കടലിലെ ജീവവായുവിന്‍റെ അളവ് കുറയുന്നു
Wednesday, December 11, 2019 12:06 AM IST
മാഡ്രിഡ്: കടലിലെ ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയാണെന്ന് പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനംകാരണം ഉയരുന്ന ചൂടും ധാതുമലിനീകരണവുമാണ് ഇതിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ.) ആണ് ഇതു സംബന്ധിച്ച പഠനം പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിട്ടത്.

1960~കളിൽ 45 സമുദ്രഭാഗങ്ങൾ മാത്രമാണ് ഓക്സിജൻ ശോഷണം നേരിട്ടിരുന്നതെങ്കിൽ ഇന്നിത് 700 ഭാഗങ്ങളിലേക്ക് വ്യാപിച്ചു. വ്യാവസായിക, കാർഷിക മേഖലകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന നൈട്രജനും ഫോസ്ഫറസും കലർന്ന് സമുദ്രജലത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നെന്നത് നേരത്തേ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും ഓക്സിജന്‍റെ അളവിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നത് പുതിയ കണ്ടെത്തലാണ്.

കാർബണ്‍ ഡയോക്സൈഡ് വർധിച്ച് ഹരിതഗൃഹ പ്രഭാവത്തിന്‍റെ ഫലമായുണ്ടാകുന്ന അധികചൂട് കടലിലാണ് ശേഖരിക്കപ്പെടുക. ഇങ്ങനെ ചൂടധികമുള്ള കടൽജലത്തിന് ഓക്സിജൻ ത·ാത്രകളെ സൂക്ഷിക്കാനുള്ള കഴിവ് പതിയെ നഷ്ടപ്പെടും. 1960 മുതൽ 2010 വരെയുള്ള കാലയളവിൽ കടലിലെ ഓക്സിജൻ വാതകത്തിന്‍റെ ലയിക്കുന്ന തോത് രണ്ടുശതമാനം കുറഞ്ഞു. ചില മേഖലകളിൽ ഇത് 40 ശതമാനമാണ്.

കടലിലെ സസ്യജന്തു ജീവജാലങ്ങളെയാണ് ഈ മാറ്റം ഗുരുതരമായി ബാധിക്കുക. കൂടുതൽ ഓക്സിജൻ ആവശ്യമുള്ള സ്രാവ്, ട്യൂണ, മാർലിൻ എന്നീ മത്സ്യങ്ങൾക്കാണ് കൂടുതൽ ഭീഷണി. ക്രമേണ കൂടുതൽ ഓക്സിജനുവേണ്ടി ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് മത്സ്യങ്ങൾ നീങ്ങുകയും ഇത് ഇവയുടെ വൻതോതിലുള്ള നാശത്തിനിടയാക്കുകയും ചെയ്യും.

ജന്തുജാലങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും ശോഷണം തടയാൻ അടിയന്തരമായ നടപടികൾ വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പരമാവധി നിയന്ത്രിച്ചും കാർഷികമേഖലയിൽനിന്നുള്ള മൂലകങ്ങൾ വഴിയുള്ള മലിനീകരണം കുറച്ചും മഹാവിപത്തിൽനിന്നും സമുദ്രങ്ങളെ രക്ഷിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ