കുടിയേറ്റ നിയന്ത്രണം: സ്വിസ് ഹിതപരിശോധന 27 ന്
Tuesday, September 8, 2020 9:05 PM IST
ബേണ്‍: യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തുന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ്.

വലതുപക്ഷ നിലപാടുകളുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഹിത പരിശോധനയ്ക്കു പിന്നില്‍. യൂറോപ്യന്‍ കുടിയേറ്റത്തിനു പരിധി വയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിതപരിശോധന വിജയിക്കാന്‍ ഇടയില്ലെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്.

അതേസമയം, ഹിതപരിശോധന വിജയിക്കുകയും നിലവിലുള്ള സാഹചര്യത്തില്‍ സ്വിസ് സര്‍ക്കാര്‍ അതു നടപ്പാക്കുകയും ചെയ്താല്‍, യൂറോപ്യന്‍ യൂണിയനും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള സഞ്ചാര സ്വാതന്ത്ര്യ കരാറിന്‍റെ ലംഘനമാകും. അതിനാല്‍ ഹിതപരിശോധന വിജയിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി സഞ്ചാര സ്വാതന്ത്ര്യ കരാറില്‍ ഭേദഗതി വരുത്താനുള്ള വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2014ല്‍ സമാന ആവശ്യമുന്നയിച്ച് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി നടത്തിയ ഹിതപരിശോധന ജനങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ