"മ്യൂസിക് മഗി'ലെ പുതിയ ഗാനം പുറത്തിറങ്ങി
Friday, October 22, 2021 6:47 PM IST
ഡബ്ലിൻ : ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.

ഫോർ മ്യൂസിക്സ് ഈണം നൽകി ബിബിയും ഏൽദോസും രചന നിർവഹിച്ച "ഒന്നാം കുന്നേൽ' എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലൻഡിലുള്ള റിയാന അരുൺ ആണ് .

കിളികളോടും പ്രകൃതിയോടും സല്ലപിച്ചു തന്‍റേതായ സ്വപ്നലോകത്തു തുള്ളിച്ചാടി പാടി നടക്കുന്ന ഒരു പെൺകുട്ടിയുടെ കാഴ്ചകളാണ് ഗാനത്തിന്‍റെ ഇതിവൃത്തം. ഗാനത്തിന്‍റെ സംഗീതവും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്.

അയർലൻഡിന്‍റെ മനോഹരമായ ദൃശ്യഭംഗി കാമറയിലാക്കിയിരിക്കുന്നത് ഫോട്ടോ ഫാക്ടറി, ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ് എന്നിവർ ചേർന്നാണ്. കിരൺ വിജയ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.

മനോഹരമായ ആലാപനവും ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോർ മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി'ന്‍റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് റിയാനയെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.

സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന "മ്യൂസിക് മഗി' ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്
സംഗീതലോകത്തിനു സമ്മാനിക്കുന്നത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്‍റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ അവസരവും നൽകുന്നു.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്‍റെ കീഴിൽ ജിംസൺ ജെയിംസ് ആണ് "മ്യൂസിക് മഗ്' എന്ന പരിപാടി അയർലൻഡിൽ പരിചയപ്പെടുത്തുന്നത്.

ജെയ്സൺ കിഴക്കയിൽ