സേതുരാമൻ പഞ്ചനാഥൻ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഡയറക്ടറായി ചുമതലയേറ്റു
Wednesday, July 8, 2020 7:58 PM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ സേതുരാമൻ പഞ്ചനാഥൻ നാഷണൽ സയൻസ് ഫൗണ്ടേഷന്‍റെ പുതിയ ഡയറക്ടറായി ചുമതലയേറ്റു. വൈറ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ കെൽവിന്‍റെ മുമ്പാകെയാണ് സേതുരാമൻ സത്യപ്രതിജ്ഞ ചെയ്തത്.

ട്രംപിന്‍റെ നോമിനിയായ സേതുരാമന്‍റെ നിയമനത്തിന് ജൂൺ 3ന് സെനറ്റ് ഐകകണ്ഠേനെ അംഗീകാരം നൽകിയിരുന്നു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ - കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദധാരിയാണ് സേതുരാം. നാഷണൽ സയൻസ് ഫൗണ്ടേഷൻ കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകൾക്ക് 110 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

ചെന്നൈയിൽ ജനിച്ച സേതുരാമന് സയൻസിനോടുള്ള ആഭിമുഖ്യമാണ് പുതിയ സ്ഥാന ലബ്ധിക്ക് നിദാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി നാഷണൽ സയൻസ് ഫൗണ്ടേഷൻ സയൻസിന്‍റെ ദ്രുതഗതിയുള്ള വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് നിരവധി പ്രോജക്ടുകൾക്കാണ് രൂപം നൽകിയിട്ടുള്ളത്. പുതിയ ജനറേഷനിലുള്ള കുട്ടികളിൽ സയൻസിനോടുള്ള അടങ്ങാത്ത ആവേശം ജ്വലിപ്പിക്കുക എന്നതാണ് പ്രഥമ കർത്തവ്യമെന്നും തനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരത്തിൽ താൻ അഭിമാനിക്കുന്നുവെന്നും സേതുരാമൻ പറഞ്ഞു.


റിപ്പോർട്ട്: പി.പി. ചെറിയാൻ