വരുതിയിലാകാതെ വൈറസിന്‍റെ പുതിയ വകഭേദം
Saturday, January 9, 2021 1:39 AM IST
ലണ്ടന്‍: കൊറോണവൈറസിന്‍റെ പുതിയ വകഭേദത്തെ വരുതിയിലാക്കാന്‍ കഴിയാത്തടത്തോളം കാലം മഹാമാരി യൂറോപ്പിനെ പ്രതിസന്ധിയുടെ മുനമ്പില്‍ നിര്‍ത്തുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

വാക്സിന്‍ എത്തിയത് കോവിഡ് പ്രതിരോധത്തിന് പുതുവഴി തുറന്നെങ്കിലും യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ പകുതിയിലും വൈറസ് വ്യാപനം വളരെ വേഗത്തിലാണ്. ലക്ഷത്തില്‍ 150 പേരിലേറെയാണ് ഇവിടങ്ങളില്‍ വ്യാപനമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ് മേഖല ഡയറക്ടര്‍ ഹാന്‍സ് ക്ളുഗ് പറഞ്ഞു.

22 രാജ്യങ്ങളിലാണ് വൈറസിന്‍റെ പുതിയ മാരക വകഭേദം പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതയ്ക്കുന്നത് ബ്രിട്ടനിലാണ്.

2020ല്‍ യൂറോപ്പില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തോളമാണ്. യുകെ, റഷ്യ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളിലും അരലക്ഷത്തിനു മേലെയാണ് മരണം. ബ്രിട്ടൻ, സ്പെയിൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇതില്‍ മുന്നിലുള്ളത്. മുക്കാല്‍ ലക്ഷത്തില്‍ കൂടുതലോ അതിനരികെയോ പേര്‍ ഇവിടങ്ങളില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ