എംഎംഎ മെയ്ഡ്സ്റ്റോൺ ബാഡ്മിന്‍റൺ ടൂർണമെന്‍റ്: ജോമേഷ് - ഐസക് സഖ്യത്തിനു കിരീടം
Wednesday, October 20, 2021 6:36 PM IST
മെയ്ഡ്സ്റ്റോൺ: കെന്‍റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ യുകെ മെൻസ് ഡബിൾ‍സ്‌ ബാഡ്മിന്‍റൺ ടൂർണമെന്റിൽ നോർത്താംപ്ടണിൽ നിന്നുള്ള ജോമേഷ് - ഐസക്ക് സഖ്യം കിരീടത്തിൽ മുത്തമിട്ടു.

ഫൈനലിൽ ജെയ്സൺ - റോബിൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാ‌ണ് പരാജയപ്പെടുത്തിയത്.

ടൺബ്രിഡ്ജ് വെൽസിൽ നിന്നുള്ള സെബാസ്റ്റ്യൻ - എബിൻ സഖ്യം മൂന്നാം സ്ഥാനവും സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള റെയ്‌ക്കോ - ജീൻ നാലാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബർ 16 നു മെയ്ഡ്സ്റ്റോൺ സെന്‍റ് അഗസ്റ്റിൻ അക്കാദമിയിലെ ബാഡ്മിന്‍റൺ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ ടൂർണമെന്‍റ് എംഎംഎ പ്രസിഡന്‍റ് രാജി കുര്യൻ ഉദഘാടനം ചെയ്തു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 40 ടീമുകളാണ് പങ്കെടുത്തത്. എട്ടു ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ അഞ്ചു കോർട്ടുകളിലായി ഒരേസമയം മുന്നേറി. ലണ്ടനിൽ നിന്നുള്ള ഭാവിവാഗ്ദാനങ്ങളായ ജൊഹാൻ - ജോയൽ സഖ്യം ഉൾപ്പെടെ ശക്തരായ നിരവധി ടീമുകളുടെ കായിക പ്രകടനം കാണികൾക്ക് തീർത്തും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

ചാമ്പ്യന്മാർക്ക് എച്ച്സി 24 ഹെൽത്ത് കെയർ സ്റ്റാഫിംഗ് സ്പോൺസർ ചെയ്ത 301 പൗണ്ടും എംഎംഎ ഏർപ്പെടുത്തിയ ട്രോഫികളും ലഭിച്ചു. റണ്ണർ അപ്പ് ടീമിന് പോൾ ജോൺ സോളിസിറ്റേഴ്സ് സ്പോൺസർ ചെയ്ത 201 പൗണ്ടും ട്രോഫികളും ലഭിച്ചപ്പോൾ, മൂന്നാം സ്ഥാനത്തെത്തിയ ടീമിന് റീമി ഗ്രൂപ് ലണ്ടൻ നൽകിയ 101 പൗണ്ടും ട്രോഫികളും നാലാം സ്ഥാനക്കാർക്ക് വിക്ടറി ഹീറ്റിംഗ് ആൻഡ് പ്ലംബിങ് മെയ്ഡസ്റ്റോൺ നൽകിയ 51 പൗണ്ടും ട്രോഫികളും ലഭിച്ചു.

വിജയികൾക്ക് എംഎംഎ പ്രസിഡന്റ് രാജി കുര്യൻ, സെക്രട്ടറി ബിനു ജോർജ്, ട്രഷറർ രെഞ്ചു വർഗീസ്,പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ഡാനിയേൽ, സ്പോർട്സ് കോ-ഓർഡിനേറ്റർ ആന്‍റണി സേവ്യർ, മൈത്രി കോ-ഓർഡിനേറ്റർ ലിൻസി കുര്യൻ, കെസിഎ പ്രസിഡന്‍റ് ബെന്നി ജോസഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കായികപ്രേമികൾക്ക് വേഗതയുടെ അത്യപൂർവ വിരുന്നൊരുക്കിയ ഈ കായികമാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാ കായികപ്രതിഭകൾക്കും കൂടാതെ ഈ ടൂർണമെന്റ് വിജയപ്രദമാക്കുവാൻ സഹകരിച്ച മാച്ച് ഒഫീഷ്യൽസ്, റഫറിമാർ, കോർട്ട് മാനേജേഴ്സ്, എംഎംഎ മൈത്രി, യൂത്ത് ക്ലബ്, മെൻസ് ക്ലബ് എന്നിവർക്കും ടൂർണമെന്‍റ് കോ-ഓർഡിനേറ്റർ രെഞ്ചു വർഗീസ് നന്ദി പറഞ്ഞു.