അമേരിക്കന്‍ തെരഞ്ഞെടുപ്പ്: കേരളാ ഡിബേറ്റ് ഫോറത്തിന്റെ വെര്‍ച്വല്‍ മീറ്റിംഗ് ആവേശോജ്വലം
Wednesday, October 21, 2020 3:59 PM IST
ഹൂസ്റ്റണ്‍: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ 16-ന് കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഡിബേറ്റ് ആവേശോജ്വലമായി. മികച്ച സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ എ.സി ജോര്‍ജ് ചര്‍ച്ച നയിച്ചു.

റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഈശോ സാം ഉമ്മന്‍, ജ്യോതി എസ് വര്‍ഗീസ്, ബെന്നി ഇടക്കര. തോമസ് ഏബ്രഹാം, മേരിക്കുട്ടി കുര്യാക്കോസ്, സുരേഷ് രാജ്, ജോമി ഓവേലില്‍, അനില്‍ പിള്ള, ജയ് ജോണ്‍സണ്‍, വര്‍ഗീസ് പ്ലാമൂട്ടില്‍, ജോണ്‍ കുന്തറ, ജോണ്‍ ചാണ്ടി, സൈജി ഏബ്രഹാം, പി.റ്റി. തോമസ്, ജോര്‍ജ് നെടുവേലി, കുഞ്ഞമ്മ മാത്യു, ജോയി സാമുവേല്‍, ജോണ്‍ മാത്യു, സി.ജി. ഡാനിയേല്‍, ഈപ്പന്‍ ഡാനിയേല്‍, ജോസ് കല്ലിടുക്കില്‍, ജോസഫ് കുന്തറ, പോള്‍ ജോണ്‍, സണ്ണി ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, മോന്‍സി വര്‍ഗീസ്, ജോയ് തുമ്പമണ്‍, സെബാസ്റ്റ്യന്‍ മാണി, സി. ആന്‍ഡ്രൂസ്, ജോണ്‍ കുന്‍ചല, തോമസ് മംഗളത്തില്‍, മാത്യു മത്തായി, ജയിംസ് കുരീക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലു വര്‍ഷത്തെ ഡൊണാള്‍ഡ് ട്രംപിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയും, തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും, അമേരിക്കയെ കൂടുതല്‍ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിനും അടുത്ത നാലു വര്‍ഷംകൂടി ട്രംപിനെ അനുവദിക്കണമെന്ന് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ ആവശ്യപ്പെട്ടപ്പോള്‍, ട്രംപിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടി പുതിയൊരു പ്രസിഡന്റ് അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ് ഡമോക്രാറ്റിക് അനുകൂലികള്‍ ബൈഡനെ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

നാല് വര്‍ഷം മാത്രം ഭരിക്കാന്‍ അവസരം ലഭിച്ച ട്രംപ് അമേരിക്കന്‍ ജനതയുടെ വികസനവും, സുരക്ഷിതത്വവും, സാമ്പത്തികസ്ഥിരതയും മാത്രം ലക്ഷ്യംവെച്ചു ധീരമായ നടപടികള്‍ സ്വീകരിച്ചതും, 47 വര്‍ഷം ഭരണ സിരാകേന്ദ്രത്തില്‍ കയറിപ്പറ്റിയ ബൈഡന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും, തുടര്‍ന്ന് ഭരണം ലഭിച്ചാല്‍ കൂടുതലൊന്നും അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാനാവില്ലെന്നും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഫ്രാന്‍സീസ് തടത്തില്‍, പി.പി. ചെറിയാന്‍, ജീമോന്‍ റാന്നി എന്നിവര്‍ അഭിപ്രായപ്പെട്ടു. എല്ലാവരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് ഫ്രാന്‍സീസ് തടത്തില്‍ അഭ്യര്‍ത്ഥിച്ചു. ഡിബേറ്റ് ഫോറം സംഘടകരായ സജി കരിമ്പന്നൂര്‍, സണ്ണി വള്ളിക്കളം. തോമസ് ഓലിയാംകുന്നേല്‍, തോമസ് കൂവള്ളൂര്‍, ജോസഫ് പൊന്നോലി എന്നിവര്‍ ഡിബേറ്റ് വിജയപ്രദമാക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍