്ള കോടതിവിധി വന്നതിനു പിന്നാലെ, മുതലമടയിലെ ജനങ്ങൾ പ്രതിഷേധത്തിലായി. ഇന്നലെ അവിടെ ഹർത്താലായിരുന്നു. മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങൾ പറയുന്നതിലും കാര്യമുണ്ട്. ഇടുക്കിയിലെ ജനങ്ങളെ രക്ഷിക്കാൻ പറന്പിക്കുളത്തിനു സമീപത്തുള്ള ആളുകളെ ശിക്ഷിക്കുന്നതിൽ എന്തു ന്യായമാണുള്ളത്? പറന്പിക്കുളത്തേക്കു മാറ്റാൻ സർക്കാരിനു നിർബന്ധമൊന്നുമില്ലെന്നു മന്ത്രി കൃഷ്ണൻകുട്ടി പറയുകയും ചെയ്തു.
ഒരിക്കൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളിലാണ് ഇന്ന് മനുഷ്യരിലേറെയും വസിക്കുന്നത്. അതൊക്കെ ഒഴിപ്പിക്കാനാണെങ്കിൽ കേരളം മൊത്തം അഴിച്ചുപണിയേണ്ടിവരും. അരിക്കൊന്പൻ ഇപ്പോൾ ശല്യമുണ്ടാക്കുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിയാലും അരിയെടുക്കാൻ പുതിയ ജനവാസ കേന്ദ്രങ്ങളിൽ എത്തുമെന്നാണ് ജനങ്ങൾ പറയുന്നത്.
അരിക്കൊന്പന്റെ സ്ഥാനത്ത് മറ്റൊരാന വന്നാൽ അതിനെയും മാറ്റണം. അപ്രായോഗികമായ ദീർഘകാല പദ്ധതികളല്ല, ജീവഭയത്താൽ ഊണും ഉറക്കവും നഷ്ടപ്പെട്ട് പണിക്കു പോകാൻ പോലും പറ്റാത്ത പാവപ്പെട്ട മനുഷ്യരെ ഒരു നിമിഷം വൈകാതെ സംരക്ഷിക്കുകയാണ് പ്രധാനം. ജനങ്ങളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ സർക്കാരിനും നിയമത്തിനും ഉത്തരവാദിത്വമുണ്ട്. ജനങ്ങളെ കുരുതികൊടുത്തല്ല മൃഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത്.