ഓക്സ്ഫോർഡ് കൊറോണ വാക്സിന്‍റെ ഫൈനൽ ട്രയൽ നിർത്തിവച്ചു
Wednesday, September 9, 2020 9:39 PM IST
ലണ്ടൻ: ഓക്സ്ഫോർഡ് കൊറോണ വാക്സിന്‍റെ ഫൈനൽ ട്രയൽ നിർത്തിവച്ചു. വാക്സിൻ സ്വീകരിച്ച ഒരാൾക്ക് റിയാക്ഷൻ ഉണ്ടായതിനെ തുടർന്നാണ് നടപടി.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുക്കുന്ന വാക്സിന്‍റെ വിജയത്തിനായി ലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്പോഴാണ് സംഭവം. ഒരു വോളണ്ടിയർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ട്രയൽ തത്ക്കാലം നിർത്തിവച്ചതാണെന്ന വിശദീകരണമാണ് ട്രയൽ സെന്‍റർ നല്കുന്നത്. ട്രയലിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായിരുന്നു.

വാക്സിൻ സ്വീകരിച്ചയാൾക്ക് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ വിശകലനം ചെയ്തു വരികയാണ്. ഇത് വാക്സിൻ മൂലമാണോയെന്ന അന്വേഷണമാണ് നടക്കുന്നത്. ട്രയൽ വീണ്ടും തുടങ്ങുന്നതിന് മെഡിക്കൽ റെഗുലേറ്ററിന്‍റെ അനുമതി ആവശ്യമാണ്. ഓക്സ്ഫോർഡ് വാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ യുകെ, യുഎസ്, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി 30,000 ത്തോളം വോളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് 180 കൊറോണ വാക്സിനുകൾ ട്രയൽ പീരിയഡിലുണ്ട്.

റിപ്പോർട്ട്: ബിനോയ് ജോസഫ്