കോവിഡ് നിയന്ത്രണങ്ങള്‍ ഇയു നീക്കം ചെയ്യുന്നു
Friday, January 28, 2022 9:58 AM IST
ബ്രസല്‍സ്:യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നീക്കം ചെയ്യും. പുറപ്പെടുന്ന രാജ്യത്തെ യാത്രക്കാരുടെ കോവിഡ് സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാവും ഉണ്ടാവുക.

ഇയു കൗണ്‍സില്‍ സുരക്ഷിതമായ സ്വതന്ത്ര സഞ്ചാരം സുഗമമാക്കുന്നതിനുള്ള പുതിയ ശുപാര്‍ശ അംഗീകരിച്ചു, യാത്രക്കാരന്റെ കോവിഡ് വാക്സിനേഷന്‍, ടെസ്റ്റ് റിക്കവറി നില, സാധുതയുള്ള ഇയുഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പ്രധാന ഡോക്കുമെന്റുകള്‍ കൈവശമുണ്ടായിരിയ്ക്കണം.

കൗണ്‍സിലിന്‍റെ തീരുമാനമനുസരിച്ച്, കഴിഞ്ഞ 270 ദിവസത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് കോവിഡ് വാക്സിനുകളെങ്കിലും എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ഇയു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് സ്വതന്ത്ര സഞ്ചാരത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കും.

കഴിഞ്ഞ 180 ദിവസത്തിനുള്ളില്‍ നല്‍കിയ കോവിഡ് അല്ലെങ്കില്‍ പിസി ആര്‍ ആണെങ്കില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ നെഗറ്റീവ് ഫലം അല്ലെങ്കില്‍ ദ്രുത ആന്‍റിജന്‍ ടെസ്റ്റ് ആണെങ്കില്‍ അവസാന 24 മണിക്കൂര്‍ എന്നിവ ഉണ്ടായിരിയ്ക്കണം.

ക്വാറന്‍റൈന്‍ കാലയളവുകള്‍ ചുരുക്കി യാത്രാ നിയന്ത്രണങ്ങള്‍ സുഗമമാക്കുകയാണ്. അടുത്ത ചൊവ്വാഴ്ച, അതായത് ഫെബ്രുവരി 1 മുതല്‍ അംഗരാജ്യങ്ങള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരമാവധി 270 ദിവസമായി ചുരുക്കുന്ന അതേ ദിവസം തന്നെ ഈ ശുപാര്‍ശ പ്രാബല്യത്തില്‍ വരും.

ജോസ് കുമ്പിളുവേലില്‍