പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു
Friday, January 14, 2022 11:02 AM IST
ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്‍ (62) അന്തരിച്ചു.ലോക കേരള സഭാംഗമായിരുന്നു.
കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ കുടുംബാംഗമാണ്‌. ജനുവരി 13 -ന് രാത്രി ഒന്പതരയോടെ കൂത്താട്ടുകുളത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

വീട്ടില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതശരീരം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ.

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്നു.പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് മക്കളും ഓസ്ട്രിയയിലാണ്. മാർച്ച് മാസം ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട്‌ ഗ്ലോബൽ കമ്മിറ്റി അറിയിക്കും.

പി പി ചെറിയാൻ (പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)