മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍
Wednesday, December 4, 2019 9:58 PM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാന്പ് സ്ഥിതി ചെയ്തിരുന്ന പോളണ്ടിലെ ഓഷ്വിറ്റ്സില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും. പതിനാലു വര്‍ഷത്തെ തന്‍റെ ഭരണകാലത്തിനിടെ ആദ്യമായാണ് മെര്‍ക്കല്‍ ഇവിടെയെത്തുന്നത്.

ജൂത വിരുദ്ധത ജര്‍മനിയില്‍ ഒരിക്കല്‍ക്കൂടി ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് ചാന്‍സലറുടെ സന്ദര്‍ശനം എന്നതും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. 1945 ജനുവരി 27നാണ് സോവ്യറ്റ് സൈന്യം ഈ ക്യാന്പില്‍ നിന്നും തടവുകാരെ മോചിപ്പിച്ചത്. അതിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം കൂടി കണക്കിലെടുത്താണ് മെര്‍ക്കലിന്‍റെ സന്ദര്‍ശനം.

സന്ദര്‍ശനത്തിനു മുന്‍പു തന്നെ ജര്‍മന്‍ ഫെഡറല്‍ സ്റ്റേറ്റുകള്‍ ഓഷ്വിറ്റ്സ് ബിര്‍കെനോ ഫൗണ്ടേഷന് അറുപതു മില്യൺ യൂറോയുടെ സംഭാവന അംഗീകരിക്കുമെന്നാണ് കരുതുന്നത്.

മെര്‍ക്കലിന്‍റെ സന്ദര്‍ശനത്തില്‍ പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മോറാവീക്കിയും ക്യാന്പില്‍ നിന്നു ജീവനോടെ പുറത്തു വന്ന ഒരാളും അനുഗമിക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍