ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു
Wednesday, September 3, 2025 7:41 AM IST
വർഗീസ് പ്ലാമൂട്ടിൽ
ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.

ഓഗസ്റ്റ് 23, 24 തീയതികളില്‍ നടന്ന ആചരണത്തിൽ അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാ. ഡോ.നൈനാന്‍.വി.ജോര്‍ജ് മുഖ്യ കാര്‍മികനായിരുന്നു. സമീപ ഇടവകകളിൽ നിന്നുള്ള വൈദികരും ആഘോഷത്തിൽ പങ്കെടുത്തു. ആദ്യ ദിനത്തിൽ ഇടവക ഗായകസംഘത്തിന്റെ ഭക്തിഗാനങ്ങളും ശ്രദ്ധേയമായി.

ഇടവക വികാരി റവ.ഫാ.എബി പൗലോസ് പെരുന്നാളിന് മേൽനോട്ടം വഹിച്ചു. മുഖ്യ കാര്‍മികന്‍ റവ.ഫാ.ഡോ. നൈനാന്‍.വി.ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി.

ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ മുത്തുക്കുടകളും കത്തിച്ച മെഴുകുതിരികളുമേന്തി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെണ്ടമേളവും വെടിക്കെട്ടും പ്രദക്ഷിണത്തിന് കൊഴുപ്പേകി. ഓര്‍മ്മപ്പെരുന്നാളിന്‍റെ ഭാഗമായി നാടന്‍ ശൈലിയില്‍ ഇടവകയിലെ യുവജനങ്ങള്‍ മാര്‍ക്കറ്റ് ബോയ്സ് എന്ന പേരില്‍ സംഘടിപ്പിച്ച തട്ടുകട, സ്ത്രീകളുടെ സംരംഭമായ അടുക്കള ക്വീന്‍സ്, എംജിഒസിഎമ്മിന്‍റെ സ്മോഴ്സ് സ്റ്റേഷൻ, സൺഡേ സ്കൂളിന്‍റെ സ്റ്റാൾ എന്നിവയും ആഘോഷത്തിന് മാറ്റേകി.


ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അരങ്ങേറിയ ക്രിസ്തീയ ഗാനമേളയും പെരുന്നാളിനെ അവിസ്മരണീയമാക്കി. ഓഗസ്റ്റ് 24ന് റവ. ഫാ.ഡോ.നൈനാന്‍ വി.ജോർജിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെയാണ് പെരുന്നാളിന് പരിസമാപ്തിയായത്.
">