ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പു നൽകി
Thursday, July 23, 2020 9:51 PM IST
റോം: കഴിഞ്ഞ മൂന്നു വർഷക്കാലത്തിലേറെയായി ഇറ്റലിയിലെ ഇന്ത്യൻ അംബാസഡറായി സ്തുത്യർഹമായ സേവനം ചെയ്ത ശേഷം സ്ഥലം മാറി ഡൽഹിയിലേയ്ക്കു പോവുന്ന അംബാസഡർ റീനറ്റ് സന്ധുവിന് ഇറ്റലിയിലെ മലയാളി സംഘടനകളും എംബസിയിലെ സഹപ്രവർത്തകരും ചേർന്ന് ഉൗഷ്മളമായ യാത്രയയപ്പു നൽകി.

മലയാളി ഐഎഫ്എസ് ഓഫീസർ ശ്യാംചന്ദ് ചടങ്ങിനു നേതൃത്വം നൽകി. അംബാസഡർ എന്ന നിലയിൽ റീനറ്റ് സന്ധു ഇറ്റലിയിലെ ഇന്ത്യക്കാർക്ക് എന്നും ഒരു തുണയായിരുന്നുവെന്ന് വിവിധ മലയാളി സംഘടനാ ഭാരവാഹികൾ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

പിഎംഎഫ് ഗ്ലോബൽ എക്സിക്യൂട്ടീവ് ബിനോയ് കരവാളൂർ അംബാസഡറിന് മൊമെന്‍റോയും സമ്മാനവും നൽകി ആദരിച്ചു. തുടർന്നു പങ്കെടുത്ത അലിക് സെക്രട്ടറി ബെന്നി വെട്ടിയാടൻ, അലിക് കമ്മിറ്റിയംഗം ജോമോൻ, സീറോ മലബാർസഭയെ പ്രതിനിധീകരിച്ച് ഇറ്റലിയിലെ നാപ്പോളിയിൽ നിന്നും ഫാ.ജോബി ചിറക്കോട്ട്, ഡബ്ല്യുഎംഎഫ് പ്രതിനിധി ശ്രീജ എന്നിവരും ഉപഹാരങ്ങൾ സമ്മാനിച്ചു.

എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നീഹാരിക സിംഗ്, തോമസ്, വിൻസെന്‍റ് (സ്റ്റാഫ്)എന്നിവരും പങ്കെടുത്തു. സ്നേഹനിർഭരമായ യാത്രയയപ്പിന് അംബാസഡർ റീനറ്റ് സന്ധു നന്ദി പറഞ്ഞു.

1989 ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ച റീനത് സന്ധു മോസ്കോ, കീവ്, വാഷിംഗ്ടണ്‍ ഡിസി, കൊളംബോ, ന്യൂയോർക്ക്, ജനീവ എന്നിവടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്തും നിക്ഷേപവും വാണിജ്യ ഉന്നമന പ്രോജക്ടുകളിൽ കിഴക്കൻ യൂറോപ്പ്, ശ്രീലങ്ക ഉൾപ്പടെ കൈകാര്യം ചെയ്തിട്ടുണ്ട്.

2011-14 കാലയളവിൽ ജനീവയിലെ ലോകവ്യാപാര സംഘടനയിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥാനപതിയായിരുന്നു സന്ധു. ഇറ്റലിയിലേക്കുള്ള നിയമനത്തിന് മുന്പ് വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അംബാസഡർ റീനറ്റ് സന്ധു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിംഗ് സന്ധുവാണ് ഭർത്താവ്. ഇവർക്ക് രണ്ട് മക്കൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ