ആശംസിച്ചാൽ പോര ശുഭയാത്ര
ആക്രമണങ്ങളും മരണങ്ങളും കഴിയുന്പോൾ ഉണ്ടാകുന്ന അന്വേഷണങ്ങളും മറ്റു പ്രഖ്യാപനങ്ങളുമൊക്കെ സ്വാഭാവികമാണ്. പക്ഷേ, അത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രതിബദ്ധതയുള്ള സർക്കാരിന്റെ ഉത്തരവാദിത്വം.
ഒരു കൊലയാളി സൃഷ്ടിച്ച ക്രൂരതയുടെയും ആശങ്കയുടെയും അഗ്നിനാളങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോഴിക്കോടിനടുത്ത് എലത്തൂരിൽ വച്ചാണ് ഓടുന്ന ട്രെയിനിൽ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് മൂന്നുപേർ മരിച്ചത്. മാവോയിസ്റ്റായാലും മറ്റു തീവ്രവാദ സംഘടനയിൽ പെട്ടയാളായാലും കുറ്റവാളിയെയും പിന്നിലുള്ളവരെയും നിയമത്തിനു മുന്നിലെത്തിക്കണം. ഇത്തരം വിധ്വംസകപ്രവർത്തനങ്ങൾ ആവർത്തിക്കില്ലെന്നും ജനങ്ങൾക്കു സുരക്ഷിതമായി യാത്ര ചെയ്യാമെന്നും സർക്കാർ ഉറപ്പാക്കുകയും വേണം.
ഞായറാഴ്ച ഉച്ചയ്ക്ക് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് സംഭവം. കോഴിക്കോടും എലത്തൂരും പിന്നിട്ടയുടനെ 9.20ന് ഡി-1 കോച്ചിലേക്ക് പെട്രോൾ നിറച്ച കുപ്പിയുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തീ കത്തിക്കുകയുമായിരുന്നു. പരിഭ്രാന്തരായ യാത്രക്കാർ തീ കെടുത്താൻ ശ്രമിക്കുകയും പലരും അടുത്ത കംപാർട്ട്മെന്റിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയെങ്കിലും കോരപ്പുഴ പാലത്തിനു മുകളിലായിരുന്നതിനാൽ പരിക്കേറ്റവരെ മറ്റു കംപാർട്ട്മെന്റുകളിലൂടെ പുറത്തെത്തിക്കേണ്ടിവന്നു. അക്രമി ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. ട്രെയിൻ നിർത്തുന്നതിനുമുന്പ് പുറത്തേക്കു ചാടിയവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് റഹ്്മത്ത്, നൗഫീക്ക്, രണ്ടര വയസുകാരി സഹറ എന്നിവരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്നു കണ്ടെത്തിയത്. ഒന്പതുപേർക്കു പൊള്ളലേറ്റു. യാത്രക്കാർ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ചു തീ കൊളുത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ തീവ്രസംഘങ്ങളെയും സംശയിക്കുന്നുണ്ട്. അക്രമിയെന്നു സംശയിക്കുന്നയാളിന്റെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടു. സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് രണ്ടു മൊബൈൽ ഫോണുകൾ, അര ലിറ്ററോളം പെട്രോൾ അടങ്ങിയ കുപ്പി, ലഞ്ച് ബോക്സ്, പായ്ക്കറ്റ് ഭക്ഷണം, ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതിയ ബുക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസും റെയിൽവേ പോലീസും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണ ഏജൻസികളും തീവ്രവാദ വിരുദ്ധ സ്ക്വാഡും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
അക്രമി തീവ്രവാദിയായാലും മനോരോഗിയായാലും യാത്രക്കാരുടെ സുരക്ഷിതത്വമാണ് ചോദ്യം ചെയ്യപ്പെട്ടത്. ടിക്കറ്റ് എടുത്തോ എടുക്കാതെയോ ഏതൊരാൾക്കും ഏതുനിമിഷവും പെട്രോൾ ഉൾപ്പെടെ ട്രെയിനിൽ നിരോധിച്ചിരിക്കുന്ന വസ്തുക്കളുമായി കംപാർട്ട്മെന്റിൽ പ്രവേശിക്കാനും എലത്തൂരിൽ സംഭവിച്ചതുപോലെയുള്ള ആക്രമണങ്ങൾ നടത്തി രക്ഷപ്പെടാനും സാധിക്കുമെന്നത് ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്കു വിരൽ ചൂണ്ടുന്നു. അപകടങ്ങളോ ദുരന്തങ്ങളോ സംഭവിച്ചയുടനെ റെയിൽവേയും സർക്കാരും കാണിക്കുന്ന അന്വേഷണവും ജാഗ്രതയുമൊന്നും പിന്നീടു കാണാറില്ല. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഏറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. 3000 കോടി രൂപ ചെലവിട്ട് 11,000 ട്രെയിനുകളിലും 8,500 റെയിൽവേ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി കാമറകൾ സ്ഥാപിക്കുമെന്ന് 2018 ജനുവരിയിൽ റെയിൽവേ അറിയിച്ചെങ്കിലും അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർണമായി നടപ്പായിട്ടില്ല. കഴിഞ്ഞ വർഷം, 2,930 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചെന്നാണ് 2022 ഡിസംബറിൽ റെയിൽവേ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്.
60,000-ത്തോളം വരുന്ന എല്ലാ കോച്ചുകളുടെയും വാതിലുകളിലും ഇടനാഴികളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. ഇന്റർനെറ്റ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള സിസിടിവികളിൽ മുഖം തിരിച്ചറിയാനാകും. ട്രെയിനിലെ ബട്ടണമർത്തി യാത്രക്കാർക്ക് അടുത്തുള്ള ആർപിഎഫ് പോസ്റ്റുകൾ, ഡിവിഷണൽ, സോണൽ ആസ്ഥാനങ്ങൾ എന്നിവയുമായി ബന്ധപ്പെടാനുമുള്ള സംവിധാനത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ കോഴിക്കോട്ടെ കുറ്റവാളി ഇപ്പോൾ പിടിയിലാകുമായിരുന്നു. ഒരുപക്ഷേ, അക്രമം തന്നെ ഉണ്ടാകുമായിരുന്നില്ല.
ആക്രമണങ്ങളും മരണങ്ങളും കഴിയുന്പോൾ ഉണ്ടാകുന്ന അന്വേഷണങ്ങളും മറ്റു പ്രഖ്യാപനങ്ങളുമൊക്കെ സ്വാഭാവികമാണ്. പക്ഷേ, അത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രതിബദ്ധതയുള്ള സർക്കാരിന്റെ ഉത്തരവാദിത്വം. ആദ്യത്തേത് നടപടിക്രമവും രണ്ടാമത്തേത് ബുദ്ധിപൂർവമുള്ള ആസുത്രണവുമാണ്. പലതവണ പ്രഖ്യാപിച്ച ആസൂത്രണങ്ങൾ നടപ്പാക്കാനും യാത്രക്കാരെ അക്രമികൾക്കു വിട്ടുകൊടുക്കാതിരിക്കാനും കോഴിക്കോട് ദുരന്തം റെയിൽവേയെയും സർക്കാരിനെയും ഓർമിപ്പിക്കുന്നു. ശുഭയാത്ര എഴുതിവച്ചാൽപോര, നടപ്പാക്കണം.