വത്തിക്കാനിൽ പതാക പകുതി താഴ്ത്തിക്കെട്ടി
Thursday, April 2, 2020 2:01 AM IST
റോം: ഇറ്റലിയിലും ലോകമെന്പാടുമുള്ള കൊറോണ വൈറസിന്‍റെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ച വത്തിക്കാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടി.

ഇറ്റലിയിലെയും ലോകത്തിലെയും പകർച്ചവ്യാധിയുടെ ഇരകളോടും അവരുടെ കുടുംബങ്ങളോടും, അതിനായി ഉദാരമായി സമരം ചെയ്യുന്ന എല്ലാവരോടും അതിന്‍റെ അടുപ്പം പ്രകടിപ്പിക്കാനാണ് പതാക താഴ്ത്തിക്കെട്ടിയതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് മരണങ്ങൾ ഉണ്ടായ ഇറ്റലിയുടെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഫ്രാൻസിസ് മാർപാപ്പ യുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

അതേസമയം ഇറ്റലിയിലെ മരണസംഖ്യ വീണ്ടും ഉയർന്നു. ഇതുവരെയായി 13,000 കടന്നു. രോഗബാധിതരുടെ എണ്ണം 1,10,000 കടന്നു. പുതിയ കേസുകളുടെ കാര്യത്തിൽ അൽപ്പം കുറവുണ്ട്.

ബ്രിട്ടൻ

കൊറോണക്കാലം ആയതിനാൽ യുകെയിലെ എൻഎച്ച്എസിൽ ജോലിചെയ്യുന്ന വിദേശ ജീവനക്കാർക്ക് വീസ പുതുക്കാൻ പണം നൽകേണ്ടിതില്ലെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. എൻഎച്ച് എസിൽ ജോലി ചെയ്യുന്ന ഡോക്ടേഴ്സിനും നഴ്സുമാർക്കും പാരാമെഡിക്കൽ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും. ഫ്രീയാക്കിയത് വിദേശ ജീവനക്കാരോടുള്ള നന്ദിയാണെന്നും പ്രീതി പട്ടേൽ പറഞ്ഞു. യുകെയിൽ സ്ഥിതി വീണ്ടും വഷളാവുകയാണ്. രോഗബാധിതരുടെ എണ്ണം 30,000 ഓട് അടുക്കുന്നു. അവിടെ ഒരു 19 കാരിയും 12 കാരനും ഉൾപ്പടെ മരണം 2352 ആയി.

സ്വിറ്റ്സർലൻഡിൽ ആകെ മരണം 461 ആയി.രോഗബാധിതരുടെ എണ്ണം 17000 കടന്നു. ബെൽജിയം 828 പേർ മരിച്ചു. രോഗം ബാധിച്ചവർ 13,000 കടന്നു.

യൂറോപ്പിനെ ഞെട്ടിച്ചുകൊണ്ട് ബെൽജിയത്ത് പന്ത്രണ്ടു വയസ്‌സുകാരി കൊറോണ വൈറസ് മൂലം മരിച്ചു. കൊറോണ ബാധിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ മരണമാണിത്.

കുട്ടിക്കു മുന്പ് മൂന്നു ദിവസമായി പനി ഉണ്ടായിരുന്നു. പനിയെത്തുടർന്ന് കുട്ടിയുടെ അവസ്ഥ പെട്ടെന്ന് വഷളായി.ബെൽജിയത്ത് കോവിഡ് 19 ബാധിച്ച ഒൗദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,000 ഓട് അടുക്കുന്നു. വൈറസ് മൂലമുണ്ടായ മരണം 828 ൽ എത്തി.

സ്പെയിൻ

സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 9,000 കടന്നു.പുതിയതായി 589 മരണമാണ് ഇവിടെയുണ്ടായിരിയ്ക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 1,02,000 കടന്നു. ഫ്രാൻസിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 52000 കടന്നു. ആകെ മരണം 3500 ൽ അധികമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ