മലങ്കര കത്തോലിക്കാ സഭാ ഗോസ്പൽ മിനിസ്ട്രി ടീം രൂപീകരണ പരിശീലനം
Thursday, February 13, 2020 7:01 PM IST
ലണ്ടൻ: സുവിശേഷ പ്രചാരണത്തിന് ശക്തി പകരുന്നതിനും സുവിശേഷ ജീവിത ശൈലി പകർന്നു നൽകുന്നതിനുമായി യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം ഗോസ്പൽ മിനിസ്ട്രി ടീം സുവിശേഷ സംഘം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 14, 15, 16 തീയതികളിൽ ലണ്ടനിൽ പ്രത്യേക പരിശീലനം ക്രമീകരിച്ചിരിക്കുന്നു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സെന്‍റ് ആൻഡ് മാർ ഇവാനിയോസ് സെന്‍ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം ഡയറക്ടർ ഡോ. ആന്‍റണി കാക്കനാട്ട് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. സഭയിലെ വൈദികരും മിഷൻ കേന്ദ്രങ്ങളിൽ നിന്നും റജിസ്റ്റർ ചെയ്ത അംഗങ്ങളും സംബന്ധിക്കും.

2012 ജനുവരിയിൽ സഭാ പിതാക്കന്മാരുടെ പരിശുദ്ധ സുന്നഹദോസിന്‍റെ തീരുമാനപ്രകാരം രൂപീകൃതമായതാണ് സുവിശേഷ സംഘം. ഗോസ്പൽ മിനിസ്ട്രി ടീം സഭയുടെ നവീകരണ പ്രസ്ഥാനമായി ഇന്നു സുവിശേഷ സംഘം പ്രവർത്തിക്കുന്നു.

മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ ജീവിതത്തിന്‍റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് സുവിശേഷം ജീവിക്കുകയും പങ്കുവയ്ക്കുയും ആഘോഷിക്കുകയും ചെയ്യുന്ന ജീവിത ശൈലിയാണ് സുവിശേഷ സംഘം വിഭാവനം ചെയ്യുന്നത്. കൃത്യമായ കൈവയ്പു നൽകി സഭാ ശുശ്രൂഷയ്ക്കായി നിയോഗിക്കുന്നു. ഡോ. ആന്‍റണി കാക്കനാട്ട് സുവിശേഷ സംഘം സഭാതല ഡയറക്ടറായി ശുശ്രൂഷ ചെയ്യുന്നു.