എണ്ണൂറു പൗണ്ടുള്ള കടലാമ മെൽബോൺ ബീച്ചിൽ
Thursday, May 28, 2020 2:00 AM IST
മെൽബോൺ ബീച്ച്, ഫ്ലോറിഡ: അപൂർവങ്ങളിൽ അപൂർവമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെൽബോൺ ബീച്ചിൽ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്ലോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. കരയിലേക്ക് കയറി വന്ന് കൂടുണ്ടാക്കുന്നതു സമയമാകുമ്പോൾ തിരിച്ചുവന്നു മുട്ടയിടുന്നതിനുവേണ്ടിയാണ്.ലെതർ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടി കൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈൻ ടർട്ടിൻ റിസെർച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാൻസ് ഫീൽഡ് പറഞ്ഞു.

2016 മാർച്ചിൽ ഇതേ കടലാമ ഇതിനു മുൻപ് കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വർഷം ആദ്യവും ഇവ കരയിലെത്തിയിരുന്നു.കടലാമയുടെ ശരാശരി ആയുസ് 30 വർഷമാണ്. 16 വയസാകുമ്പോൾ പക്വത എത്തിയിരിക്കും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്.സാധാരണ ആമകളിൽ നിന്നും വ്യത്യസ്തമായി ലെതർ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ, ബ്രൗണോ തൊലി ആണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പവും ഉണ്ടായിരിക്കും.

റിപ്പോർട്ട്:പി.പി. ചെറിയാൻ