വായുവിലൂടെ കോവിഡ്: ഡബ്ല്യുഎച്ച്ഒ നിലപാട് പുനഃപരിശോധിക്കുന്നു
Thursday, July 9, 2020 9:01 PM IST
ജനീവ: വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യത വിവിധ ശാസ്ത്രജ്ഞര്‍ മുന്നോട്ടു വയ്ക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഇക്കാര്യത്തിൽ പുനര്‍വിചിന്തനം നടത്തുന്നു.

വായുവിലൂടെ രോഗം പടരുന്നതിന് വിശ്വസനീയമായ തെളിവില്ലെന്ന നിലപാടാണ് സംഘടന ഇതുവരെ സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍, തിരക്കേറിയതും അടച്ചിട്ടതും വെന്‍റിലേഷനില്ലാത്തതുമായ സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഇപ്പോള്‍ സമ്മതിക്കുന്നു.

തെളിവുകള്‍ സ്ഥിരീകരിച്ചാല്‍ കോവിഡ് പ്രതിരോധത്തിന് ലോകാരോഗ്യ സംഘടന നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരും.

രോഗികളോ രോഗവാഹകരോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന വലിയ സ്രവ കണങ്ങളിലൂടെ മാത്രമേ വൈറസ് മറ്റുള്ളവരിലേക്കു പടരൂ എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍, തീരെ ചെറിയ കണങ്ങളിലൂടെ പോലും വൈറസ് പുറത്തേക്കു വരുകയും വായുവില്‍ ദീര്‍ഘനേരം തങ്ങി നില്‍ക്കുകയും ചെയ്യുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ