കോവിഡ് 19: കടുത്ത നടപടികളുമായി ജർമനി; രണ്ടിലധികം ആളുകളുടെ കൂട്ടം നിരോധിച്ചു
Monday, March 23, 2020 9:11 PM IST
ബർലിൻ: കൊറോണ വൈറസ് പകർച്ചയെ ശക്തമായി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജർമനി കടുത്ത നടപടികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജർമനിയിൽ രണ്ടിലധികം ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. കൊളോണിൽ നേരത്തെ തന്നെ ഈ നിയമം നടപ്പിലാക്കിയിരുന്നു.

എന്നാൽ കുടുംബങ്ങളെയും ഒരേ വീട്ടിൽ താമസിക്കുന്നവരെയും പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സൂപ്പർമാർക്കറ്റുകളിലും മറ്റു അതാവശ്യ സ്ഥാപനങ്ങളിലും എത്തുന്ന ആളുകൾ തമ്മിൽ 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ അകലം പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ നടപടികൾ പോലീസും മറ്റു നിയമപാലകരും നിരീക്ഷിക്കും. കൂടാതെ റസ്റ്ററന്‍റുകൾ, ഹെയർ സ്റ്റയിൽ സെന്‍ററുകൾ, റ്റാറ്റൂ തുടങ്ങിയ സൗന്ദര്യ വർധിത സെന്‍ററുകൾ, മസ്‌സാജ് സെന്‍ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിനും വിലക്കുണ്ട്.

സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ തുടങ്ങി അത്യാവശ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഡെലിവറി സർവീസ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കൂടുതൽ കടകളും തുറക്കുന്നത് വ്യാപകമാക്കിയിട്ടുണ്ട്. ഫുഡ് ഡെലിവറി ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദമുണ്ട്.നിയമം ലംഘിക്കുന്നവർക്ക് നേരത്തെ നിലവിലുള്ള പിഴയായ 25,000 യൂറോ വരെയാകാമെന്നും നിയമത്തിൽ പറയുന്നുണ്ട്.

ചാൻസലർ ആംഗല മെർക്കൽ ഫെഡറൽ രാജ്യത്തെ 16 സംസ്ഥാന മുഖ്യ മന്ത്രിമാരുമായി നടത്തിയ ടെലിഫോണ്‍ കോണ്‍ഫറൻസിനെ തുടർന്നു മാർച്ച് 23 മുതലാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് പുതിയ ചട്ടങ്ങളുടെ നിയമസാധുത വേണമെങ്കിൽ നീട്ടാനും സാധ്യതയുണ്ട്.

കൊറോണ വൈറസ് ബാധ അനിയന്ത്രതമായി പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പൂർണമായും ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ബവേറിയ, സാർലാന്‍റ്, ബാഡൻ വ്യുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങൾ വാരാന്ത്യത്തിലേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 16 സ്റ്റേറ്റുകളും കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനോടു പൂർണസഹകരമാണ് ജർമൻ ജനത പ്രകടിപ്പിക്കുന്നത്.

ഇതുവരെയായി ജർമനിയിൽ 27,181 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 113 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടത്. 422 പേർ രോഗവിമുക്തി നേടിയതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ജർമനിയിൽ ശരാശരി 35 നും 59 നും ഇടയിൽ പ്രായമുള്ളവരെയാണ് വൈറസ് ബാധിച്ചിട്ടുള്ളത്. എന്നാൽ 15 നും 34 നും ഇടയിലുള്ള യുവജനതെയും ബാധിച്ചിട്ടുണ്ടെന്ന് ബർലിനിലെ റോബർട്ട് കോഹ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിൽ വ്യക്തമാക്കുന്നു.

പൊതുസ്ഥലങ്ങളെല്ലാം തീർത്തും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ബവേറിയയിൽ അപൂർവമായി ചില ലോക്ക്ഡൗണ്‍ ലംഘനങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കോവിഡ് 19 ന്‍റെ ഭീകരത ജനങ്ങൾ ഏറെ മനസിലാക്കിയെന്നാണ് രാജ്യത്തെ പൊതുജീവിതം പ്രതിഫലിപ്പിക്കുന്നത്. ഇതുവരെ ജർമനിയിലെ മലയാളികളിൽ ആർക്കും തന്നെ കോവിഡ് 19 ബാധ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലായതു മുതൽ ഒട്ടനവധി യുവ നഴ്സുമാർ ജർമനിയിൽ കുടിയേറി ആതുരസേവനം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ ഇക്കോണമിയുടെ കാലത്തും കറൻസി നോട്ടുകളുടെ ഉപയോഗം കാര്യമായി തന്നെ തുടർന്ന ജർമനിക്കാരുടെ ശീലത്തിനും നിയന്ത്രണകാലത്ത് മാറ്റം വന്നിട്ടുണ്ട്. ആകെ പണമിടപാടുകളിൽ അന്പതു ശതമാനം വളരെ പെട്ടെന്നു തന്നെ കാർഡുകളിലൂടെയായി. കൊറോണകാലത്തിനു മുൻപ് ഇത് 35 ശതമാനം മാത്രമായിരുന്നു. ജർമനിയിൽ കൊറോണ വൈറസ്ബാധ പ്രതിസന്ധികൾ നേരിടാൻ സൈന്യത്തെയും സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.

രോഗികളെ ചികിത്സിക്കുന്നതു മുതൽ, ഗതാഗത സംവിധാനം ഒരുക്കുന്നതിനും പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും സഹായിക്കുന്നതിനു വരെ സൈന്യത്തിന്‍റെ സേവനം ഉപയോഗപ്പെടുത്തുകയാണ്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ജർമനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് ബാധയെന്ന് ചാൻസലർ ആംഗല മെർക്കൽ നേരത്തെ പറഞ്ഞിരുന്നു. ഈ പതിസന്ധി മറികടക്കുന്നതിന് ഓരോ പൗരൻമാരും അവരാൽ കഴിയുന്നതു ചെയ്യണമെന്നും മെർക്കൽ ആഹ്വാനം ചെയ്തിരുന്നു. ആരോഗ്യ മേഖലയുടെ പ്രവർത്തനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമാണ് ജർമനിക്കുള്ളത്. എല്ലാ നടപടികളും എടുത്തു കഴിഞ്ഞു.നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവരുടെ വിശ്വാസ പൂർണമായ സേവനത്തിന് രാജ്യം നന്ദി അറിയിച്ചു.

ജർമൻ ചാൻസലർ ആംഗല മെർക്കൽ ക്വാറന്‍റൈനിൽ

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിനെ(65) ഹൗസ് ക്വാറന്‍റൈനിൽ സ്വയം പ്രതിരോധം തീർത്തു. കൊറോണ ബാധയെ നേരിടാൻ ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾക്കായി പത്രസമ്മേളനവും നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെർക്കൽ ഹൗസ് ഡോക്ടറെ സന്ദർശിച്ചിരുന്നു. ഇപ്പോൾ ഡോക്ടർക്ക് കോവിഡ് 19 പോസിറ്റീവായതിനെ തുടർന്നാണ് മെർക്കൽ ഹൗസ് ക്വാറന്‍റൈനിൽ ആയതെന്ന് സർക്കാർ വക്താവ് സ്റ്റെഫെൻ സൈബർട്ട് അറിയിച്ചു. അടുത്ത രണ്ടാഴ്ച മെർക്കൽ കാര്യങ്ങൾ ഒൗദ്യോഗിക വസതിയിൽ വെച്ചായിരിയ്ക്കും നിർവഹിക്കുക.

മെർക്കലിന്‍റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ്. വരും ദിവസങ്ങളിൽ സാന്പിളുകൾ എടുത്തു കൂടുതൽ പരിശോധന നടത്തുമെന്നും വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബർലിൻ സൂപ്പർമാർക്കറ്റിലെത്തിയ മെർക്കൽ കാർഡ് ഉപയോഗിച്ചാണ് പെയ്മെന്‍റ് നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുന്പ് ധനമന്ത്രി ഒലാഫ് ഷോൾസ് കൊറോണ സംശയത്തെ തുടർന്ന് ക്വാറന്‍റൈൻ എടുത്തിരുന്നു. പിന്നീടുള്ള പരിശോധനയിൽ കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

കൊറോണ വൈറസ് പോരാട്ടത്തിന് ബൃഹത്തായ സാന്പത്തിക പാക്കേജ്

കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ ജർമനി 822 ബില്യണ്‍ യൂറോയുടെ സാന്പത്തിക സഹായ പാക്കേജ് ആസൂത്രണം ചെയ്തു. കൊറോണ വൈറസ് പോരാട്ടത്തിൽ സാന്പത്തിക പിന്തുണാ പാക്കേജിന് മെർക്കൽ മന്ത്രിസഭ അനുമതി നൽകി. ഇതിനായി 156 ബില്യണ്‍ യൂറോ കടമെടുത്തത്. ഇത് കൊറോണമൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾ, വാടകക്കാർ, ജീവനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, കന്പനികൾ എന്നിവരെ സഹായിക്കാനാണ്.

സർക്കാർ വായ്പയെടുക്കുന്നതിലും നേരിട്ടുള്ള ദൂരവ്യാപകമായ വായ്പ ഗാരന്‍റികളും അടങ്ങുന്ന ധനസഹായത്തോടെ, കന്പനികളെയും തൊഴിലാളികളെയും ജീവനക്കാരെയും സഹായിക്കുന്നതിനുള്ള നടപടികളുമാണ് മന്ത്രിസഭ തീരുമാനിച്ചത്.

ചെറുകിട ബിസിനസുകളെ സഹായിക്കാൻ 50 ബില്യണ്‍ ഡോളറും പകർച്ചവ്യാധിയെ ചെറുക്കുന്നതിന് 55 ബില്യണ്‍ ഡോളറും ഉൾപ്പെടെ 122 ബില്യണ്‍ ഡോളർ നേരിട്ടുള്ള ചെലവിൽ, ജർമനി തൊഴിലാളികൾക്കും കന്പനികൾക്കുമായി ഒരു സംരക്ഷണ കവചമാണ് ഒരുക്കുന്നത്.

കന്പനികൾക്കുള്ള വായ്പകൾക്കായി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ബാങ്ക് കെ.എഫ്.ഡബ്ല്യു വഴി മൊത്തം 822 ബില്യണ്‍ ഡോളർ ഗ്യാരൻറി സർക്കാർ വാഗ്ദാനം ചെയ്യുമെന്നും അതുപോലെ തന്നെ കുറഞ്ഞ സമയങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ടോപ്പ്അപ്പ് വേതനം പോലുള്ള സാമൂഹിക പരിപാടികൾ വ്യാപിപ്പിക്കുമെന്നും സർക്കാർ അർത്ഥമാക്കുന്നുണ്ട്.ഇതിനായി ആഴ്ചാവസാനത്തോടെ പാർലമെന്‍റിന്‍റെ ഇരുസഭകളും ചേർന്ന് പച്ചക്കൊടി കാണിക്കുമെന്നാണ് ഭരണശക്ഷിയുടെ പ്രതീക്ഷ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ