ഇയു കമ്മീഷന്‍ പ്രസിഡന്‍റ് ജുങ്കര്‍ പടിയിറങ്ങി
Saturday, November 30, 2019 9:31 PM IST
ബ്രസല്‍സ്: യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ക്ളോദ് ജുങ്കര്‍ തന്‍റെ അവസാന ദിവസം പൂര്‍ത്തിയാക്കി പടിയിറങ്ങി. വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നിരവധി നടത്തിയിട്ടുള്ള അദ്ദേഹം അവസാന ദിവസവും പതിവു തെറ്റിച്ചില്ല. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയന്‍റെ പ്രശസ്തി വര്‍ധിച്ചു എന്നാണ് അവസാനത്തെ പരാമര്‍ശം.

അഞ്ചു വര്‍ഷത്തെ കാലാവധി തികച്ചു പടിയിറങ്ങിയ ജുങ്കര്‍ക്കു പകരം ജര്‍മനിയില്‍ നിന്നുള്ള ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ ഡിസംബര്‍ ഒന്നിനു ചുമതല ഏറ്റെടുക്കും. യൂറോപ്യന്‍ പാര്‍ലമെന്‍റ് കഴിഞ്ഞ ജൂലൈലാണ് ലെയെനെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.751 എംപിമാരാണ് യൂറോപ്യന്‍ പാര്‍ലമെന്‍റിലുള്ളത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നത് തന്‍റെ ഹൃദയം തകര്‍ക്കുകയാണെന്നും ജുങ്കര്‍ പറഞ്ഞു. യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരുടെ പ്രേമലേഖനങ്ങള്‍ കൊണ്ട് തന്‍റെ ഇന്‍ബോക്സ് നിറയുകയാണെന്നൊരു കൂട്ടിച്ചേര്‍ക്കലും.

ലക്സംബര്‍ഗ് പ്രധാനമന്ത്രിയായിരുന്ന ജുങ്കര്‍ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് യൂറോപ്യന്‍ യൂണിയന്‍ തലപ്പത്ത് മായാത്ത മുദ്ര പതിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍