പെൺമക്കളെയോർത്തു വിലപിക്കുന്ന പാക് ന്യൂനപക്ഷങ്ങൾ
ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികൾ സഞ്ചരിക്കുന്ന പ്രാകൃതവഴിയിലാണ് പാക്കിസ്ഥാനും. അവർക്കു ജനാധിപത്യമൊക്കെ മതാധിപത്യത്തിനു കീഴിലുള്ള വെറും അലങ്കാരങ്ങളല്ലാതൊന്നുമല്ല.
സാന്പത്തികമായി മുച്ചൂടും നശിച്ചെങ്കിലും പാക്കിസ്ഥാനിൽ ഇസ്ലാമിക മതമൗലികവാദത്തിനു ദാരിദ്ര്യമില്ല. അതിന്റെ ക്രൂരതയ്ക്കു മുന്നിൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഭയചകിതരായി നിൽക്കുന്ന കാഴ്ച പരിഷ്കൃതലോകത്തിന്റെ നൊന്പരമാകുന്നു.
ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതമൗലികവാദികൾ നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇരകളാക്കുന്നതു പുതിയ വാർത്തയല്ല. പക്ഷേ, സർക്കാരും പോലീസും കോടതികളുംപോലും കുറ്റവാളികളെ തടയാതിരിക്കുകയോ അവർക്കു കൂട്ടുനിൽക്കുകയോ ചെയ്യുന്നതിനാൽ കുറ്റവാളികളുടെയും ഇരകളുടെയും എണ്ണം ഭയാനകമാംവിധം വർധിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് പാക്കിസ്ഥാൻ മതതീവ്രവാദത്തിനു സഹജമായ ദംഷ്ട്രകളാൽ നിസഹായരായ ന്യൂനപക്ഷങ്ങളെ കടിച്ചുകുടയുകയാണ്.
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുന്നതിനെതിരേ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ ഈ മാസം 30ന് നിയമസഭയിലേക്ക് പ്രതിഷേധറാലി സംഘടിപ്പിക്കുകയാണ്. മതമൗലികവാദികളോ വർഗീയവാദികളോ അധികാരത്തിലുള്ള രാജ്യങ്ങളിൽ മതന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തപ്പെടുന്നതിന്റെ നേർക്കാഴ്ചയാണ് നമ്മുടെ അയൽരാജ്യത്തു സംഭവിക്കുന്നത്. വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാനിൽ തുടരാൻ തീരുമാനിച്ച ന്യൂനപക്ഷങ്ങളാണ് അടിച്ചമർത്തലിന്റെയും മതവിവേചനത്തിന്റെയും കയ്പുനീർ കുടിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ പാക്കിസ്ഥാൻ ദരാവർ ഇത്തെഹാദിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
സിന്ധ് പ്രവിശ്യയിൽ ഭൂമി തട്ടിയെടുക്കൽ, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങളുടെ റിപ്പോർട്ടുകൾ നിരന്തരം പുറത്തുവരുന്നുണ്ടെങ്കിലും സർക്കാർ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന് ദരാവർ ഇത്തെഹാദ് ചെയർമാൻ ഫക്കീർ ശിവ കുച്ചി പറഞ്ഞു. ഓരോ വർഷവും ന്യൂനപക്ഷ മതസ്ഥരായ ആയിരത്തിലധികം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്കു മാറ്റുന്നതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ 86 ശതമാനവും പഞ്ചാബ് പ്രവിശ്യയിലും 11 ശതമാനം സിന്ധിലും രണ്ടു ശതമാനം ഇസ്ലാമബാദിലും ഒരു ശതമാനം ഖൈബർ പക്തൂൺഖ്വയിലുമാണ് നടക്കുന്നത്.
യുഎൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് കഴിഞ്ഞ ജനുവരി മധ്യത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ കൊച്ചു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനവും വിവാഹവും നടത്തുന്നതിനെക്കുറിച്ച് വസ്തുനിഷ്ഠ അന്വേഷണം നടത്തണമെന്നും ഈ സന്പ്രദായത്തിന് അറുതിവരുത്തണമെന്നുമാണ്. “13 വയസുള്ള കുട്ടികളെപ്പോലും വീടുകളിൽനിന്നു തട്ടിയെടുത്ത് വിദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോകുകയും മതപരിവർത്തനം നടത്തി ഇരട്ടി പ്രായമുള്ളവർക്കുപോലും വിവാഹം ചെയ്തു കൊടുക്കുകയും ചെയ്യുന്നത് അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ്. ഇതിനെതിരേ പരാതിപ്പെട്ടാൽ പ്രണയവിവാഹം കുറ്റകരമല്ലെന്നു പറഞ്ഞ് പോലീസ് കേസെടുക്കാൻപോലും തയാറാകില്ലെന്നാണ് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ പറയുന്നത്’’ -പ്രസ്താവനയിൽ പറയുന്നു. മതനേതൃത്വത്തിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നീതിന്യായ സംവിധാനത്തിന്റെയും പിന്തുണയോടെയാണ് ഇതു സംഭവിക്കുന്നത് എന്നതാണ് കൂടുതൽ ഭയാനകം. 2019 ജൂലൈ നാലിന് പാക്കിസ്ഥാനിലെ ഹൈദരാബാദിൽ സിന്ധ് പ്രവിശ്യയിൽനിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ ഹിന്ദു, ക്രിസ്ത്യൻ, സിക്ക് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെതിരേ പ്രതിഷേധറാലി നടത്തിയതാണ്. പക്ഷേ, മതമൗലികവാദികളായ ഭരണാധികാരികൾ ഇരകളെ ചെവിക്കൊണ്ടില്ല.
മതം തലയ്ക്കുപിടിച്ച പാക്കിസ്ഥാനെ സമ്മർദത്തിലാക്കാൻ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കാകില്ല. യുഎന്നിന്റെ ദുർബലമായ പ്രസ്താവനകൾക്കും ഫലമുണ്ടാകുന്നില്ല. ന്യൂനപക്ഷ പീഡനങ്ങൾ ഒഴിവാക്കാനുള്ള നിയമനിർമാണം വർഷങ്ങളായി പാക്കിസ്ഥാനിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും തീവ്രമതസംഘടനകളുടെ സമ്മർദം മൂലം നടപ്പാകുന്നില്ല. തട്ടിക്കൊണ്ടുപോകുന്നതുൾപ്പെടെയുള്ള നിർബന്ധിത മതപരിവർത്തനങ്ങൾക്കു 10 വർഷം തടവുശിക്ഷവരെ നൽകുന്ന നിയമം 2021 ഒക്ടോബറിൽ പാർലമെന്റെറി കമ്മിറ്റിതന്നെ തള്ളിക്കളഞ്ഞു.
ലോകമെങ്ങും ഇസ്ലാമിക തീവ്രവാദികൾ സഞ്ചരിക്കുന്ന പ്രാകൃതവഴിയിലാണ് പാക്കിസ്ഥാനും. അവർക്കു ജനാധിപത്യമൊക്കെ മതാധിപത്യത്തിനു കീഴിലുള്ള വെറും അലങ്കാരങ്ങളല്ലാതൊന്നുമല്ല. പാക്കിസ്ഥാനിലെ 22 കോടി ജനങ്ങളിൽ ഹിന്ദുക്കൾ രണ്ടു ശതമാനവും ക്രൈസ്തവർ കഷ്ടിച്ച് ഒന്നര ശതമാനവുമാണ്. അവിടെ പെൺമക്കളെയോർത്ത് ഉറങ്ങാത്ത മാതാപിതാക്കളുടെ കണ്ണീർ ഇന്ത്യയും കാണേണ്ടതാണ്. അന്തർദേശീയ വേദികളിൽ ഉൾപ്പെടെ വിഷയം ഉന്നയിക്കേണ്ടതുമുണ്ട്.