ബഫർ സോൺ: ഈ പോക്ക് അപകടത്തിലേക്ക്
2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി ലക്ഷക്കണക്കിന് മലയോര കർഷകരെ അടിമുടി തകർക്കും എന്നതുറപ്പാണ്. ഇവരുടെ ആശങ്ക കണ്ടില്ലെന്നു നടിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നുകൂടി കേരള സർക്കാരിനെ ഓർമപ്പെടുത്തട്ടെ.
ബഫർ സോൺ വിഷയത്തിൽ കേരള സർക്കാരിന്റെ മെല്ലെപ്പോക്ക് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. ഇളവുകൾ നേടാൻ സുപ്രീംകോടതി അനുവദിച്ച മൂന്നു മാസത്തിൽ ഒമ്പത് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഇനി അവശേഷിക്കുന്നത് കൃത്യം നാലാഴ്ച മാത്രം. ഇതുവരെയുള്ള സർക്കാർ നടപടികൾ ഫലം കാണുമെന്ന് ഈ വിഷയം ഗൗരവത്തോടെ നിരീക്ഷിക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമാണ്. ഇതുവരെ എന്തു ചെയ്തുവെന്ന് ജനങ്ങളോടു തുറന്നുപറയാൻപോലും സർക്കാർ തയാറായിട്ടില്ല. രാജ്യത്തെ ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ചുരുങ്ങിയത് ഒരു കിലോമീറ്റർ വായുദൂരത്തിലുള്ള പ്രദേശം പരിസ്ഥിതിലോല മേഖല (ബഫർ സോൺ) ആയി സംരക്ഷിക്കണമെന്ന 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി കേരളത്തിലെ ലക്ഷക്കണക്കിന് മലയോര കർഷകരെ അടിമുടി തകർക്കും എന്നതുറപ്പാണ്. ഇവരുടെ ആശങ്ക കണ്ടില്ലെന്നു നടിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നുകൂടി കേരള സർക്കാരിനെ ഓർമപ്പെടുത്തട്ടെ.
ബഫർ സോൺ ആകാനിടയുള്ള മിക്കയിടങ്ങളിലും മനുഷ്യർ തിങ്ങിപ്പാർക്കുകയാണ്. ആ പ്രദേശങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിയന്ത്രണങ്ങളിലും നിരോധനങ്ങളിലും കുടുങ്ങി രണ്ടാംതരം പൗരന്മാരായി ജീവിക്കേണ്ടിവരുമെന്നാണ് അവിടങ്ങളിലെ കർഷകർ അനുഭവത്തിൽനിന്നു പറയുന്നത്. അതു വസ്തുതയാണെന്നു സർക്കാരിനും അറിയാമല്ലോ. കേരളത്തിൽ ബഫർ സോണിനുള്ള കരടുവിജ്ഞാപനംതന്നെ സ്ഥിതിവിവര കണക്കുകൾ (ഇൻവെന്ററി) തയാറാക്കി അതിന്റെ അടിസ്ഥാനത്തിലാകണമെന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ബഫർ സോൺ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാരിനു സെൻട്രൽ എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തെയും സമീപിക്കാനും ഇൻവെന്ററി ആവശ്യമാണ്. എന്നാൽ, വനംവകുപ്പ് ഇക്കാര്യത്തിൽ പുലർത്തുന്ന അലംഭാവം സംശയങ്ങൾ ജനിപ്പിക്കുന്നു. വനംവകുപ്പിനുതന്നെയാണ് ഈ വിഷയത്തിൽ തുടർനടപടികൾക്കു ചുമതല എന്നതും കൂട്ടിവായിക്കണം.
സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തില്ലെങ്കിൽ സുപ്രീംകോടതി തീരുമാനമെടുക്കും. ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന 2019 ഒക്ടോബറിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതുപോലുള്ള പാളിച്ചകൾ തിരുത്തണം. ഇതുവരെയുള്ള നടപടികളും രേഖകളും വനംവകുപ്പ് പുറത്തുവിടണമെന്നും കെസിബിസി ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്ര രൂക്ഷമായ പ്രശ്നമായിട്ടും കാര്യങ്ങൾ സുതാര്യമല്ലെന്ന തോന്നലാണ് ബഫർ സോൺ പ്രദേശത്തെ കർഷകർക്കുള്ളത്. ബഫർ സോണിന്റെ അതിരുപോലും നിശ്ചയിക്കാത്ത വനംവകുപ്പിന് അവിടെ എത്രയാളുകൾ ജീവിക്കുന്നുണ്ടെന്നോ എത്ര വീടുകളുണ്ടെന്നോ അവരുടെ പ്രശ്നങ്ങൾ എന്തെന്നോ ചോദിച്ചാൽ ഉത്തരമില്ല. അതേസമയം, വന്യമൃഗങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് അറിയുകയും ചെയ്യാം. എണ്ണമറ്റ പ്രതിസന്ധികളിൽ വലയുന്നതിനിടെയാണ് ബഫർ സോണെന്ന ഉരുൾപൊട്ടലിൽ കർഷകർ പകച്ചുനിൽക്കുന്നത്.
കർഷകരുടെ വിയർപ്പിൽ കുതിർന്ന മണ്ണിനെ ജന്തുസ്ഥാനായി മാറ്റാൻ ആരു ശ്രമിച്ചാലും നടപ്പില്ലെന്ന് ലളിതമായ ഭാഷയിൽ പറയട്ടെ. എക്കാലവും കർഷകപക്ഷത്തുള്ള ദീപിക ബഫർ സോൺ വിഷയത്തിലും അവരുടെ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ടാകും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടുകളിലെ കർഷകവിരുദ്ധ സമീപനങ്ങളെയും കപട പരിസ്ഥിതിവാദികളുടെ ആക്രോശങ്ങളെയും വനംവകുപ്പിന്റെ കർഷകദ്രോഹനയങ്ങളെയും സർക്കാരിന്റെ അഴകൊഴന്പൻ നടപടികളെയും തുറന്നുകാട്ടുന്നതിൽ നാളിതുവരെ സ്വീകരിച്ച അതേ സമീപനമാണ് ഈ വിഷയത്തിലും ദീപികയ്ക്കുള്ളത്. അനേകം റിപ്പോർട്ടുകളിലൂടെയും നിരവധി മുഖപ്രസംഗങ്ങളിലൂടെയും യഥാസമയം ഞങ്ങൾ പ്രതികരിച്ചിട്ടുണ്ട്. കർഷക വിരുദ്ധത ആരുടെ പക്ഷത്തുനിന്നായാലും ചോദ്യംചെ യ്യാൻ ദീപികയ്ക്കു മടിയില്ല എന്നത് ചരിത്രവസ്തുതയാണ്. ബഫർ സോൺ വിഷയത്തിൽ ആശങ്കകളും അപ്രായോഗികതകളും പരിഹാരമാർഗങ്ങളും ഉൾപ്പെടുത്തി ഇന്നു പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പും അതിന്റെ ഭാഗമാണ്.
ബഫർ സോൺ പ്രദേശത്തെ മനുഷ്യരോടു കേരളമൊന്നാകെ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സമയമാണിത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകില്ലെന്ന് ഉറപ്പാകുവോളം അവർക്ക് സമാധാനമായി ഉറങ്ങാനാവില്ല. അതുവരെ സർക്കാർ ഉറങ്ങരുതെന്നു മാത്രം ഓർമിപ്പിക്കട്ടെ. മണ്ണിൽ പണിയെടുക്കുന്ന കർഷകരെ ജീവിക്കാൻ അനുവദിക്കണം.
-ഡോ. ജോർജ് കുടിലിൽ, ചീഫ് എഡിറ്റർ