കൊറോണവൈറസ്: യൂറോപ്പില്‍ ഉത്പാദനം നിര്‍ത്തേണ്ടി വരുമെന്ന് ഫിയറ്റ്
Friday, February 7, 2020 10:03 PM IST
ബര്‍ലിന്‍: കൊറോണ വൈറസ് ഭീതി യൂറോപ്യന്‍ കാര്‍ നിര്‍മാണ മേഖലയെയും ബാധിക്കുന്നു. നാലാഴ്ചയ്ക്കുള്ളില്‍ യൂറോപ്പിലെ ഒരു പ്ളാന്‍റില്‍ ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ഫിയറ്റ് ക്രിസ്ളര്‍.

ചൈനയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനം മുടങ്ങുന്നതും സ്പെയര്‍ പാര്‍ട്ട്സിന്‍റെ വരവ് കുറയുന്നതും യൂറോപ്പിലെ കാര്‍ നിര്‍മാണ മേഖലയെ ബാധിക്കാനിടയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഇതാദ്യമാണ് ഒരു സ്ഥാപനം ഇതു സ്ഥിരീകരിക്കുന്നത്.

ഘടകങ്ങളുടെ ലഭ്യത കുറയുന്നതു കാരണമാണ് ഉത്പാദനം നിര്‍ത്തിവയ്ക്കാൻ നിര്‍ബന്ധിതമാകുന്നതെന്ന് ഫിയറ്റ് ചീഫ് എഖ്സിക്യൂട്ടിവ് മൈക്ക് മാന്‍ലി പറഞ്ഞു. രണ്ടര ആഴ്ച വരെ പ്ളാന്‍റ് പൂട്ടിയിടേണ്ടി വരും. എന്നാല്‍, ഏതു പ്ളാന്‍റിന്‍റെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

നിസാന്‍, ജനറല്‍ മോട്ടോഴ്സ്, ഹോണ്ട, റെനോ, പീജ്യറ്റ് തുടങ്ങിയവയ്ക്കും ചൈനയില്‍ സുപ്രധാന യൂണിറ്റുകളുണ്ട്. അതില്‍ പലതും കൊറോണവൈറസ് ബാധയുടെ ഉറവിടമെന്നു കരുതപ്പെടുന്ന വുഹാനിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ