ഫോമയ്ക്ക് അഭിമാനകരമായി ട്രഷറര്‍ തോമസ് റ്റി.ഉമ്മന്റെ ബജറ്റ്
Wednesday, October 28, 2020 2:13 PM IST
ന്യൂയോര്‍ക്ക്: ഫോമായുടെ ചരിത്രപുസ്തകത്തിലെ സാമ്പത്തിക അച്ചടക്കത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കുന്ന രണ്ട് മില്യണ്‍ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് ട്രഷറര്‍ തോമസ് റ്റി ഉമ്മന്‍.ഒക്ടോബര്‍ 24നു വെര്‍ച്വലായി നടന്ന ജനറല്‍ ബോഡിയുടെയും അധികാര കൈമാറ്റത്തിന്റെയും സംയുക്ത വേദിയിലാണ് ഏറെ ശ്രദ്ധേയമായ ഈ ബജറ്റ് അവതരിപ്പിച്ചത്. ഫോമയ്ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും എന്നും അഭിമാനിക്കാവുന്ന ബജറ്റാണിതെന്ന് വ്യക്തമാക്കിയ തോമസ് റ്റി.ഉമ്മന്‍ തന്റെ വരവുചെലവ് കണക്കുകളിലെ ദീര്‍ഘവീക്ഷണവും ഫോമയ്ക്കു ലഭിക്കുന്ന ജനകീയ പങ്കാളിത്തവും ഫോമയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ഫോമായുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ലഭിക്കുന്ന സഹകരണം തങ്ങളെ ആവേശഭരിതരാ ക്കുന്നുവെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി റ്റി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് റ്റി.ഉമ്മന്‍ , വൈസ് പ്രസിഡന്റ പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ ട്രഷറാര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രതിഫലനമാണ് ബജറ്റില്‍ കാണുന്നതെന്ന് നേതാക്കള്‍ ഏകസ്വരത്തില്‍ പറഞ്ഞു. ജനറല്‍ ബോഡിയില്‍ പങ്കെടുത്ത ഫോമാ പ്രതിനിധികളും നേതാക്കളും വളരെ ആവേശത്തോടെയാണ് ബജറ്റിനെ സ്വീകരിച്ചത്.

ബജറ്റിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം: 1.92 മില്ല്യന്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ രജിസ്ട്രേഷന്‍ ഇനങ്ങളിലായി 2,89,000 ഡോളര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, അതായത് ഫോമായുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ വില്ലേജ് പ്രോജക്ട് ഉള്‍പ്പെടെ 7,55,000 ഡോളറാണ് കണക്കാക്കുന്നത്. അംഗത്വ ഫീസ്, റീജിയണല്‍ തലത്തിലുള്ള വരുമാനം, നോമിനേഷന്‍, ജനറല്‍ സ്പോണ്‍സര്‍ഷിപ്പ്, സോവനീര്‍ തുടങ്ങിയ മേഖലകളില്‍ 2,85,680 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

ഈ ബജറ്റിന്റെ ചെലവ് വിവരങ്ങള്‍ ഇങ്ങനെയാണ്. ഹോട്ടല്‍ അക്കോമഡേഷന്‍, ബാങ്ക്വറ്റ് ആന്‍ഡ് ഫുഡ്, ഗസ്റ്റ് സപ്പോര്‍ട്ട്, ഓഡിയോ വീഡിയോ റെക്കോഡിങ്ങ്, മീറ്റിങ്ങുകളും സെമിനാറുകളും, ക്ലോസിങ്ങ് സെറിമണി, സൗണ്ട് സിസ്റ്റം, സ്റ്റേജ്, യാത്ര, പ്രിന്റിങ്ങ്, സെക്യൂരിറ്റി, പബ്ലിസിറ്റി, റെന്റ്, ഇന്‍ഷുറന്‍സ്, പുരസ്‌കാരങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ഇനങ്ങള്‍ക്കായി 2,53,000 ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാല്‍ 2022 ല്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന കണ്‍വന്‍ഷന്‍ നാലുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കണ്‍ വന്‍ഷനായിരിക്കും എന്നതിനാല്‍ കണ്‍വന്‍ഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യതായെന്നും അക്കാരണത്താലും, ഫോമയ്ക്കു ലഭിക്കുന്ന വമ്പിച്ച ജനകീയ പിന്തുണയും പുതുതായി ആരംഭിക്കുന്ന പ്രവാസി സഹായ പദ്ധതികളുമെല്ലാം കണക്കിലെടുത്തതാണ് ഫോമായുടെ 1.92 മില്യന്റെ ബജറ്റ് തയാറാക്കിയതെന്ന് തോമസ് റ്റി ഉമ്മന്‍ വ്യക്തമാക്കി.

2018-20 കാലഘട്ടത്തിലെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷത വഹിച്ച അധികാര കൈമാറ്റ ചടങ്ങില്‍ ഈ ജനപ്രിയ സംഘടനയുടെ താക്കോല്‍ കൈമാറിയത് പദ്ധതികളുടെ സമയോചിതമായ നിര്‍വഹണത്തിലൂടെയാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ഫോമാ വില്ലേജ് പ്രൊജക്റ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, നൂതനമായ ആശയങ്ങളോടുകൂടിയ ഫോമാ സഹായനിധി ചുരുങ്ങിയ സംഭാവനകള്‍ കൊണ്ട് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന തരത്തില്‍ ആരംഭിക്കുക, നഴ്സിങ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ് സ്‌കീമുകള്‍ക്കു ലഭിച്ച വമ്പിച്ച പിന്തുണ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടത്തക്ക വിധത്തില്‍ വിപുലീകരിക്കുക, നഗരപ്രാന്തങ്ങളില്‍ ഫ്ളാറ്റ് രീതിയിലുള്ള നിര്‍മ്മാണം ഫോമാ വില്ലേജ് പദ്ധതിയില്‍പെടുത്തുക, മലയാളിസമൂഹത്തിന് ആകര്‍ഷകമായ സ്വാന്തനസംഗീതം, യോഗാ ക്ലാസുകള്‍, കൃഷിപാഠം, ഓണ്‍ലൈന്‍ മലയാളം ക്ളാസുകള്‍ , ബിസിനസ് ഫോറം, പൊളിറ്റിക്കല്‍ ഫോറം, യൂത്ത് ഫോറം, നഴ്സിംഗ് ഫോറം, യംഗ് പ്രൊഫഷണല്‍സ്, ട്രാവല്‍ ഹെല്‍പ്, ലീഗല്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ ഫോറം തുടങ്ങി ഒട്ടേറെ കര്‍മ്മ പരിപാടികളും പദ്ധതികളുമായിട്ടാണ് ഫോമായുടെ അനിയന്‍ ജോര്‍ജ്, റ്റി ഉണ്ണികൃഷ്ണന്‍, തോമസ് റ്റി ഉമ്മന്‍, പ്രദീപ് നായര്‍, ജോസ് മണക്കാട്ട്, ബിജു തോണിക്കടവില്‍ എന്നിവരടങ്ങിയ പുതിയ ടീം പ്രതിജ്ഞാബദ്ധമായി അധികാരമേറ്റെടുത്തിരിക്കുന്നത്.

റിപ്പോർട്ട്: സാജു ജോസഫ് (പിആര്‍ഒ)