ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബവർഷസമാപനം ജൂൺ 26 ന്
Saturday, June 25, 2022 9:55 AM IST
ഷൈമോൻ തോട്ടുങ്കൽ
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്‍റെ നേതൃത്വത്തിൽ നടന്നുവന്ന കുടുംബവർഷത്തിന്‍റെ സമാപനം 'ആമോറീസ് ലെത്തീസ്യ' ജൂൺ 26 നു (ഞായർ) നടക്കും.

അന്നേദിവസം ഇടവകകളിലും മിഷനുകളിലും അർപ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർഥനയും നടത്തും.

രൂപതാതലസമാപനം ഒരു കുടുംബപശ്ചാത്തലത്തിൽ ഓൺലൈനിൽ ശനിയാഴ്ച വൈകുന്നേരം ഏഴിനു നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , വികാരി ജനറൽമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജിനോ അരീക്കാട്ട് തുടങ്ങിയവർ സംബന്ധിക്കും. കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ , സെക്രട്ടറി ശില്പ ജിമ്മി , മറ്റു കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.

ഏഴിനു കുടുംബപ്രാർഥനയും തിരുഹൃദയപ്രതിഷ്ഠയും കുടുംബവർഷ സമാപന സന്ദേശവും ആണ് പ്രധാന പരിപാടി. സൂമിലും യൂട്യുബിലും ഫേസ്ബുക്കിലുമായി സംപ്രേഷണം ചെയ്യപ്പെടുന്ന പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യം ക്ഷണിച്ചു.

സ്നേഹത്തിന്‍റെ സന്തോഷം എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ കുടുംബത്തിലും കുടുംബത്തിലൂടെയും യാഥാർഥ്യമാകേണ്ട സ്നേഹാനുഭാവത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഇത് ആഴത്തിൽ മനസിലാക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ആചരിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്തത്.