ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്നിട്ടും വേഷങ്ങൾ അഴിച്ചുമാറ്റാതെ ആത്മഹർഷം പൂണ്ട് അങ്ങിങ്ങു നിൽപ്പുണ്ടായിരുന്നു
വിയ്യൂർ സെൻട്രൽ ജയിലിലെ ജയിലർ ടി. കുമാരൻ ഒരു ദിവസം എന്നെ ഫോണിൽ വിളിച്ചു. 1991 ഒക്ടോബർ രണ്ടിന് ജയിലിൽ നടക്കുന്ന ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് എന്റെ "സൂര്യാഘാതം' നാടകം തടവുപുള്ളികൾ അഭിനയിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് അദ്ഭുതമായി. തടവറയിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്നവർ നാടകം അഭിനയിക്കുമോ?
ജയിലിലെ അന്തേവാസികൾക്ക് ആസ്വദിക്കാനായി നാടകവും ഗാനമേളയും മറ്റും വല്ലപ്പോഴും പുറമേനിന്നു ബുക്ക് ചെയ്തുവരുത്തി അവതരിപ്പിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. ജയിലിൽ കഴിയുന്നവരിലും കലാവാസനയും അഭിനയ സാമർഥ്യവുമുണ്ടെന്നും അതു പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നത് മനഃശാസ്ത്രപരമായി ഗുണം ചെയ്യുമെന്നും അധികാരികൾക്കു തോന്നിയതിനാൽ ജയിൽ ഐജിയുടെ പ്രത്യേക അനുമതി ഇതിനായി അവർ വാങ്ങി. ഒരു റിസ്കാണ് എടുക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ റിഹേഴ്സൽ തുടങ്ങാൻ തീരുമാനിച്ചു.
തടവറയിലെ റിഹേഴ്സൽ
പകൽസമയത്തു മാത്രമേ റിഹേഴ്സൽ നടത്താനാവൂ. നാടകം പഠിപ്പിക്കാനും സംവിധാനം ചെയ്യാനും എന്നോടു ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടെങ്കിലും എനിക്ക് ഓഫീസിൽനിന്നു ലീവെടുക്കാനുള്ള ബുദ്ധിമുട്ട് അറിഞ്ഞപ്പോൾ തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനായ രാമചന്ദ്രൻ മൊകേരിയെ ആ ചുമതല ഏല്പിച്ചു. നാടകം നന്നായി പഠിച്ച ശേഷം ഒന്നോ രണ്ടോ ദിവസം ഞാൻ റിഹേഴ്സലിന് എത്തിക്കൊള്ളാമെന്നും വാക്കുകൊടുത്തു.
അങ്ങനെ ഒരു ദിവസം ലീവെടുത്തു ഞാൻ റിഹേഴ്സലിന് പോയി. സാമാന്യം വലിപ്പമുള്ള ഒരു ഹാളിലേക്ക് ജയിലർ എന്നെ കൂട്ടിക്കൊണ്ടുപോയി. റിഹേഴ്സൽ നടക്കുന്നത് അവിടെയാണ്. പുരുഷൻമാർ തന്നെയാണ് സ്ത്രീവേഷം കെട്ടുന്നത്. "നടീനടൻമാരെ' ജയിലർ എനിക്കു പരിചയപ്പെടുത്തി. എന്നെ കണ്ട മാത്രയിൽ സ്നേഹാദരങ്ങളോടെ അവരെല്ലാവരും അടുത്തുകൂടി. മോഷ്ടാക്കൾ, കവർച്ചക്കാർ, ജീവപര്യന്തക്കാർ, കൊലപ്പുള്ളികൾ ഇങ്ങനെയുള്ളവരാണ് ആ യുവാക്കൾ.
അല്പം കഴിഞ്ഞപ്പോൾ ജയിലർ പറഞ്ഞു: ""റിഹേഴ്സൽ തുടങ്ങിക്കോളൂ ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ.' ഇതുംപറഞ്ഞ് അദ്ദേഹം പോയി. അദ്ദേഹം മുറി വിട്ടയുടനെ കാവൽ നിൽക്കുന്നവർ എന്നെയും മുറിയിലാക്കി കവാടത്തിന്റെ ഇരുന്പുവാതിൽ അടച്ചു തണ്ടിട്ടു. ഞാൻ ഒന്നു പകച്ചു. എനിക്കു പേടി തോന്നി. ഭീകര കുറ്റവാളികളുടെ മധ്യേ ഞാൻ! ഉടനെ ഒരു വല്ലായ്മയോടെ ഞാൻ പറഞ്ഞു: ""എന്തിനാ വാതിലടച്ചു തണ്ടിട്ടത്, അതിന്റെ ആവശ്യമില്ല.'
""ഓ അതു പ്രശ്നമല്ല. ഇതു നിയമത്തിന്റെ ഒരു ഭാഗമാ. സാറിന് എപ്പോ വേണമെങ്കിലും പുറത്തു കടക്കാം' കാവൽക്കാരന്റെ മറുപടി.തുടർന്നു റിഹേഴ്സൽ ആരംഭിച്ചു. നല്ല നിലവാരമുള്ള അഭിനയം. ഓരോരുത്തരും അതതു കഥാപാത്രങ്ങളോടു നീതി പുലർത്തി. പലരും മികച്ച ഭാവാഭിനയം കാഴ്ചവച്ചു. ആ യുവാക്കളോട് അടുത്തിടപഴകിയപ്പോൾ ഇവരൊക്കെ എങ്ങനെ കുറ്റവാളികളായിത്തീർന്നു എന്നതിൽ അദ്ഭുതം തോന്നി. അത്ര നല്ല പെരുമാറ്റം. അന്തസുള്ള സമീപനം.
മുന്പ് നിശ്ചയിച്ച പ്രകാരം ഒക്ടോബർ രണ്ടിനു ജയിൽ സൂപ്രണ്ട് വി.എം. മാധവന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജയിൽ ഡിഐജി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഞാനും രാമചന്ദ്രൻ മൊകേരിയും ആശംസകളർപ്പിച്ചു സംസാരിച്ചു. സമ്മേളനാനന്തരം നാടകമാണ്. പ്രേക്ഷക സദസിൽ ക്ഷണിക്കപ്പെട്ട ഏതാനും പ്രമുഖ വ്യക്തികളും ജയിലിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും അതിനു പുറമേ തടവുകാരായ നിരവധി സ്ത്രീകളും മുന്നൂറോളം പുരുഷൻമാരും.
"സൂര്യാഘാതം' ആരംഭിച്ചു. വികാരനിർഭരവും സ്തോഭജനകവും സംഘർഷഭരിതവുമായ ഒട്ടേറെ മുഹൂർത്തങ്ങൾ ഈ നാടകത്തിലുണ്ട്. അഭിനേതാക്കൾ എല്ലാവരും തന്നെ അന്യോന്യം മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ചുരുക്കത്തിൽ നാടകാവതരണം- ജയിലിനുള്ളിലെ "സൂര്യാഘാതം'-പ്രതീക്ഷയിൽ കവിഞ്ഞ വിജയമായി. നാടകം ആദ്യന്തം ആസ്വദിച്ച ജയിൽ ഡിഐജി ശെൽവരാജ് അഭിനേതാക്കളെയും സംവിധായകരെയും രചയിതാവായ എന്നെയും മുക്തകണ്ഠം പ്രശംസിച്ചു.
ഒരു ദിവസത്തേക്കെങ്കിലും ജയിൽപ്പുള്ളികളെന്ന മുഖാവരണം എടുത്തുമാറ്റി കഥാപാത്രങ്ങളായി പ്രശോഭിച്ച അവർ നാടകം തീർന്നിട്ടും വേഷങ്ങൾ അഴിച്ചുമാറ്റാതെ ആത്മഹർഷം പൂണ്ട് അങ്ങിങ്ങു നിൽപ്പുണ്ടായിരുന്നു. ഡോക്ടർ സിംസനായി അഭിനയിച്ച യുവാവ് സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് വലിയ ഗമയിൽ ഒരു യഥാർഥ ഡോക്ടറെപ്പോലെ സ്റ്റേജിൽ വിലസുന്നുണ്ടായിരുന്നു. അതെല്ലാം കണ്ടപ്പോൾ അവരുടെ നേരേ എനിക്കു സഹതാപം തോന്നി.
എന്തായാലും ജയിലധികൃതർ വലിയ റിസ്ക് എടുത്തു നടത്തിയ പരീക്ഷണം വിയ്യൂർ സെൻട്രൽ ജയിലിന്റെ ചരിത്രത്തിലും എന്റെ ജീവിതത്തിലും മറക്കാനാവാത്ത ഒരു സംഭവമായി മാറി. ഓർമയുടെ അറയിൽ ചികയുമ്പോൾ ഇന്നും മായാത്ത ഏടുകളിലൊന്ന്.
സി.എൽ.ജോസ്