നവല്‍നി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പരിഗണിക്കുന്നു
Tuesday, October 13, 2020 10:36 PM IST
ബ്രസല്‍സ്: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്സി നവല്‍നിക്ക് വിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പരിഗണിക്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന സമ്മര്‍ദം ശക്തമാണ്.

ലക്സംബര്‍ഗില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഫ്രാന്‍സും ജര്‍മനിയും ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. രാസായുധങ്ങള്‍ ഉപയോഗിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ആസ്ഥികള്‍ മരവിപ്പിക്കണമെന്നും യൂറോപ്പില്‍ സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

രാസായുധങ്ങള്‍ക്കെതിരായ ഉടമ്പടിയുടെ ലംഘനം നടന്നതായാണ് പ്രാഥമിക സൂചന. പലതവണ ആവശ്യപ്പെട്ടിട്ടും സംഭവത്തെക്കുറിച്ച് വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ റഷ്യക്കു കഴിഞ്ഞിട്ടില്ലെന്നും ഫ്രാന്‍സും ജര്‍മനിയും വെള്ളിയാഴ്ച പറഞ്ഞിരുന്നു.

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ വിമര്‍ശകനായ നവല്‍നി ഓഗസ്റ്റ് 20 ന് സൈബീരിയയില്‍നിന്ന് മോസ്കോയിലേക്ക് വരുന്നതിനിടെ വിമാനത്തില്‍വച്ചാണ് അബോധാവസ്ഥയിലായത്. വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലെ ബെര്‍ലിനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെവച്ചാണ് രാസവസ്തു അകത്തുചെന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) നടത്തിയ പരിശോധനയിലും നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന വിഷമാണ് നവല്‍നിക്ക് നല്‍കിയതെന്ന് സ്ഥിരീകരിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ