ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്‍റെ എട്ടാം വാരം സ്വിന്‍ഡനില്‍ നിന്നും കഥക് ഫ്യൂഷനുമായി നാല്‍വര്‍ സംഘം
Saturday, January 2, 2021 6:55 AM IST
ലണ്ടൻ: പുതുവര്‍ഷത്തെ വരവേറ്റ് ആദ്യ ഞായറാഴ്ച തന്നെ വിവിധ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കി അതിമനോഹര ദൃശ്യവിരുന്നുമായി ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എട്ടാം വാരത്തിലേയ്ക്ക് കടക്കുന്നു.

മോഹിനിയാട്ടം എന്ന നൃത്ത രൂപത്തെ അന്താരാഷ്ട്ര തലത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച കലാമണ്ഡലം ഷീന, ചടുലമായ നൃത്താവിഷ്കാരങ്ങളിലൂടെ യുകെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ്, വളര്‍ന്നു വരുന്ന നൃത്തപ്രതിഭകളായ സ്വിന്‍ഡനില്‍ നിന്നുള്ള നാല്‍വര്‍ സംഘത്തിന്‍റെ ആകര്‍ഷകമായ കഥക് ഫ്യൂഷന്‍ ഡാന്‍സ് എന്നിങ്ങനെ ഒരു അത്യുഗ്രന്‍ നൃത്തവിരുന്നാണ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ എട്ടാം വാരത്തില്‍ ഒരുക്കിയിരിക്കുന്നത്.

മൗറീഷ്യസിലും ഖത്തറിലും ഷാര്‍ജയിലുമൊക്കെ മോഹിനിയാട്ടം അവതരിപ്പിച്ച് അന്താരാഷ്ട്ര വേദികളില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള അതുല്യപ്രതിഭയാണ് കലാമണ്ഡലം ഷീന സുനില്‍കുമാര്‍. തൃശൂരിലെ കൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂപുര നൃത്ത കലാക്ഷേത്രത്തിന്റെ ഡയറക്ടറും പ്രധാന അധ്യാപികയുമാണ് ഷീന. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഷീന , 20 വര്‍ഷത്തിലേറെയായി നൃത്ത രംഗത്ത് സജീവമാണ്. ലോകപ്രശസ്ത ഗുരു ഗീത പത്മകുമാറിനു കീഴില്‍ ഇപ്പോള്‍ കുച്ചിപുടിയില്‍ ഉന്നതപഠനം തുടരുന്നു. കൊണാര്‍ക്ക്, നിശാഗാന്ധി അനന്യ, മുദ്ര മലബാര്‍ മഹോല്‍സവം എന്നിങ്ങനെ ദേശീയ തലത്തില്‍ നിരവധി വേദികളില്‍ ഷീന പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൗറീഷ്യസിലെ ഇന്ത്യന്‍ ഫെസ്റ്റിവല്‍, ഖത്തര്‍ സൂര്യ ഫെസ്റ്റിവല്‍, ലസ്യോല്‍സവം 2017, കലാഭാരതി നൃത്ത സംഗീതോത്സവം എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചു. 2000ല്‍ മോഹിനിയാട്ടത്തിലെ പ്രകടനത്തിന് ഇന്ത്യാ ഗവൺമെന്‍റിന്‍റെ പ്രത്യേക സ്കോളര്‍ഷിപ്പും ചിലങ്ക ഡാന്‍സ് ആൻഡ് മ്യൂസിക് അക്കാദമിയിലെ യുവകലരത്ന അവാര്‍ഡ് 2016 ഉം ലഭിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ "നമോ ദുബായ്' പരിപാടിയില്‍ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഏത് പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപുടി എന്നിവയില്‍ നൂപുര നൃത്ത കലാക്ഷേത്രം കാര്യക്ഷമമായ പരിശീലനം നല്‍കുന്നുണ്ട്. കേരളത്തിലെ സ്കൂള്‍ കോളജ് തലത്തില്‍ നടത്തപ്പെടുന്ന നിരവധി കലോത്സവങ്ങളില്‍ കലാമണ്ഡലം ഷീന സുനില്‍കുമാറിന്‍റെ ശിഷ്യഗണം കലാതിലകം കലപ്രതിഭ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

യുകെയിലെ മലയാളി സമൂഹത്തില്‍ വളര്‍ന്നു വരുന്ന നൃത്തപ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും നൈസ് സേവ്യര്‍ എന്ന യുവാവ് നൃത്തരംഗത്ത് ഏറെ പ്രശസ്തനാണ്. 10 വര്‍ഷത്തിലേറെ കൊച്ചി കലാഭവനില്‍ നിന്നുമുള്ള കഠിന പരിശീലനത്തോടെ ക്ലാസിക്കല്‍, വെസ്റ്റേണ്‍, സിനിമാറ്റിക് നൃത്തരൂപങ്ങളില്‍ നൈസ് ശക്തമായ വൈഭവം നേടുകയും ചെയ്തു. എറണാകുളത്തെ പ്രശസ്ത ഗുരു കലാഭവന്‍ ജെയിംസില്‍ നിന്ന് 7 വര്‍ഷത്തിലേറെ അദ്ദേഹം ‘ഭരതനാട്യം’ നൃത്തരൂപം പഠിച്ചു. 1999 മുതല്‍ തൃപ്പൂണിത്തുറയിലെ കലാക്ഷേത്രയില്‍ 2 വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ സമകാലീന നൃത്തരൂപങ്ങള്‍, അടിസ്ഥാന കഥകളി, കളരി, അഭിനയം എന്നിവയില്‍ മികച്ച പരിശീലനം നേടി. തിരുവനന്തപുരത്തെ കൈരളി കലാമന്ദിറില്‍ 3 വര്‍ഷത്തിലേറെയായി സജീവ നര്‍ത്തകനായിരുന്ന നൈസ്, അവിടെ നിരവധി നൃത്തങ്ങളുടെ നൃത്തസംവിധാനത്തില്‍ സഹായിക്കുകയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ നര്‍ത്തകരോടൊപ്പം നൃത്തം ചെയ്യുന്നതിനും പ്രഫഷണല്‍ ഇന്ത്യന്‍ ഡാന്‍സ് കള്‍ച്ചറല്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനും അവതരിപ്പിക്കാനുമുള്ള അവസരം ലഭിച്ചു. ഈ 24-ാം വയസില്‍, നൈസ് ക്ലാസിക്കല്‍, സെമി-ക്ലാസിക്കല്‍, സിനിമാറ്റിക്, സമകാലീന, പാശ്ചാത്യമടക്കം വിവിധ നൃത്തരൂപങ്ങളില്‍ വൈവിധ്യമാര്‍ന്നതും പ്രതിഭാധനമായതുമായ നര്‍ത്തകനായി മാറി.

വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് മൈക്രോബയോളജി, ബയോടെക്നോളജി എന്നിവയില്‍ എംഎസ്‌സി നേടുന്നതിനായിട്ടാണ് 2006ല്‍ നൈസ് യുകെയിലെത്തിയത്. പഠനത്തോടൊപ്പം നൃത്തകലയേയും വിജയകരമായി സംയോജിപ്പിച്ച നൈസ്, നര്‍ത്തകന്‍, നൃത്തസംവിധായകന്‍, സംഗീതസംവിധായകന്‍, നൃത്ത അധ്യാപകന്‍ എന്നീ തലങ്ങളിൽ പ്രവര്‍ത്തിച്ച് വരുന്നു. യുകെയിലെ വിവിധ അസോസിയേഷനുകള്‍ക്കായി നിരവധി നൃത്തങ്ങള്‍ അവതരിപ്പിക്കുകയും യുകെയിലെ വിവിധ ഭാഗങ്ങളില്‍ ക്ലാസിക്കല്‍, സെമി-ക്ലാസിക്കല്‍, ബോളിവുഡ്, സമകാലിക, പാശ്ചാത്യ നൃത്തരൂപങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്ന നൈസിനു കീഴില്‍ 80-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യുകെ എന്നിവിടങ്ങളിലായി 90 ലധികം സ്റ്റേജ് പ്രകടനങ്ങള്‍ നൈസ് അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരുമായും മലയാള ചലച്ചിത്ര മേഖലയിലെ നടിയുമായും വിവിധ ‘സ്റ്റാര്‍ നൈറ്റ്’ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. വിവിധ ഇന്‍റര്‍‌സ്കൂള്‍, കോളജ് ഫെസ്റ്റിവലുകളില്‍ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നൈസ് നേടിയിട്ടുണ്ട്. സിബിഎസ്ഇ ഡാന്‍സ് സ്കൂള്‍ മത്സരത്തില്‍ സോളോ ബെസ്റ്റ് ഡാന്‍സര്‍ (2000-2001), ബംഗളൂരുവിലെ യുണൈറ്റഡ് മിഷന്‍ കോളജ് നടത്തിയ അഖിലേന്ത്യാ നൃത്ത മത്സരത്തില്‍ മികച്ച നര്‍ത്തകന്‍ (2002 - 2003), എഎംസി കോളജ് നടത്തിയ ബാംഗ്ലൂര്‍ ഇന്‍റര്‍ കോളജ് ഫെസ്റ്റിവലില്‍ മികച്ച നര്‍ത്തകന്‍ (2004 - 2005) '' സ്റ്റാലിയന്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ സിനിമാറ്റിക്, വെസ്റ്റേണ്‍ ഡാന്‍സില്‍ തുടര്‍ച്ചയായി 2 വര്‍ഷത്തെ വിജയി എന്നിങ്ങനെ അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി.

നൃത്ത ജീവിതത്തിനൊപ്പം തന്നെ നൈസ് അഭിനയത്തിലും ശക്തമായ ചുവട് വയ്പുകളാണ് നടത്തിവരുന്നത്. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും ഏതാനും മലയാള സിനിമകളിലും ടിവി സീരിയലുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തന്‍റെ സ്വപ്ന പദ്ധതിയായ "ഡ്രീം ടീം യുകെ" 2008ല്‍ എട്ട് അംഗങ്ങളുമായി ആരംഭിച്ച് ഇപ്പോള്‍ യൂറോപ്പിലെമ്പാടുമുള്ള 50ല്പരം പ്രഫഷണല്‍ നര്‍ത്തകര്‍ അംഗങ്ങളാണ്. "ഡ്രീം ടീം യുകെ' സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, സ്പെയിന്‍, യുകെ എന്നിവയുള്‍പ്പെടെ യൂറോപ്പിലുടനീളം വിവിധ ഷോകള്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ എല്ലായിടത്തും വലിയതോ ചെറുതോ ആയ ഷോകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായ "ഡ്രീം ടീം യുകെ"യിലെ കലാകാരന്മാരുമായിട്ടാണ് കലാഭവന്‍ നൈസ് ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെത്തുന്നത്.

എറിക നിധീരി, ശൈലജ ഉണ്ണികൃഷ്ണന്‍​, സ്റ്റെന്‍സി റോയ്, റോഷ്നി പാലാട്ട് എന്നീ നാല്‍വര്‍ സംഘമാണ് മനോഹരമായ കഥക് ഫ്യൂഷന്‍ ഡാന്‍സുമായി എത്തുന്നത്. സ്വിന്‍ഡണ്‍ തമിഴ് അസോസിയേഷനില്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങിയ ഇവര്‍ കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി നൃത്തം ചെയ്തുവരുന്നു. അവതരിപ്പിക്കുന്ന എല്ലാ വേദികളിലും എല്ലായ്പ്പോഴും മനോഹരനൃത്തങ്ങള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഈ സുന്ദരികുട്ടികളുടെ ചടുലമായ ചലനങ്ങളും മനോഹരമായ മുഖഭാവങ്ങളും കാണുന്നത് തന്നെ പ്രേക്ഷകര്‍ക്ക് ഒരു മികച്ച വിരുന്നാണ്. എല്ലാ വര്‍ഷവും ഇവര്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, സ്വിന്‍ഡണ്‍ തമിഴ് അസോസിയേഷന്‍, സ്വിന്‍ഡണ്‍ മേള തുടങ്ങിയവയ്ക്കായി അവതരിപ്പിച്ചു വരുന്നു. ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങളില്‍ നിപുണരായ നര്‍ത്തകരായ ഈ സുന്ദരിക്കുട്ടികള്‍ സ്വയം നൃത്തസംവിധാനം ചെയ്ത സങ്കീര്‍ണ്ണമായ കഥക് പ്രകടനം ഒരു അതുല്യ കലാവിരുന്നാണ്.

സ്വിന്‍ഡണ്‍ ബ്യൂട്ടീസ് ഡാന്‍സ് ഗ്രൂപ്പിന്‍റെ നായികയായ അമ്മ റെയ്മോള്‍ നിധീരിയുടെ ചുവടുപിടിച്ചാണ് നായികയായ എറിക നിധീരി നൃത്തത്തോടുള്ള അഭിനിവേശം വളര്‍ത്തിയത്. സ്റ്റെന്‍സി റോയ് ബ്രിട്ടീഷ് എംപയര്‍ മെഡല്‍ ജേതാവും യു.കെ.കെസി.എ മുന്‍ ട്രഷററുമായ റോയ് സ്റ്റീഫന്‍റെ മകളാണ്.

ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ സ്പോണ്‍സര്‍മാരായ ട്യൂട്ടര്‍ വേവ്സ് ഡയറക്ടര്‍ ജഗദീഷ് നായര്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ബാത്ത് ഡാന്‍സ് ഫെസ്റ്റിവലിനായി പാരീസ് ലക്ഷ്മിക്കൊപ്പം ചുവട് വച്ച ഒരു മികച്ച നര്‍ത്തകിയാണ് ഷൈലജ ഉണ്ണികൃഷ്ണന്‍.
റോഷ്നി പാലാട്ട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടിയായ റോഷ്നി, തിരക്കേറിയ പഠന ഷെഡ്യൂളിലും നൃത്തത്തോടുള്ള വലിയ അഭിനിവേശം മൂലം കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യാന്‍ സമയം കണ്ടെത്തുന്നു.

യുകെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടനുവേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോഓര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് ഫൈനാന്‍സ്, ഷീജാസ് ഐടി മാള്‍ കൊച്ചി , മെറാക്കി ബോട്ടിക്‌ എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവത്തിന്‍റെ സ്പോണ്‍സര്‍മാർ.