യൂറോപ്യന്‍ രക്ഷാ പാക്കേജ്: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
Saturday, June 27, 2020 9:34 PM IST
ബ്രസല്‍സ്: കൊറോണ വൈറസ് ബാധയെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് രൂപീകരിച്ച രക്ഷാ പാക്കേജ് സംബന്ധിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ പാക്കേജിനോട് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഗ്രാന്‍റുകളല്ല, വായ്പകളാവണം പാക്കേജിന്‍റെ അടിസ്ഥാനമെന്ന് ഈ നാലു രാജ്യങ്ങളും വാദിച്ചു.

അതേസമയം, ജര്‍മനിയും ഫ്രാന്‍സും പാക്കേജ് ഈ രൂപത്തില്‍ തന്നെ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പാക്കേജിന് അടിസ്ഥാനം വായ്പകള്‍ക്കു പകരം ഗ്രാന്‍റുകളായാല്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റ് അമ്പത് ശതമാനം വരെ വികസിപ്പിക്കേണ്ടി വരുമെന്നാണ് പാക്കേജിനെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ വാദം.

അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നു എന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല ഫോൺ ഡെര്‍ ലെയന്‍ അഭിപ്രായപ്പെട്ടത്. അടുത്ത ഘട്ടങ്ങളില്‍ ധാരണയിലെത്താന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ജൂലൈ 17, 18 തീയതികളിലാണ് അടുത്ത ഘട്ട ചർച്ച.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ