ഫ്‌ളോറിഡയിൽ കെട്ടിടം തകര്‍ന്നു കാണാതായവരില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും
Friday, June 25, 2021 6:39 PM IST
ഷിക്കാഗൊ: മയാമി ബീച്ചിനടത്തു നിലനിന്നിരുന്ന കോണ്ടോ ബില്‍ഡിംഗ് തകര്‍ന്നുവീണ് കാണാതായ 99 പേരില്‍ ഷിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലാന്‍ നെയ്ബ്രഫ(21) എന്ന വിദ്യാര്‍ഥിയും ഗേള്‍ഫ്രണ്ട് ഡബോറ ബര്‍സഡിവിനും ഉള്‍പ്പെടുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ഥിച്ചു മാതാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കാണാതായവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയതില്‍ ഇന്ത്യന്‍ വംശജര്‍ ആരും ഉള്‍പ്പെട്ടിട്ടില്ല.

ജൂൺ 24 നു ഉച്ചക്ക് 1.30നാണ് 12 നിലകളുള്ള 136 യൂണിറ്റുകള്‍ തകര്‍ന്നു നിലം പതിച്ചത്. ഫ്‌ളോറിഡയില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നള്ളവര്‍ താമസിച്ചിരുന്നതാണ് തകര്‍ന്നു വീണ കെട്ടിടം. ഇതുവരെ ഒരാളുടെ മൃതദ്ദേഹം കണ്ടെടുത്തതായും 35 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

1981 ല്‍ പണികഴിപ്പിച്ചതാണ് തകര്‍ന്നു വീണ കെട്ടിടം. സംസ്ഥാനത്തെ നിയമമനുസരിച്ചു നാല്‍പതു വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ വിശദമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അതിനുള്ള നടപടികള്‍ ഇവിടെ നടന്നു വരികയായിരുന്നു.

നിരവധി സന്ദര്‍ശകര്‍ എത്തുന്ന ഫ്‌ളോറിഡയിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകള്‍ നടത്താതെ ലീസിന് നല്‍കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സൗത്ത് ഫ്‌ളോറിഡായില്‍ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഈ കെട്ടിടത്തിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഫ്‌ളോറിഡാ ചാപ്റ്റര്‍ അസോസിയേറ്റഡ് ബില്‍ഡേഴ്‌സ് ആൻഡ് കോണ്‍ട്രാക്ടേഴ്‌സ് സഇഒ പീറ്റര്‍ ഡൈഗ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ