മെര്‍ക്കല്‍ മാര്‍പാപ്പയുമായി കൂടിക്കണ്ടു
Friday, October 8, 2021 9:34 PM IST
വത്തിക്കാന്‍സിറ്റി: സ്ഥാനമൊഴിയുന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ച് സൗഹൃദ സംഭാഷണം നടത്തി. ചാന്‍സലറെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച ഒരു സ്വകാര്യ സദസ്സിലാണ് സ്വീകരിച്ചത്. ഡമാസസ് ഹൗസില്‍ എത്തിയപ്പോള്‍, പാപ്പല്‍ ഹൗസിന്റെ പ്രിഫെക്ട് മോണ്‍സിഞ്ഞോര്‍ ലിയോനാര്‍ഡോ സപിയന്‍സ മെര്‍ക്കലിനെ സ്വാഗതം ചെയ്തു. ഇത് അഞ്ചാം തവണയാണ് മെര്‍ക്കലുമായി വത്തിക്കാനില്‍ പാപ്പാ കൂടിക്കാണുന്നത്. മെര്‍ക്കലിന്റെ ഭര്‍ത്താവ് ജോവാഹിം സൗവറും വ്യാഴാഴ്ച രാവിലെ അപ്പോസ്തോലിക കൊട്ടാരത്തില്‍ മെര്‍ക്കലിനൊപ്പം എത്തിയിരുന്നു.

45 മിനിറ്റ് നീണ്ട സംഭാഷണത്തില്‍, കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ചും സഭയ്ക്കുള്ള വെല്ലുവിളികളെക്കുറിച്ചും മെര്‍ക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സംസാരിച്ചതായി അവര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, കത്തോലിക്കാ സഭയിലെ ഒരു വലിയ വിഷയമാണെന്നും പരിശുദ്ധ പിതാവ് അത് വ്യക്തിപരമായി പരിപാലിക്കുന്നുണ്ടെന്ന കാര്യം വളരെ പ്രോത്സാഹജനകമാണ്. കാലാവസ്ഥാ പ്രശ്നത്തിലും സൃഷ്ടി സംരക്ഷണത്തിലും സഭയുടെ ശ്രദ്ധയെ പ്രശംസിച്ചു. "ഞങ്ങള്‍ ലോകത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും പ്രത്യേകിച്ച് പാരീസ് ഉച്ചകോടിക്ക് ശേഷം നടക്കുന്ന ഗ്ളാസ്ഗോയിലെ കാലാവസ്ഥാ സമ്മേളനത്തെക്കുറിച്ചും സംസാരിച്ചു.

ഇപ്പോള്‍, കാലാവസ്ഥാ പ്രശ്നം കണക്കിലെടുക്കുമ്പോള്‍, ഒരു "സമൂലമായ മാറ്റം" അത്യാവശ്യമാണന്നും " മെര്‍ക്കല്‍ വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുടെ സേഫ്ഗാര്‍ഡിംഗ് ഇന്‍സ്ററിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തി.മെര്‍ക്കലിന്റെ അഭിപ്രായത്തില്‍, സഭ അതിന്റെ വിശ്വാസ്യത നിലനിര്‍ത്തണം, കാരണം അത് പല വെല്ലുവിളികളിലും ഒരു പ്രധാന പങ്കാളിയാണ്. അവളെ സംബന്ധിച്ചിടത്തോളം, സഭ സുപ്രധാനവും ക്രിയാത്മകവുമായ പങ്ക് നിര്‍വഹിക്കുന്നത് പ്രോത്സാഹജനകമാണെന്ന് ചാന്‍സലര്‍ പറഞ്ഞു.

മാര്‍പാപ്പയെ കാണുന്നതിന് തൊട്ടുമുമ്പ് മെര്‍ക്കല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ്കന്‍ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി, വിശുദ്ധ പത്രോസിന്റെ ആര്‍ച്ച്ൈ്രപസ്ററ്, ബസിലിക്കയിലേയ്ക്ക് മെര്‍ക്കലിനെ ആനയിച്ചു. തുടര്‍ന്ന് കാംപോ സാന്റോ ട്യൂട്ടോണിക്കോ അതിഥി പുസ്തകത്തില്‍ ചാന്‍സലര്‍ ഒപ്പിട്ടു.

ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ചാന്‍സലര്‍ ലോകമെമ്പാടുമുള്ള വിവിധ സംഘര്‍ഷങ്ങളെക്കുറിച്ച് കര്‍ദിനാള്‍ സ്റേററ്റ് സെക്രട്ടറി പിയട്രോ പരോളിനോട് സംസാരിച്ചു. പല രാജ്യങ്ങളിലെയും പള്ളിയുടെയും അതിന്റെ സഹായ സംഘടനകളുടെയും പ്രതിബദ്ധതയാണ് ഏറ്റവും പ്രധാനമെന്ന് മെര്‍ക്കല്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, സമാധാനം, മാനുഷിക സഹായം തുടങ്ങിയ വെല്ലുവിളികളുടെ കാര്യത്തില്‍ ജര്‍മ്മനി അതിന്റെ സംഭാവന നല്‍കുമെന്നും പറഞ്ഞു.

കത്തോലിക്കാ സഭയുടെ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചാന്‍സലര്‍ കര്‍ദിനാള്‍ സ്റേററ്റ് സെക്രട്ടറി പിയട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് മെര്‍ക്കല്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി കൂടിക്കാഴ്ച നടത്തി, ഉച്ചവിരുന്നില്‍ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ്, കൊളോസിയത്തില്‍ സമാധാനത്തിനായുള്ള സര്‍വ്വമത പ്രാര്‍ത്ഥനയുടെ സമാപന ചടങ്ങില്‍ മെര്‍ക്കല്‍ മാര്‍പാപ്പായ്ക്കൊപ്പം പങ്കെടുത്തു. സമാധാന യോഗത്തില്‍ മെര്‍ക്കല്‍ പ്രസംഗിച്ചു.

പതിനാറു വര്‍ഷത്തെ ഭരണകാലത്ത് മെര്‍ക്കല്‍ നിരവധി തവണ ഫ്രാന്‍സിസ് പാപ്പായുടെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമനെയും സന്ദര്‍ശിച്ചിരുന്നു.
ഇത് ഒരേ സമയം പാപ്പായുമായും ദ്രാഗിയുമായും ഉള്ള വിടവാങ്ങല്‍ സന്ദര്‍ശനവുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് ചാന്‍സലര്‍ പറഞ്ഞു.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ നിലവിലെ അന്താരാഷ്ട്ര, യൂറോപ്യന്‍ പ്രശ്നങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റിനുവേണ്ടി മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ദ്രാഗി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലവനായിരുന്നപ്പോള്‍ മെര്‍ക്കലുമായി നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.

-ജോസ് കുമ്പിളുവേലില്‍