യൂറോപ്പിന്‍റെ ജനസംഖ്യാ ഘടന മാറിമറിയുന്നു
Thursday, August 4, 2022 11:01 AM IST
ജോസ് കുമ്പിളുവേലില്‍
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലാകമാനം ജനസംഖ്യാ ഘടനയില്‍ കാതലമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയാണെങ്കില്‍, ചിലയിടങ്ങളില്‍ കൂടുകയാണ്. ശരാശരി ആയുസ് നോക്കിയാല്‍ യൂറോപ്യന്‍ ജനതയ്ക്ക് പ്രയമേറി വരുകയും ചെയ്യുന്നു.

പതിറ്റാണ്ടുകളോളം വളരുന്ന പ്രവണത കാണിച്ച യൂറോപ്യന്‍ ജനസംഖ്യ കഴിഞ്ഞ രണ്ടു വര്‍ഷമായി കുറയുന്നുണ്ട്. കോവിഡ് മഹാമാരി ഇതിനൊരു പ്രധാന കാരണവുമായി.

2022 ജനുവരി ഒഒന്നിന് 446.8 മില്യനാണ് യൂറോപ്പിലെ ജനസംഖ്യ. 2021 ജനുവരി ഒന്നിലേതിനെ അപേക്ഷിച്ച് 172,000 പേര്‍ കുറവ്! 447.3 മില്യനായിരുന്നു അന്നത്തെ ജനസംഖ്യ. 2020, 2021 വര്‍ഷങ്ങളില്‍ ജനനങ്ങളെക്കാളധികം മരണമാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നെറ്റ് മൈഗ്രേഷന്‍ വര്‍ധിച്ചിട്ടു പോലും ജനസംഖ്യ കുറയാന്‍ ഇതു കാരണമായി.

ഇറ്റലിയിലാണ് ഏറ്റവും വലിയ കുറവ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിലാകട്ടെ, ഏറ്റവും വലിയ വര്‍ധനയും കാണുന്നു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, സൈപ്രസ്, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലും ജനസംഖ്യ വര്‍ധിച്ചു. ജനന നിരക്ക് മരണ നിരക്കിനെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതും കുടിയേറ്റവുമാണ് ഇതിനു കാരണങ്ങള്‍.

ചെക്ക് റിപ്പബ്ളിക്, ജര്‍മനി, എസ്റേറാണിയ, സ്പെയ്ന്‍, ലിത്വാനിയ, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കുടിയേറ്റം മാത്രം കാരണം ജനസംഖ്യാ വര്‍ധന രേഖപ്പെടുത്തുന്നു. ഇവിടങ്ങളില്‍ ജനന നിരക്ക് മരണനിരക്കിനെക്കാള്‍ കുറവാണ്.