നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ
ദളിതർക്കും ആദിവാസികൾക്കും എതിരേയുള്ള കുറ്റകൃത്യങ്ങൾ ഓരോ വർഷവും രാജ്യത്തു വർധിക്കുകയാണ്. 2020നെക്കാൾ 6.4 ശതമാനം കുറ്റകൃത്യങ്ങൾ 2021ൽ അധികമായുണ്ടായെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നു.
ആദിവാസിയും ആഹരിക്കാനൊന്നുമില്ലാത്തവനുമായ ഒരുവനെ പട്ടാപ്പകൽ പരസ്യവിചാരണ നടത്തി ഇല്ലാതാക്കിയ കുറ്റവാളികൾ നടത്തിയ സകല അട്ടിമറിശ്രമങ്ങളെയും പരാജയപ്പെടുത്താൻ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു കഴിഞ്ഞിരിക്കുന്നു. അട്ടപ്പാടിയിലെ മധു വധക്കേസിലെ 16 പ്രതികളിൽ കുറ്റവാളികളെന്നു കണ്ടെത്തിയ 14 പേർക്കുള്ള ശിക്ഷ ഇന്നു വിധിക്കും. ശിക്ഷ വലുതോ ചെറുതോ എന്നത് ഇരയുടെ കുടുംബത്തിനു ലഭ്യമാകുന്ന നീതിയുടെ അളവുകോലാകാമെങ്കിലും കുറ്റവാളികൾക്കു രക്ഷപ്പെടാനായില്ല എന്നതുതന്നെ ആശ്വാസകരമാണ്.
മരണാനന്തര നീതി എന്നത് ആലങ്കാരിക വാക്കാണ്. കൊടുത്തെന്ന് അവകാശപ്പെട്ട് നമുക്ക് ആശ്വസിക്കാമെങ്കിലും അനീതിക്കിരയായി കൊല്ലപ്പെട്ട ആർക്കും അതു കൈപ്പറ്റാനാകില്ല. ഭക്ഷണവും മരുന്നും കിടപ്പാടവുമായിരുന്നു മധുവിനുള്ള നീതി. അതു കൊടുത്തില്ലെന്നു മാത്രമല്ല, അനീതിയുടെ സൃഷ്ടിയായ വിശപ്പ് സഹിക്കാനാവാതെ ഇത്തിരി ഭക്ഷണമെടുത്തതിന്റെ പേരിൽ അയാളെ കൊല്ലുകയും ചെയ്തു. അതിനാൽ, കോടതിവിധിയിലെ നീതി കൈമാറ്റപ്പെടുന്നത് മധുവിന്റെ കുടുംബാംഗങ്ങൾക്കും മറ്റു പിന്നാക്കക്കാർക്കും മനുഷ്യത്വത്തിനും വേണ്ടിയാണ്.
കോടതിവിധിയിലൂടെ നടപ്പാക്കപ്പെടുന്ന ശിക്ഷ കുറ്റവാളികൾക്കുള്ള മുന്നറിയിപ്പുമായതിനാൽ അത് അനിവാര്യവുമാണ്. പക്ഷേ, അതെല്ലാം കഴിഞ്ഞുപോയ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇനിയൊരു മധു അവഹേളിതനായി കൈകൾ ബന്ധിക്കപ്പെട്ട് ആട്ടും തുപ്പുമേറ്റ് ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയാകരുത്. അത് ചെയ്യേണ്ടത് സർക്കാരാണ്. ഇനിയെങ്കിലും അതിനു കഴിയുമോയെന്നതാണ് ചോദ്യം.
മധു കൊല്ലപ്പെട്ടത് 2018 ഏപ്രിൽ 22നാണ്. അട്ടപ്പാടിയിലെ ചിണ്ടക്കി ഊരിലെ നിർധനനായ ആദിവാസി യുവാവ് ചെയ്ത കുറ്റം പലചരക്കു കടയിൽനിന്ന് ഇത്തിരി അരിയും മുളകും എടുത്തു എന്നതായിരുന്നു. അതു ചെയ്യുന്പോൾ അയാൾ വിശന്നു ചാകാറായ അവസ്ഥയിലായിരുന്നെന്ന് കൊലപാതകം നടത്തിയ ആൾക്കൂട്ടം പകർത്തിയ ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. എല്ലും തോലുമായി കൈകൾ ബന്ധിക്കപ്പെട്ട്, തന്നെ മർദിക്കുന്നവരോട് പ്രതികരിക്കാൻപോലും ധൈര്യമോ ശേഷിയോ ഇല്ലാതിരുന്ന അയാളെ തല്ലിയും ചവിട്ടിയും ഒരു പറ്റം ആളുകൾ വകവരുത്തിക്കളഞ്ഞു. അനാരോഗ്യത്തെത്തുടർന്നു കാടുകയറി ഗുഹയിൽ തനിച്ചു കഴിഞ്ഞിരുന്ന മധുവിനെ അവിടെനിന്നു പിടിച്ചുകൊണ്ടു വരികയായിരുന്നു. നാലു കിലോമീറ്ററകലെ മുക്കാലിവരെ കൈകൾ ബന്ധിച്ച് തലയിൽ ചുമടുമേറ്റി നടത്തിച്ചതിനിടെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. പിന്നീട് പോലീസിലേൽപ്പിച്ചെങ്കിലും ആശുപത്രിയിൽ മരിക്കുകയായിരുന്നു.
ആദിവാസികൾക്കും ദളിതർക്കുമെതിരേ ഇത്തരം ക്രൂരതകൾ ചെയ്യാൻ തങ്ങൾക്ക് കുറ്റബോധത്തിന്റെ കാര്യമില്ലെന്ന് പലരും കരുതുന്നുണ്ട്. നവോത്ഥാനത്തിന്റെയും പരിഷ്കാരത്തിന്റെയും സാക്ഷരതയുടെയുമൊക്കെ വേഷഭൂഷാദികളിൽ ഒളിപ്പിച്ചുവച്ച പ്രാകൃതവും വികൃതവുമായ സവർണചിന്ത ഇടയ്ക്കൊക്കെ തനതു വില്ലൻവേഷം ആടാറുണ്ട്. കഴിഞ്ഞ ഫെബ്രുവരി 11നാണ് വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെന്ന ആദിവാസി യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയതായിരുന്നു അയാൾ. രോഗികളുടെ കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 12 പേർ വളഞ്ഞുവച്ചു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തതിനു പിന്നാലെയാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ പറഞ്ഞു. പോലീസ് അന്വേഷണം എങ്ങുമെത്താതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരിക്കുകയാണ്.
ദളിതർക്കും ആദിവാസികൾക്കും എതിരേയുള്ള കുറ്റകൃത്യങ്ങൾ ഓരോ വർഷവും രാജ്യത്തു വർധിക്കുകയാണ്. 2020നെക്കാൾ 6.4 ശതമാനം കുറ്റകൃത്യങ്ങൾ 2021ൽ അധികമായുണ്ടായെന്ന് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നു. 28 കോടി ദളിതരിലും 10 കോടിയിലേറെ ആദിവാസികളിലും മഹാഭൂരിപക്ഷവും ജാതിവിവേചനത്തിലും സാമൂഹിക-സാന്പത്തിക പിന്നാക്കാവസ്ഥയിലും തളയ്ക്കപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കേരളത്തിന്റെ മനോഭാവത്തിലും മാറ്റമുണ്ടാകണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിക്ഷിക്കപ്പെടാനുള്ള സാധ്യത കൂടുതലുണ്ടെന്ന ചിന്തയാവാം ദളിതർക്കും ആദിവാസികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തിൽ ഇത്രയെങ്കിലും കുറഞ്ഞിരിക്കാൻ കാരണം.
അതിനെ ബലപ്പെടുത്തുന്നതാണ് മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടം. കുടുംബത്തിലെ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടതിന്റെ തീരാദുഃഖത്തിനു പുറമേ, പ്രതികളിൽനിന്നുള്ള ഭീഷണിയെയും സാന്പത്തിക പരാധീനതകളെയുമൊക്കെ മറികടന്നാണ് അവർ നിയമവഴിയിൽ ഉറച്ചുനിന്നത്. 100 സാക്ഷികൾ ഉണ്ടായിരുന്നതിൽ 24 പേർ ഒന്നിനു പിറകെ ഒന്നായി കൂറുമാറുകയും പബ്ലിക് പ്രോസിക്യൂട്ടർമാർ ചുമതല ഏൽക്കാതിരിക്കുകയും ചെയ്തിട്ടും അവർ പതറാതെ നിന്നു.
പോലീസുകാരും നാട്ടുകാരുമുൾപ്പെടെ അവർക്കൊപ്പം നിന്ന മനുഷ്യസ്നേഹികളുമുണ്ട്. അത്തരമാളുകളുടെ വിലപ്പെട്ട സഹായങ്ങളും മനുഷ്യത്വവും മറക്കാവുന്നതല്ല. പക്ഷേ, അത്തരം ഔദാര്യങ്ങളുടെ ഫലമായി കിട്ടേണ്ടതല്ല, ദളിതർക്കും ആദിവാസികൾക്കുമുള്ള നീതി. വിക്തോർ യൂഗോ പാവങ്ങളിൽ പറയുന്നൊരു വാക്കുണ്ട്. “”മുന്നാക്കക്കാരിലുള്ള മനുഷ്യത്വത്തെക്കാളധികം പിന്നാക്കക്കാരിൽ ദുരിതങ്ങളുണ്ട്.’’’’ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നീതിപീഠവും മാധ്യമങ്ങളുമുൾപ്പെടെ ചിന്തിക്കേണ്ട കാര്യമാണത്. എങ്ങനെയാണ് സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിട്ടിട്ടും മുന്നാക്കക്കാർ വച്ചുനീട്ടുന്ന മനുഷ്യത്വത്തെക്കാൾ ഉപരിയായി പിന്നാക്കക്കാരുടെ ദുരിതങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുന്നത് എന്ന കാതലായ ചോദ്യം നമുക്കിടയിലുണ്ട്. തുല്യനീതി ഉറപ്പാക്കാത്ത ജനാധിപത്യത്തിന്റെ ഇരകൂടിയാണ് മധു. മരണാനന്തര നീതികൊണ്ട് അയാൾക്കിനി കാര്യമില്ല. നീതി കിട്ടേണ്ടത് ജീവിച്ചിരിക്കുന്ന ദളിതർക്കും ആദിവാസികൾക്കുമാണ്. തലമുറകളായി അവരെ മഴയത്തുനിർത്തുന്നവർക്ക് എങ്ങനെയാണ് മനുഷ്യരാണെന്ന് അവകാശപ്പെടാനാകുന്നത്?