ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രം
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട 641 പേരിൽ എത്ര സന്പന്നരുണ്ട്? എത്ര മന്ത്രിമാരുണ്ട്? എത്ര ജനപ്രതിനിധികളുണ്ട്? എത്ര ഉന്നത ഉദ്യോഗസ്ഥരുണ്ട്? എത്ര മൃഗസ്നേഹികളുണ്ട്? അതെങ്ങനെ സംഭവിക്കുന്നു? അന്വേഷിക്കണ്ടേ? നമുക്ക് പരിസ്ഥിതി വേണം. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന ബോധവും വേണം.
നാടു കയറിയ കാടിന്റെയും വന്യമൃഗങ്ങളുടെയും സംരക്ഷകവേഷം കെട്ടിയ കപട പരിസ്ഥിതിവാദികളും സർക്കാരുകളും നിയമങ്ങളും ചേർന്ന് കഴിഞ്ഞ വർഷം 641 മനുഷ്യരെക്കൂടി കൊന്നൊടുക്കി. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കാണത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരാണ് ലജ്ജയോ കുറ്റബോധമോ ലവലേശമില്ലാതെ ഈ കൊലപാതകക്കണക്ക് രാജ്യസഭയിൽ പറഞ്ഞത്. വിവേചനബുദ്ധിയില്ലാത്ത മൃഗങ്ങൾക്കൊപ്പം ചേർന്ന വകതിരിവില്ലാത്ത പരിസ്ഥിതിവാദികൾ മാത്രമല്ല, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സർക്കാരുകളും കാലഹരണപ്പെട്ട വനം-പരിസ്ഥിതി നിയമങ്ങളുടെ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുമൊക്കെ ഉത്തരം പറയേണ്ടതാണ് ഈ മരണപ്പട്ടികയ്ക്ക്. ഇതിങ്ങനെ എത്രകാലം?
രാജ്യത്തു വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് പി. സന്തോഷ് കുമാർ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കൊല്ലപ്പെട്ടവരുടെ 2021-22ലെ കണക്കു പറഞ്ഞത്. കേരളത്തിൽ മാത്രം 25 ഹതഭാഗ്യർ കൊല്ലപ്പെട്ടു. പരിക്കേറ്റും നിത്യചികിത്സയിലുമായി കഴിയുന്നവർ വേറെ. പാവങ്ങളും കർഷകരും ആദിവാസികളുമായ വനസമീപഗ്രാമങ്ങളിലെ മനുഷ്യരുടെ ദുരിതത്തിന് അധികാരികൾ പുല്ലുവില പോലും കൊടുക്കുന്നില്ലെന്നതാണ് തിരിച്ചറിയേണ്ടത്. ഡൽഹിയിലാവട്ടെ തിരുവനന്തപുരത്താകട്ടെ അധികാരികളും ഉദ്യോഗസ്ഥരും മൃഗസ്നേഹികളും സന്പന്നരുമൊക്കെ അധിവസിക്കുന്ന പട്ടണങ്ങളിലോ ഭവനസമുച്ചയങ്ങളിലോ പരിസരത്തോ ആനയും പുലിയും കടുവയും കാട്ടുപന്നിയുമിറങ്ങിയാൽ, അവ നിങ്ങളുടെ പ്രിയപ്പെട്ടവരെ കൊല്ലുകയോ തിന്നുകയോ ചെയ്താൽ ഇങ്ങനെ നിർവികാരരായിരിക്കാൻ നിങ്ങൾക്കാവുമോ? ഗ്രാമങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ദളിതരുടെയും ജീവനേക്കാൾ എന്തു മേന്മയാണ് നിങ്ങൾക്കുള്ളത്?
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും സംസ്ഥാന സർക്കാരുകൾക്കാണെന്നും സംസ്ഥാനത്തുനിന്നു കിട്ടുന്ന റിപ്പോർട്ടനുസരിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ സാന്പത്തിക, സാങ്കേതിക സഹായങ്ങൾ അനുവദിക്കുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെ മറുപടി. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്സ്, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് എന്നീ പദ്ധതികളിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്നതായും മറുപടിയിലുണ്ട്. ഈ മറുപടിയിൽ ഒരു വിചിത്ര പരാമർശമുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം എവിടെയാണുള്ളത്? ഒരു സംഘർഷവുമില്ല. വന്യജീവികൾ മനുഷ്യരുടെ വാസസ്ഥലത്തെത്തി എതിരില്ലാതെ കൊന്നൊടുക്കുകയാണ്. ഇത്തരം വാക്കുകൾപോലും എന്തു വിഡ്ഢിത്തമാണ്? പിന്നെ നഷ്ടപരിഹാരത്തിന്റെ കാര്യം. ഈ രാജ്യത്താരും ആഗ്രഹിക്കുന്നില്ല സർക്കാരേ, സ്വന്തം ആളുകളെ നഷ്ടപ്പെടുത്തി പരിഹാരത്തുക വാങ്ങാൻ? നിങ്ങളാഗ്രഹിക്കുമോ? നഷ്ടപരിഹാരമല്ല, ജീവനാണു വേണ്ടത്.
ജനങ്ങളുടെ ജീവനെ എത്ര നിസാരമായാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളും പരിസ്ഥിതി സംരക്ഷകരുമൊക്കെ കാണുന്നത്. കർഷകരുടെ ജീവിതത്തെക്കുറിച്ച്, അവരുടെ ജീവനെക്കുറിച്ച്, പട്ടിണിയെക്കുറിച്ച്, വിലയില്ലാത്ത കാർഷിക വിളകളെക്കുറിച്ച്, കൃഷിക്കൊപ്പം വളർന്നുകൊണ്ടേയിരിക്കുന്ന കടബാധ്യതകളെക്കുറിച്ച്, ജീവിതത്തെ അത്യന്തം ദുഃസഹമാക്കുന്ന നിയമത്തിന്റെ നൂലാമാലകളെക്കുറിച്ച്, വന്യജീവി ഭയത്താൽ ഉറങ്ങാത്ത രാത്രികളെക്കുറിച്ച്, വന്യജീവികൾ കൊന്നൊടുക്കിയതും ചവിട്ടിയരച്ച് മൃതപ്രായരാക്കിയതുമായ അവരുടെ മക്കളെക്കുറിച്ച്, മാതാപിതാക്കളെക്കുറിച്ച്, സഹോദരങ്ങളെക്കുറിച്ച്... ഇങ്ങനെ നൂറു നൂറു കഷ്ടതകളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? വന്യജീവികളുടെ അവകാശങ്ങളെക്കുറിച്ചു വാതോരാതെ വർത്തമാനം പറയുന്ന പരിസ്ഥിതി വായാടികൾക്ക് മനുഷ്യാവകാശത്തിന്റെ ബാലപാഠങ്ങളെങ്കിലും പറഞ്ഞുകൊടുക്കാൻ ഒരു നിയമത്തിനും കഴിയുന്നില്ലല്ലോ. പ്രകൃതിക്ഷോഭത്തിന്റെ ഓരോ പൊട്ടിയൊഴുകലും കഴിയുന്പോൾ മലന്പ്രദേശങ്ങളെ ഹരിതാഭമാക്കിയ കർഷകരെ പ്രതിസ്ഥാനത്തുനിർത്തുന്ന സ്ഥിരം തിരക്കഥയെഴുത്തുകാരായ മാധ്യമ പ്രവർത്തകരും വിചാരണ ചെയ്യപ്പെടണം.
മനുഷ്യന്റെ ചെയ്തികളാണ് പ്രകൃതിക്ഷോഭങ്ങൾക്കും ആഗോള താപനങ്ങൾക്കുമൊക്കെ കാരണമെങ്കിൽ അതിന്റെ ഉത്തരവാദികൾ സകല മനുഷ്യരുമാണ്. ഇക്കാണുന്നതെല്ലാം ഒരുകാലത്ത് കാടുകളായിരുന്നല്ലോ. നമുക്കൊന്നിച്ച് വീടുകളിൽനിന്നു പുറത്തിറങ്ങാം. എയർ കണ്ടീഷണറുകളും കാറുകളും ആധുനിക ജീവിത സാഹചര്യങ്ങളുമെല്ലാം വലിച്ചെറിയാം. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രമ്യഹർമ്യങ്ങളൊക്കെ ബുൾഡോസറുകൾക്ക് ഇടിച്ചുനിരത്തി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാം. അണക്കെട്ടുകളും വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുമൊക്കെ തകർക്കാം. പരിസ്ഥിതിക്കു സർവനാശം ഉറപ്പാക്കുന്ന ആയുധശേഖരങ്ങളൊക്കെ നിർവീര്യമാക്കാം. വിഷപ്പുക വമിപ്പിച്ച് ഓസോൺ പാളികളെ കുത്തിക്കീറുന്ന ഫാക്ടറികൾ നിലംപരിശാക്കാം...അവിടെയൊക്കെ വന്യമൃഗങ്ങൾ വിഹരിക്കട്ടെ!
പരിസ്ഥിതിവാദികൾ പറയുന്നതെല്ലാം തെറ്റാണെന്നല്ല. ശാസ്ത്രയാഥാർഥ്യങ്ങളെ വകതിരിവില്ലാതെ ഉപജീവനമാർഗമാക്കുകയാണ് ചിലർ. ഇവർക്കൊക്കെ ആയിരമായിരം വർഷങ്ങൾക്കു മുന്പും, മനുഷ്യർ ഇല്ലാതിരുന്ന കാലത്തും പ്രളയവും വരൾച്ചയും ഭൂകന്പങ്ങളും ഉരുൾപൊട്ടലുകളുമൊക്കെയുണ്ടായിരുന്നു. പുത്തനറിവുകളെ സ്വാർഥതാത്പര്യങ്ങളുമായി ചേർത്തുപയോഗിക്കുന്നവർ കുറേ മനുഷ്യരെ മാത്രം പ്രതിസ്ഥാനത്തു നിർത്തി മിടുക്കരായി. അവരെ എതിർത്താൽ പരിഷ്കാരമാകില്ലെന്നു തെറ്റിദ്ധരിച്ച ഭരണാധികാരികൾ പ്രശ്നം കൂടുതൽ വഷളാക്കി.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട 641 പേരിൽ എത്ര സന്പന്നരുണ്ട്? എത്ര മന്ത്രിമാരുണ്ട്? എത്ര ജനപ്രതിനിധികളുണ്ട്? എത്ര ഉന്നത ഉദ്യോഗസ്ഥരുണ്ട്? എത്ര മൃഗസ്നേഹികളുണ്ട്? തെരുവുനായ കടിച്ചു മരിക്കുന്നവരിൽപോലും ഇത്തരക്കാർ തുലോം കുറവാണ്. അതെങ്ങനെ സംഭവിക്കുന്നു? അന്വേഷിക്കണ്ടേ? നമുക്ക് പരിസ്ഥിതി വേണം. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന ബോധവും വേണം. നാശത്തെ അഭിമുഖീകരിക്കുന്പോൾ മനുഷ്യനു മുൻഗണന കൊടുക്കുന്ന ഭരണാധികാരികളും നിയമങ്ങളും വേണം. മനുഷ്യരെ കൊല്ലുന്നത്ര പെരുകിയാൽ മൃഗങ്ങളെ കൊന്നൊടുക്കണം. അല്ലാതെ, ദരിദ്രരും കർഷകരുമായ ഒരുപറ്റം മനുഷ്യരുടെ ചെലവിൽ ആഘോഷിക്കുന്ന ഈ പരിസ്ഥിതി പെരുന്നാൾ വേണ്ട. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു മുകളിൽ ഒരു മൃഗത്തെയും താലോലിക്കേണ്ട. 641 നിസഹായരുടെ ചോരയിലാണ് 2021-22ലെ മൃസംരക്ഷണം അരങ്ങേറിയതെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓർമിപ്പിക്കട്ടെ. ഈ മരണപ്പട്ടിക നിങ്ങൾക്കുള്ള കുറ്റപത്രമാണ്.