‘പെർമിറ്റ് ഫീസ് നുകം’ മാറ്റൂ ജനങ്ങളുടെ കഴുത്തിൽനിന്ന്
പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങൾ നേരിട്ടുമൊക്കെ പറഞ്ഞിട്ടും നികുതി-ഫീസ് വർധനകളിൽനിന്നു പിന്മാറില്ല എന്നു പറയുന്നത് ഇരട്ടച്ചങ്ക് മോഡൽ പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. തെറ്റായ തീരുമാനങ്ങളിൽനിന്നു ജനഹിതമനുസരിച്ച് പിന്നാക്കം മാറുക എന്നത് സർക്കാരുകളുടെ ജനകീയ മുഖമാണ് വെളിപ്പെടുത്തുന്നത്. മറിച്ചുള്ളത് വ്യക്തിപരമായ ധാർഷ്ട്യമോ ഭരണപരമായ സ്വേച്ഛാധിപത്യമോ ആണ്.
വോട്ടുതന്ന് അധികാരത്തിലേറ്റാനല്ലാതെ, എത്ര ജനവിരുദ്ധമായാലും അഞ്ചു വർഷം കഴിയാതെ പുറത്താക്കാനാവില്ലെന്ന പാർലമെന്ററി ജനാധിപത്യത്തിന്റെ ആനുകൂല്യം എൽഡിഎഫ് സർക്കാർ നന്നായി ഉപയോഗിക്കുകയാണെന്നു തോന്നും നികുതിയും സേവനനിരക്കുകളും അടിക്കടി വർധിപ്പിക്കുന്നതു കണ്ടാൽ. പെട്രോളും ഡീസലും ഉൾപ്പെടെയുള്ളവയുടെ ഇന്ധന സെസ് ഒന്നാം തീയതി വർധിപ്പിച്ചു. പ്രതിഷേധങ്ങൾക്കൊക്കെ പുല്ലുവില നൽകിയ സർക്കാർ കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് എന്ന നുകം കൂടി ജനങ്ങളുടെ കഴുത്തിലേക്ക് വച്ചിരിക്കുകയാണ്. സർവീസിലുള്ളതും വിരമിച്ചതുമായ സർക്കാർ ഉദ്യോഗസ്ഥർക്കും അഴിമതിക്കാർക്കും സർക്കാർ ചെലവിൽ ജീവിക്കുന്ന രാഷ്ട്രീയക്കാർക്കുമല്ലാതെ സാധരണക്കാരെ ഒരു രീതിയിലും ജീവിക്കാൻ അനുവദിക്കാത്ത ഈ ജനദ്രോഹം പരിധിവിടുകയാണ്.
ഇന്ധനവിലയിൽ ലിറ്ററിന് രണ്ടു രൂപയുടെ വർധന ഏർപ്പെടുത്തിയതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിനുൾപ്പെടെ എല്ലാത്തിനും വില കൂട്ടേണ്ടിവന്നു. വൈദ്യുതിക്കും കുടിവെള്ളത്തിനുമൊക്കെ നിരക്കു വർധിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളുമൊക്കെ പ്രതിഫലിപ്പിച്ച ജനശബ്ദത്തെ വകവയ്ക്കാത്തവർ, തങ്ങളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ഭരണത്തിലെ ആർഭാടത്തിനും പിൻവാതിൽ നിയമനങ്ങൾക്കും ബന്ധുനിയമനങ്ങൾക്കുമൊന്നും കുറവ് വരുത്തിയിട്ടുമില്ല. ഇപ്പോഴിതാ വീടു നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചിരിക്കുന്നു; കേട്ടുകേൾവിയില്ലാത്തവിധം. കെട്ടിട നിർമാണത്തിനുള്ള അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ ഏർപ്പെടുത്തിയ വർധന നിർമാണ മേഖലയെ തളർത്തുമെന്നു മാത്രമല്ല, പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നത്തെ ദിവാസ്വപ്നമാക്കുകയും ചെയ്യും.
കെട്ടിടം നിർമിക്കുന്നതിനുള്ള അപേക്ഷാഫീസ് 30ൽനിന്ന് കുറഞ്ഞത് 300 രൂപയാക്കി. അതായത് ഏറ്റവും ചെറിയ കേസിൽ പോലും 10 ഇരട്ടി. ഇതുകൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1,000 മുതൽ 5,000 രൂപവരെ കൂട്ടിയിട്ടുമുണ്ട്. പെർമിറ്റ് ഫീസിൽ ഇതിലും വലിയ ഇരുട്ടടിയാണ്. പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽനിന്ന് 7,500 രൂപയായും വലിയ വീടുകൾക്ക് 1,750ൽനിന്ന് 25,000 രൂപയായും വർധിപ്പിച്ചു. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽനിന്ന് 15,000 രൂപയിലേക്കാണ് വർധിപ്പിച്ചിരിക്കുന്നത്. 20 ഇരട്ടി. വലിയ വീടുകൾക്ക് 2,500 രൂപയിൽനിന്ന് 37,500 രൂപയാക്കി വർധിപ്പിച്ചു.
ജനം സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചപ്പോൾ സംഘടിത ദുഷ്പ്രചാരണമെന്നാണ് തദ്ദേശ മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്. നിങ്ങൾ തച്ചുതകർത്ത സാന്പത്തിക ഭദ്രതയെ മറികടന്ന് റേഷൻ വാങ്ങാൻ തത്രപ്പെടുന്ന ജനങ്ങൾക്ക് ദുഷ്പ്രചാരണത്തിനൊക്കെ എവിടെയാണു സമയം? കെട്ടിട പെർമിറ്റിൽ പത്തും ഇരുപതും ഇരട്ടി ഒറ്റയടിക്കു വർധിപ്പിച്ചത് കൊള്ളയല്ലെങ്കിൽ മറ്റെന്താണെന്നു മന്ത്രി പറഞ്ഞുതരണം. വേണ്ടത്ര ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും അങ്ങു പറഞ്ഞു. നിങ്ങൾ ആരോടാണ് ചർച്ച നടത്തിയത്. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ അറിഞ്ഞിട്ടില്ല. 80 ചതുരശ്ര മീറ്റര് (861.1 ചതുരശ്ര അടി) വരെയുള്ള നിര്മാണത്തിന് ഒരു പൈസ പോലും വര്ധിപ്പിച്ചിട്ടില്ലത്രേ. ഇത്തിരികൂടി സൗകര്യമുള്ള വീട് ആർഭാടമാണെങ്കിൽ നിങ്ങളുടെയൊക്കെ ഇപ്പോഴത്തെ വീടുകളെക്കുറിച്ച് എന്തു പറയും? തദ്ദേശ സ്ഥാപനങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണത്രെ ഇത്. ബഹുമാനപ്പെട്ട മന്ത്രീ, കാശു കിട്ടുന്ന തദ്ദേശ സ്ഥാപനങ്ങൾക്കല്ല, അതു കൊടുക്കേണ്ടിവരുന്ന അത്താഴപ്പട്ടിണിക്കാർക്കാണ് പരാതിയുണ്ടാകുക എന്ന സാമാന്യയുക്തിയെങ്കിലും അങ്ങ് ഓർക്കേണ്ടതല്ലേ?
പ്രതിപക്ഷത്തായിരുന്നപ്പോൾ ജനപക്ഷ നിലപാടുകളും വരട്ടുവാദങ്ങളുമുന്നയിച്ച് ആളെ കബളിപ്പിച്ചവർ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് തിരിച്ചറിയാൻ ജനങ്ങൾക്കു കഴിവില്ലെന്നു കരുതരുത്. ജനങ്ങളിൽനിന്നു പല വിധത്തിൽ നിങ്ങൾ കുത്തിപ്പിരിച്ചതിനൊക്കെ കണക്കുണ്ട്. ഇതേ ജനങ്ങൾക്കു നിങ്ങൾ അധികാരത്തിലെത്തിയ ശേഷം എന്തു വരുമാനമാണ് അധികമുണ്ടായതെന്നുകൂടി കണക്കു നിരത്തി പറയാനാകുമോ? നികുതി വർധന ഉൾപ്പെടെയുള്ള കുറുക്കുവഴികളിലൂടെ മാത്രം വരുമാനമുണ്ടാക്കി ഭരണം നടത്താമെന്ന ചിന്ത കഴിവുകേടിന്റെ അടയാളമാണ്. മിഥ്യാഭിമാനത്തിന്റെ സിംഹാസനങ്ങളിൽനിന്നിറങ്ങി, പ്രതിപക്ഷവുമായും മറ്റ് സാന്പത്തിക വിദഗ്ധരുമായും ചർച്ച നടത്തി കടുത്ത പ്രതിസന്ധി മറികടക്കാൻ ഇനിയെങ്കിലും തയാറാകണം. തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ ഇങ്ങനെ വെല്ലുവിളിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനം ഉണ്ടോ?
പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങൾ നേരിട്ടുമൊക്കെ പറഞ്ഞിട്ടും നികുതി-ഫീസ് വർധനകളിൽനിന്നു പിന്മാറില്ല എന്നു പറയുന്നത് ഇരട്ടച്ചങ്ക് മോഡൽ പൊങ്ങച്ചമല്ലാതെ മറ്റൊന്നുമല്ല. തെറ്റായ തീരുമാനങ്ങളിൽനിന്നു ജനഹിതമനുസരിച്ച് പിന്നാക്കം മാറുക എന്നത് സർക്കാരുകളുടെ ജനകീയ മുഖമാണ് വെളിപ്പെടുത്തുന്നത്. മറിച്ചുള്ളത് വ്യക്തിപരമായ ധാർഷ്ട്യമോ ഭരണപരമായ സ്വേച്ഛാധിപത്യമോ ആണ്. നിങ്ങളുടെ ഭരണപരാജയംകൊണ്ട് മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന ജനങ്ങളോട് തരിന്പെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ പെർമിറ്റ് ഫീസ് വർധനയെന്ന നുകം ജനങ്ങളുടെ കഴുത്തിൽനിന്നു മാറ്റണം. വൈകരുത്, അത്രയ്ക്കങ്ങു മടുത്തു.