ബ്രിട്ടൻ പുതിയ കുടിയേറ്റനയം ഉടൻ പുറത്തിറക്കും
Saturday, February 15, 2020 9:51 PM IST
ലണ്ടൻ: ബ്രെക്സിറ്റിനും മന്ത്രിസഭാ പുന:സംഘടനയ്ക്കുശേഷം ബ്രിട്ടനിലെ കുടിയേറ്റനയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയാറെടുക്കുന്നു.യൂറോപ്യൻ യൂണിയനെയും മറ്റിതര രാജ്യങ്ങളെയും പരിഗണിച്ചുള്ള കുടിയേറ്റ പരിഷ്ക്കരണ നയമാണിത്.2021 ജനുവരി ഒന്നു മുതലാവും ഇതു നടപ്പിലാവുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതനുസരിച്ച് യൂറോപ്യൻ യൂണിയനിലുള്ള രാജ്യക്കാർക്ക് ബ്രിട്ടനിലേക്ക് കുടിയേറ്റം അനുവദിക്കണമെങ്കിൽ അവർക്ക് കുറഞ്ഞത് പ്രതിവർഷം 23,000 പൗണ്ട് ശന്പളത്തോടുകൂടിയ ജോബ് ഓഫർ ഉണ്ടായിരിക്കണം. എന്നാൽ ഇയു രാജ്യങ്ങളിൽപ്പെടാതെയുള്ളവർക്ക് പ്രതിവർഷം കുറഞ്ഞത് 25,600 ശന്പള പരിധിയായ സ്കിൽഡ് ജോബ് ഓഫർ ഉണ്ടെങ്കിലേ കുടിയേറ്റം സാദ്ധ്യമാവു. ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബോറിസ് നടത്തിയ വാഗ്ദാനങ്ങളിലൊന്നാണ് ഈ കുടിയേറ്റനയ പരിഷ്കരണം.

വിലകുറഞ്ഞതും വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്‍റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനമാണ് ബോറിസ് ലക്ഷ്യം വയ്ക്കുന്നത്.

എല്ലാ കുടിയേറ്റക്കാർക്കും യൂറോപ്യൻ യൂണിയനോ മറ്റു രാജ്യങ്ങളോ ഏതായാലും ഒരു തൊഴിൽ ഓഫർ നടത്തേണ്ട തുണ്ട്.രാജ്യത്തേക്ക് പ്രവേശനം സാധ്യമാകണമെങ്കിൽ ജോബ് ഓഫർ നിർബന്ധമായും ഉണ്ടായിരിക്കണം.

ഇതോടൊപ്പം ഷോർട്ടേജ് ഓക്കുപ്പേഷൻ ലിസ്റ്റിൽപ്പെട്ട തൊഴിലിനും യുകെയിൽ നിന്നുള്ള ബിരുദത്തിനും ഇംഗ്ളീഷ് വിജ്ഞാനത്തിനും പ്രത്യേക പരിഗണന നൽകിയുള്ള പോയിന്‍റ് ബേസ്ഡ് സിസ്റ്റമായിരിയ്ക്കും ഭാവിയിൽ ഉണ്ടാവുക.

തൊഴിൽ ക്ഷാമം നേരിടുന്ന മേഖലയിൽ വിദഗ്ധരെ ലഭിക്കാൻ കൂടുതൽ പോയിന്‍റുകൾ നൽകും.യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്ക് ഈ വിഭാഗത്തിൽ 70 പോയിന്‍റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കാബിനറ്റിൽ മന്ത്രിമാരുമായുള്ള ആദ്യ ചർച്ചയിൽ ബോറിസ് ജോണ്‍സണും സംഘവും പുതിയ ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്‍റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനത്തിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ട്. ഇതാവട്ടെ പ്രതിവർഷം 23,000 പൗണ്ടിൽ താഴെ വരുമാനം ലഭിക്കുന്ന ഏതൊരു യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാരനെയും പിന്നോട്ടടിച്ച് രാജ്യത്തേയ്ക്കുള്ള വരവ് അവസാനിപ്പിക്കുന്നതിനുള്ള കടുത്ത നിബന്ധനയാവും.

അതുകൊണ്ടുതന്നെ യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്ന കുറഞ്ഞ വിദഗ്ധ തൊഴിലാളികളുടെ(ലോ സ്കിൽഡ്) എണ്ണം പ്രതിവർഷം 90,000 ആയി കുറയ്ക്കാമെന്നും പുതിയ സിസ്റ്റം പ്രതീക്ഷിക്കുന്നു.

മിക്ക കേസുകളിലും വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് പ്രതിവർഷം 25,600 പൗണ്ടിൽ കൂടുതൽ ശന്പളം ലഭിക്കാറുണ്ട്. എന്നാൽ നിലവിൽ വൈദഗ്ധ്യം കുറഞ്ഞ ലേബലിൽ യൂറോപ്യൻ യൂണിയനിൽ നിന്നും കുത്തനെയുള്ള കുടിയേറ്റം നടന്നിരുന്നതിന് തടയിടാനാണ് ഈ പരിധിയും ജോബ് ഓഫറും നിർബന്ധമാക്കിയിരിയ്ക്കുന്നത്.

അതിനാൽ കുടിയേറ്റക്കാർ എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിന് പോയിന്‍റുകൾ നൽകാനും വ്യവസ്ഥയുണ്ട്. ചില സാഹചര്യങ്ങളിൽ, 23,000 പൗണ്ടിൽ കുറഞ്ഞ വേതനം ലഭിക്കുന്ന കുടിയേറ്റക്കാർക്ക് അവരുടെ കഴിവുകൾ അനുസരിച്ച് വീസ അനുവദിക്കാം.

എല്ലാ കുടിയേറ്റക്കാർക്കും സുരക്ഷിതമായ തൊഴിൽ ഓഫർ ആവശ്യമാണ്, കുറവുള്ള പ്രദേശങ്ങൾക്ക് കൂടുതൽ പോയിന്‍റുകൾ നൽകും. ഉയർന്ന വിദ്യാഭ്യാസമുള്ളവർ, അല്ലെങ്കിൽ യുകെയിൽ വിദ്യാഭ്യാസം നേടിയവർ എന്നപരിഗണനയിൽ അവരും കൂടുതൽ പോയിന്‍റുകൾ നേടും. യുകെയിൽ വിദ്യാഭ്യാസം നേടുന്നവർക്ക് അധിക പോയിന്‍റുകൾ നേടാനും കഴിയും, ഇത് വിദേശ വിദ്യാർത്ഥികൾക്ക് ഈ രാജ്യത്ത് പഠിക്കാൻ ഒരു പ്രോത്സാഹനം നൽകുന്നു.

ഈ സംവിധാനം ലളിതവും മികച്ചതും രാജ്യങ്ങൾ തമ്മിലുള്ള വിവേചനപരമല്ലാത്തതുമാണ്, മാത്രമല്ല കുടിയേറ്റത്തിന്‍റെ ജനാധിപത്യ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് തിരികെ നൽകുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.

ലോകമെന്പാടുമുള്ള പ്രതിഭകൾക്കായി യുകെ തുടർന്നും സ്വാഗതം ചെയ്യുന്നതായി ഞങ്ങൾ തെളിയിക്കുകയാണന്ന് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു. എന്നാൽ പുതിയ സന്പ്രദായം വിലകുറഞ്ഞതും കുറഞ്ഞ വൈദഗ്ധ്യമുള്ളതുമായ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും ബോറിസ് കൂട്ടിച്ചേർത്തു.

ജോണ്‍സണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും പുതിയ പോയിന്‍റ് അധിഷ്ഠിത സംവിധാനത്തിന്‍റെ ചട്ടക്കൂട് അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഓരോ വർഷവും യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം 90,000 കണ്ട് കുറയ്ക്കുമെന്ന നിർദ്ദേശങ്ങൾ ഹോം ഓഫീസ് വിശകലനം ചെയ്തിരുന്നു. പ്രതിവർഷം 200,000 യൂറോപ്യൻ യൂണിയൻ പൗരന്മാർ സ്വതന്ത്ര നിയമങ്ങൾ പ്രകാരം യുകെയിലേക്ക് വരുന്നുവെന്നാണ് ഏറ്റവും പുതിയ ഒൗദ്യോഗിക കണക്കുകൾ കാണിക്കുന്നത്. അതിനാൽതന്നെ പുതിയ നിർദ്ദേശങ്ങൾക്ക് ഈ കണക്ക് ഏതാണ്ട് പകുതിയായി കുറയ്ക്കാനാവും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

അടുത്ത വർഷം ജനുവരി ഒന്നിന് പ്രാബല്യത്തിലാവുന്ന പുതിയ പോയിന്‍റ് അധിഷ്ഠിത സംവിധാനം യൂറോപ്യൻ യൂണിയനിൽ നിന്നോ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നോ എത്തുന്ന കുടിയേറ്റക്കാർക്ക് ബാധകമാകും.ഈ വർഷാവസാനം തന്നെ ലളിതമായ സംവിധാനത്തിലൂടെ പിഴവുകൂടാതെ നിയമം ഏർപ്പെടുത്തുന്നതിനാണ് ഹോം ഓഫീസ് പരിശ്രമിക്കുന്നത്.

ലണ്ടനു പുറത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരായ തൊഴിലാളികൾക്ക് അധിക പോയിന്‍റുകൾ നൽകുന്ന സാധ്യമായ പരിഷ്കാരങ്ങൾ പരിഗണിച്ച് മന്ത്രിമാർ വിഷയങ്ങൾ വീണ്ടും ചർച്ച നടത്തും. യുകെയിൽ വിദ്യാഭ്യാസം നേടുന്നവർക്ക് ഇത്തരം അധിക പോയിന്‍റുകൾ നേടാനും കഴിയും, ഇത് വിദേശ വിദ്യാർഥികൾക്ക് ഈ രാജ്യത്ത് പഠിക്കാൻ ഒരു പ്രോത്സാഹനം നൽകുന്നു.

പരിചരണ ജോലികൾ, നിർമാണം തുടങ്ങിയ കുറവുള്ള തൊഴിലുകൾക്കുള്ള ഹ്രസ്വകാല വീസ പദ്ധതികളും സർക്കാർ പരിഗണിക്കും, എന്നിരുന്നാലും വിദേശത്തു നിന്നുള്ള കുറഞ്ഞ തൊഴിലാളികളെ ആശ്രയിക്കാതെ ഗാർഹിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് രാജ്യത്തെ പൗരന്മാരിൽ സമ്മർദ്ദം ചെലുത്താൻ മന്ത്രിമാർ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ഇന്ത്യയുൾപ്പടെയുള്ള യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഏറ്റവും കുറഞ്ഞത് 30,000 പൗണ്ട് വേതനം ലഭിക്കണമന്നെ നിബന്ധനയുണ്ട്. എന്നാൽ പുതിയ വ്യവസ്ഥയിൽ 25600 ആക്കി കുറച്ചത് ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ