ഹാരിസ് കൗണ്ടിയിൽ കോവിഡ് ലെവൽ റെഡിലേക്ക്, പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം
Tuesday, January 11, 2022 3:22 PM IST
ഹൂസ്റ്റൺ : ഹാരിസ് കൗണ്ടിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിലെത്തിയതോടെ കോവിഡ് ലെവൽ ഓറഞ്ചിൽ നിന്നും റെഡിലേക്കുയർത്തുന്നതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ. കഴിഞ്ഞ പതിനാലു ദിവസത്തെ ശരാശരി ഐസിയു കേസുകൾ 18.1 ശതമാനമാണെന്നും ജഡ്ജി കൂട്ടിചേർത്തു.

നാം വീണ്ടും മറ്റൊരു കോവിഡ് സുനാമിയെ നേരിടുകയാണ്. ഒമിക്രോൺ വേരിയന്‍റിന്‍റെ വ്യാപനം കൗണ്ടിയിൽ അതിശക്തമായിരിക്കുന്നു. സാധാരണ നിലയിലേക്കു മടങ്ങി എന്ന് ആശ്വസിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വീണ്ടും കോവിഡ് ഉയർന്നത്.

ചൊവ്വാഴ്ച പ്ലാനറ്റ് ഫോർഡ് സ്റ്റേഡിയത്തിൽ ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്തുമായി സഹകരിച്ചു പരിശോധന കേന്ദ്രം തുറന്നു പ്രവർത്തിക്കുമെന്നും പ്രതിദിനം മുന്നൂറു പിസിആർ ടെസ്റ്റുകൾ അടുത്ത രണ്ടാഴ്ച നടത്തുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കുമെന്നും ജഡ്ജി ലിന ഹിഡൽഗ അറിയിച്ചു.

വാക്സിനേഷനും ഫേസ് മാസ്ക്കിംഗും സോഷ്യൽ ഡിസ്റ്റൻസിംഗും പാലിക്കാൻ കോവിഡ് 19 ലെവൽ ഡേ മുന്നറിയിപ്പു നൽകുന്നു.

പി.പി. ചെറിയാൻ