ഇന്ത്യൻ വംശജനായ റിഷി സുനാക് ബ്രിട്ടനിൽ ധനമന്ത്രി
Thursday, February 13, 2020 10:25 PM IST
ലണ്ടന്‍: ഇന്ത്യൻ വംശജനായ റിഷി സുനാകിനെ ബ്രിട്ടനില്‍ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയമിച്ചു. ട്രഷറി ചീഫ് സെക്രട്ടറിയായിരുന്ന റിഷി സുനാക് മന്തിസഭയില്‍ ഇതോടെ രണ്ടാമനായി. 2018 ല്‍ ഏഴുമാസം ഭവനമന്ത്രിയായിരുന്നു .

മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് വില്യം ഹേഗിനു പകരമായി 2015 ല്‍ നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ടിന്‍റെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട റിഷി, ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ജോണ്‍സണ്‍ പക്ഷത്തു നിന്ന് ബ്രക്സിറ്റിനുവേണ്ടി ചര്‍ച്ചകളില്‍ വാദിച്ചിരുന്നു.

39 കാരനായ സുനാക് വിന്‍ചെസ്ററര്‍ കോളജ്,ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. ഓക്സ്ഫോര്‍ഡിലെ ലിങ്കണ്‍ കോളജില്‍ ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് (പിപിഇ), പിന്നീട് സ്ററാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടി. ബിരുദാനന്തര ബിരുദത്തിനു ശേഷം നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ചിലും പിന്നീട് ഹെഡ്ജ് ഫണ്ട് മാനേജ്മെന്‍റ് സ്ഥാപനമായ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് മാനേജ്മെന്റിലും പങ്കാളിയായി.

ഇന്ത്യയില്‍നിന്നും ബ്രിട്ടനിലെ സൗത്താംപ്റ്റണിലേക്ക് കുടിയേറിയതാണ് റിഷിയുടെ കുടുംബം. പിതാവ് ഡോക്ടറാണ്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ