ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം: ജനുവരി പത്തിന് വിജയികളെ പ്രഖ്യാപിക്കും
Wednesday, January 6, 2021 11:34 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്‍റെ വിജയികളെ പത്താം തീയതി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് രൂപത നടത്തിയ വെർച്വൽ ബൈബിൾ കലോത്സവത്തിനു വൻ പിന്തുണയായിരുന്നു ഏവരിൽനിന്നും ലഭിച്ചത്. ഓരോ മത്സര ഇനങ്ങൾക്കും ലഭിച്ച എൻട്രികൾ ഉന്നത നിലവാരം പുലർത്തിയിരുന്നു.

ചുരുങ്ങിയ സമയംകൊണ്ട് വിജയികളെ പ്രഖ്യാപിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഏവരും ആകാംഷയോടെ കാത്തിരുന്ന മത്സര ഫലം ജനുവരി 10 ന് തന്നെ പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടർ ജോർജ് എട്ടുപറയിൽ അച്ചന്‍റെ സ്വാഗത പ്രസംഗത്തോടെ ഫലപ്രഖ്യാപന വെർച്വൽ മീറ്റിംഗ് ആരംഭിക്കും. അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ആന്ധ്ര പ്രദേശിലെ അദിലാബാദ്‌ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ പ്രിൻസ്‌ ആന്റണി പനങ്ങാടെൻ പിതാവും, രൂപത വികാരി ജനറാൾ ജിനോ അരീക്കാട്ട് അച്ചനും ആശംസകൾ അർപ്പിച്ചു സംസാരിക്കും. രൂപത ബൈബിൾ അപ്പോസ്തലേറ്റ് അംഗങ്ങൾ വിജയികളെ പ്രഖ്യാപിക്കും. പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളായിരുന്നു രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഈ വർഷം സംഘടിപ്പിച്ചിരുന്നത്.

ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജിയണൽ തലത്തിലുള്ള വിജയികളുടെ പേരുകൾ http://smegbbiblekalotsavam.com എന്ന വെബ്സൈറ്റിൽ 11ാം തിയ്യതി രാവിലെ പത്തു മുതൽ ലഭ്യമായിരിക്കും. രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് രൂപതയുടെ YouTube ചാനൽ https://m.youtube.com/channel/UCATV4kb3hfbBGbdR_P0-wXw സന്ദർശിക്കുക.