റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാൾ ഭക്തിനിർഭരമായി
Friday, September 17, 2021 10:47 AM IST
ന്യൂയോർക്ക്: റോക്‌ലാൻഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യാ മറിയത്തിന്‍റെ പിറവി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. വികാരി ഫാ .ബിബി തറയിൽ തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ചടങ്ങിൽ ക്നാനായ ഫോറന വികാരി ഫാ. ജോസ് തറക്കൽ , ഫാ. ജോസ് ആദോപ്പിള്ളി , ഹാർവെർസ്ട്രോ മേയർ മൈക്കിൾ കൊഹ്ട് ,തിരുനാൾ പ്രസൂതേന്തിമാർ , ഇടവകാംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു. തുടർന്നു നടന്ന ആഘോഷമായ ഇംഗ്ലീഷ് കുർബാനയോടെ പ്രധാന തിരുനാളിനു തുടക്കം കുറിച്ചു .

രണ്ടാം ദിവസം ലദിഞ്ഞോടെ ആരംഭിച്ച തിരുക്കർമങ്ങൾക്ക് ഫാ. ലിജു തുണ്ടിയിൽ മലങ്കര റീത്തിൽ കുർബാന അർപ്പിച്ചു. തുടർന്നു മാർ ജേക്കബ് അങ്ങാടിയത്ത് തിരുനാൾ സന്ദേശം നൽകി. വൈകുന്നേരം പള്ളിയങ്കണത്തിൽ അമേരിക്കയിലെ മികച്ച മലയാളി ഗായകർ അണിനിരന്ന ഗാർഡൻ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേളയും അരങ്ങേറി.

തിരുനാളിന്‍റെ പ്രധാന ദിവസം ലദീഞ്ഞോടെ ആരംഭിച്ച തിരുക്കർമങ്ങൾക്ക് റോക്‌ലാൻഡ് ക്നാനായ കത്തോലിക്കാ പള്ളി സ്ഥാപക വികാരി ഫാ. ജോസ് ആദോപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. ഫാ .ബിൻസ് ചേത്തലിൽ തിരുനാൾ സന്ദേശം നൽകി. തുടർന്നു സെന്‍റ് മേരീസ് ബീറ്റ്‌സ് ചെണ്ടമേള ത്തിന്‍റെ അകമ്പടിയോടെയുള്ള പ്രദക്ഷിണം നടന്നു. തുടർന്നു വിശുദ്ധ കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുനാൾ പ്രസുദേന്തിമാരുടെ വാഴ്ചയും നടന്നു. പ്രാർഥന ശുശ്രൂഷകൾക്കുശേഷം സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിച്ചു.

റിപ്പോർട്ട്: ജോസ് കാടാപുറം